സീറോ മലങ്കര മെയ് 25 യോഹ. 6: 67-69 നിത്യജീവന്റെ വചനങ്ങൾ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

യേശു ജീവന്റെ അപ്പത്തെക്കുറിച്ച് സംസാരിച്ചുകഴിയുമ്പോൾ, ഈ വചനം കഠിനമാണെന്നു പറഞ്ഞുകൊണ്ട് ശിഷ്യന്മാരിൽ പലരും അവിടുത്തെ ഉപേക്ഷിച്ചു പോകുന്നു. തന്റെ പ്രബോധനങ്ങളിൽ വെള്ളം ചേർത്ത് ശിഷ്യന്മാരെ പിടിച്ചുനിർത്തുന്നതിന് യേശുവിന് താത്പര്യമുണ്ടായിരുന്നില്ല. പകരം, തന്റെ കൂടെയുണ്ടായിരുന്നവർക്കു കൂടി യേശുവിനെ അനുഗമിക്കാനോ, വിട്ടുപോകാനോ ഉള്ള വെല്ലുവിളി അവിടുന്നു നൽകുന്നു. വിട്ടുപോയവർ വിസ്മൃതിയിലാണ്ടു പോയപ്പോൾ ഇന്ന് കൂടെ നിന്ന ശിഷ്യന്മാരുടെ പേരുകളും പ്രവർത്തനങ്ങളും നമുക്കറിയാം.

1972 ഒക്ടോബർ 13-ന് ഉറുഗ്വേയുടെ വ്യോമസേനാ വിമാനം അവരുടെ ദേശീയ റഗ്‌ബി കളിക്കാരെയും കുടുബത്തെയും കൊണ്ട് തലസ്ഥാനമായ മോണ്ടവിദേയോയിൽ നിന്നും ചിലിയിലെ സാന്റിയാഗോയിലേക്കുള്ള യാത്രയിലായിരുന്നു. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് ഈ വിമാനം പ്രതികൂല കാലാവസ്ഥയും നിയന്ത്രിച്ചിരുന്ന സഹപൈലറ്റിന്റെ പരിചയക്കുറവും മൂലം 11,710 അടി ഉയരത്തിൽ ആൻഡീസ് പർവ്വതനിരകളിൽ തകർന്നുവീണു. അതിലുണ്ടായിരുന്ന 45 യാത്രക്കാരിൽ 28 പേർ അത്ഭുതകരമായി മരണത്തിൽ നിന്നും രക്ഷപെട്ടു. എഴുപത്തിരണ്ടു ദിവസത്തിനു ശേഷം വീണ്ടും 16 പേരെ ജീവനോടെ രക്ഷപെടുത്തി. മൈനസ് മുപ്പതു ഡിഗ്രി വരെയുള്ള അതിശൈത്യ കാലാവസ്ഥയിലുള്ള അവരുടെ അതിജീവനം ഇന്ന് അറിയപ്പെടുന്നത്, “ആൻഡീസിലെ അത്ഭുതം” (The Miracle of the Andes) എന്നാണ്. ആദ്യ ദിവസങ്ങളിൽ വിമാനത്തിന്റെ സീറ്റിന്റെ തുകലൊക്കെ ഭക്ഷിച്ച് അസുഖബാധിതരായി. അവസാനം ജീവിച്ചിരുന്നവർ ഒരു ഉടമ്പടിയുണ്ടാക്കി. തങ്ങളിൽ മരിക്കുന്നവരുടെ മാംസം മറ്റുള്ളവർ ജീവിക്കുന്നതിനു വേണ്ടി ഭക്ഷിക്കുക. സഹോദരങ്ങളുടെ മാംസം ഭക്ഷിച്ചു ജീവിക്കുന്നതിനേക്കാൾ മരിക്കാനാണ് പലരും ആഗ്രഹിച്ചത്. ഇവരെല്ലാവരും തന്നെ കത്തോലിക്കാ വിശ്വാസികളും ചെയ്യുന്ന പ്രവൃത്തിയുടെ അനന്തരഫലത്തെക്കുറിച്ചും ഇനി ജീവിച്ചാൽ തന്നെ മരിച്ചവരുടെ കുടുംബങ്ങൾക്കുണ്ടാകുന്ന വേദനയെക്കുറിച്ചുമൊക്കെ ബോധവാന്മാരുമായിരുന്നു.

നാൻഡോ പരാഡോയും, ഡോ. റോബർട്ടോ കനേസ്സയും (അന്ന് വൈദ്യശാസ്ത്ര വിദ്യാർത്ഥി) 15,260 അടി പത്തുദിവസം കൊണ്ട് ഒരു സഹായവുമില്ലാതെ മലയിറങ്ങി വന്ന് പറയുമ്പോഴാണ് ഇവരുടെ അതിജീവനകഥ ലോകമറിയുന്നത്. നാൻഡോ “ആൻഡീസിലെ അത്ഭുതം” (2006) എന്ന പേരിലും ഡോ. റോബർട്ടോ “ഞാൻ അതിജീവിക്കേണ്ടിയിരുന്നു” (2016) എന്ന പേരിലും ഈ സംഭവം പുസ്തകമാക്കിയിട്ടുണ്ട്. ഒരു വഴിയുമില്ലാതെ, അവർക്ക് മരിച്ച തങ്ങളുടെ സഹോദരങ്ങളുടെ ശരീരം ഭക്ഷിക്കേണ്ടി വന്നു. ഇന്നും തങ്ങൾ ജീവക്കുന്നതിന്റെ കാരണം തങ്ങളുടെ സഹോദരങ്ങളുടെ മാസം ഭക്ഷിക്കാൻ അവർ തന്ന അനുവാദത്തിൽ നിന്നുമാണെന്ന് അവർ പറയുന്നു. യേശുവിന്റെ, നമുക്കായുള്ള ജീവത്യാഗത്തിന്റെ അനന്തരഫലമായി നിത്യജീവൻ നമുക്ക് നൽകപ്പെട്ടു. വിശുദ്ധ കുർബാന സത്യവിശ്വാസിയുടെ ശക്തിയും മറ്റനേകർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള രഹസ്യവുമാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.