

പന്ത്രണ്ട് അപ്പസ്തോലമാരുടെ തിരുനാളിനോടനുബന്ധിച്ചാണ് ഈ വേദഭാഗം വീണ്ടും നാം വിചിന്തനവിധേയമാക്കുന്നത്. ഇവിടെ, ഓരോ അപ്പസ്തോലന്മാരുടെയും സുവിശേഷവേലയെക്കുറിച്ച് ചെറിയൊരു വിവരണം നൽകാം. ചരിത്രപരമായ തെളിവുകളുടെ അഭാവത്തിൽ പല വിവരണങ്ങളും പാരമ്പര്യങ്ങളുടെയും, ചിലതൊക്കെ ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ തന്നെ, ഒന്നിൽ കൂടുതൽ പാരമ്പര്യങ്ങൾ നിലവിലുള്ളതിനാൽ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്.
പത്രോസ്: അപ്പസ്തോല സംഘത്തലവനും ആദ്യ മാർപാപ്പയുമായ പത്രോസ് അന്ത്യോഖ്യയിലും തുടർന്ന് കോറിന്തോസ് വഴി റോമിലുമെത്തി സുവിശേഷം പ്രസംഗിക്കുകയും നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് എ.ഡി.64-ൽ തലകീഴായി കുരിശുമരണം വരിക്കുകയും ചെയ്തു. റോമിലെ പത്രോസിന്റെ ബസിലിക്കയുടെ ഉള്ളിലാണ് ശവകുടീരം.
അന്ത്രയോസ്: പത്രോസിന്റെ സഹോദരൻ. ഗ്രീക്കുകാരുടെ ഇടയിൽ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു, പെത്രാസ് നഗരത്തിൽ X ആകൃതിയിലുള്ള കുരിശുമരണം. പ്രധാന തിരുശേഷിപ്പ് ഗ്രീസിലെ അമാൽഫി കത്തീഡ്രലിൽ.
വലിയ യാക്കോബ്: സെബദിപുത്രന്മാരിൽ മൂത്തയാൾ. ശിഷ്യന്മാരുടെ ഇടയിലെ ആദ്യ രക്തസാക്ഷി (എ.ഡി.44). സ്പെയിനിന്റെ അപ്പസ്തോലൻ. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇപ്പോൾ സ്പെയിനിലുള്ള സാന്റിയാഗോ കത്തീഡ്രലിലാണ്. ഇന്ന് പ്രസിദ്ധമായ യാക്കോബിന്റെ വഴി തീർത്ഥാടനം ഇവിടേക്കാണ്.
യോഹന്നാൻ: രക്തസാക്ഷിത്വത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരേയൊരു അപ്പോസ്തോലൻ. പത്മൊസ് ദ്വീപിലേക്ക് നാടു കടത്തപ്പെട്ടു. സുവിശേഷത്തിന്റെയും വെളിപാട് പുസ്തകത്തിന്റെയും രചയിതാവ്. നൂറാമത്തെ വയസിൽ മരിച്ച അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം എഫേസൂസിനടുത്താണ്.
ഫിലിപ്പ്: പെന്തക്കോസ്തിക്കു ശേഷം ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ സുവിശേഷപ്രവർത്തനം നടത്തി. തുടർന്ന് ഗ്രീസ്, ഫ്രിജിയ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രസംഗിച്ചതായി പാരമ്പര്യം സാക്ഷിക്കുന്നു. വി. ഫിലിപ്പോസിന്റെ മരണത്തെക്കുറിച്ച് രണ്ട് ഐതീഹ്യങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന്, അദ്ദേഹത്തെ തലകീഴായി ക്രൂശിച്ചുവെന്നും മറ്റൊന്ന് ഹിയറപ്പോലീസ് നഗരത്തിൽ വച്ച് ശിരച്ഛേദം ചെയ്തു എന്നതുമാണ്. അദ്ദേഹത്തിന്റെ തിരുശേഷിപ്പ് റോമിലെ അപ്പോസ്തോലന്മാരുടെ പേരിലുള്ള ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു.
ബർത്തലോമിയോ: ഫിലിപ്പോസ് യേശുവിന് പരിചയപ്പെടുത്തിയ നഥാനിയേലാണ് ബർത്തലോമിയോ. യൂദാ തദ്ദേവൂസിനോടൊത്ത് അർമേനിയായിൽ ഇദ്ദേഹം സുവിശേഷം പ്രസംഗിച്ചു. റോമിലെ വി. ബർത്തലോമിയോയുടെ ബസിലിക്കയിൽ ഇദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.
തോമസ്: ഭാരതത്തിന്റെ അപ്പസ്തോലൻ. എ.ഡി. 52-ല് ഇന്ത്യയിൽ വരികയും വിവിധ പള്ളികൾ സ്ഥാപിക്കുകയും 72-ൽ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ച് അവിടെ അടക്കം ചെയ്യപ്പെടുകയും ചെയ്തു.
മത്തായി: സുവിശേഷ രചയിതാവ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ സുവിശേഷം പ്രസംഗിച്ച് എത്യോപ്യായിൽ വച്ച് രക്തസാക്ഷിത്വം വരിച്ചു. ഇറ്റലിയിലെ സാലെർമോ കത്തീഡ്രലിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നു.
ചെറിയ യാക്കോബ്: കർത്താവിന്റെ സഹോദരൻ എന്നു പറയപ്പെടുന്ന യാക്കോബ്, മറ്റു ശിഷ്യന്മാർ വിവിധ സ്ഥലങ്ങളിൽ പോയപ്പോൾ ജറുസലേം സഭയുടെ തലവനായി അവിടെ സുവിശേഷപ്രവർത്തനം നടത്തുകയും എ.ഡി. 62-ല് യഹൂദാ ഭരണാധികാരികൾ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു. ജറുസലേമിലെ യാക്കോബിന്റെ കത്തീഡ്രലിലും റോമിലെ അപ്പസ്തോലന്മാരുടെ ബസിലിക്കയിലും അദ്ദേഹത്തിന്റ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.
യൂദാ തദേവൂസ്: “അർമേനിയക്കാരുടെ അപ്പോസ്തോലൻ” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കർത്താവിന്റെ സഹോദരന്മാരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നയാൾ. സിറിയ, മെസപ്പൊട്ടാമിയ, ലിബിയ തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയും എ.ഡി.65-ൽ ബയ്റൂട്ടിൽ രക്തസാക്ഷിയായി എന്നും കരുതുന്നു. ഇദ്ദേഹത്തിന്റെ തിരുശേഷിപ്പ് റോമിലെ വി. പത്രോസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു.
ശിമയോൻ: “തീക്ഷ്ണമതിയായ ശിമയോൻ” എന്നറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. തദ്ദേവൂസിന്റെ കൂടെ ബയ്റൂട്ടിൽ സുവിശേഷം പ്രസംഗിച്ച് അവിടെ രക്തസാക്ഷിയായി എന്നും പറയപ്പെടുന്നു. തിരുശേഷിപ്പുകൾ റോമിലെ പത്രോസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു.
മത്തിയാസ്: യൂദാസിനു പകരം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻ. കപ്പഡോസിയായിലും പരിസരപ്രദേശങ്ങളിലും സുവിശേഷം പ്രസംഗിച്ചു. അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ഇറ്റലിയിലെ പാദുവായിലും ജർമ്മനിയിലെ ട്രിയറിലെ വി. മത്തിയാസിന്റെ ദേവാലയത്തിലുമായി സൂക്ഷിച്ചിരിക്കുന്നു.
ഫാ. മാത്യു ചാര്ത്താക്കുഴിയില്