സീറോ മലങ്കര മെയ് 24 മർക്കോ. 3: 7-12 കടൽത്തീരത്തെ അത്ഭുതങ്ങൾ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

യേശുവിനെതിരായി ഫരിസേയർ ഹേറോദേസ് പക്ഷക്കാരുമായി ഗൂഢാലോചന നടത്തുന്ന വായനയ്ക്കു ശേഷം യേശുവിനെ അന്വേഷിച്ചുകൊണ്ട് എല്ലായിടത്തു നിന്നും ജനങ്ങൾ വരുന്ന ഈ ഭാഗം അപ്രതീക്ഷിതമായി ഉന്മേഷം നൽകുന്ന ഒന്നാണ്. യേശുവിന് ഏറ്റവും പ്രിയപ്പെട്ട ഒരു പ്രദേശമായിരുന്നു ഗലീല കടൽത്തീരം. ആദ്യശിഷ്യന്മാരെ വിളിക്കുന്നതു മുതൽ യേശുവിന്റെ പല അത്ഭുതപ്രവർത്തനങ്ങൾക്കും സുവിശേഷ പ്രഘോഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ച പ്രദേശമാണിത്. ഇന്നത്തെ വേദവായനയിൽ എല്ലായിടത്തു നിന്നും ഓടിക്കൂടുന്ന സാധാരണക്കാർ യേശുവിനോടു കാണിക്കുന്ന സ്നേഹവും ബഹുമാനവും നമ്മുടെ മനസ്സിനും കുളിർമയേകുന്നതാണ്. ഒരുപക്ഷേ, അല്പം വിശ്രമത്തിനും പ്രാർത്ഥനക്കും ശിഷ്യന്മാരുമായി സമയം ചിലവഴിക്കുന്നതിനുമൊക്കെയാവാം യേശു കടൽത്തീരത്തേക്കു പോകുന്നത്. എന്നാൽ, “ഇടയനെ കണ്ടെത്തിയ ആടുകൾക്ക്” യേശുവിനെ വെറുതെ വിടാൻ ഭാവമുണ്ടായിരുന്നില്ല.

യൂദാ, ജറുസലേം പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇക്കൂട്ടത്തിലുണ്ട്. ഇവിടെ പറയുന്ന ഇദുമെയ ഗലീല കടൽത്തീരത്തു നിന്നും നൂറു മൈൽ ദൂരത്തിലാണ്. ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടെയെത്തണമെങ്കിൽ അവിടെയൊക്ക യേശുവിന്റെ ഖ്യാതി വ്യാപിച്ചിരുന്നു. ക്ലേശം സഹിച്ചായാലും യേശുവിനെ കണ്ടുമുട്ടിയാൽ അതെല്ലാം ഇല്ലാതാകുമെന്ന് അവർക്കറിയാമായിരുന്നു. യേശു പ്രശസ്തിയിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുമ്പോൾ സാധാരണക്കാരിലൂടെ അവിടുത്തെ കീര്‍ത്തി എല്ലായിടത്തും വ്യാപിക്കുന്നു. വിജാതീയ ഭൂപ്രദേശങ്ങളായ ടയിറും, സീദോനും ഇന്നത്തെ ലബനോനിലെ മെഡിറ്ററേനിയൻ തീരപ്രദേശങ്ങളാണ്. സ്ഥലങ്ങളുടെ പേരെടുത്തു പറഞ്ഞുള്ള ഈ വിവരണത്തിലൂടെ ലോകം മുഴുവൻ യേശുവിനെ അന്വേഷിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ സുവിശേഷകന് സാധിക്കുന്നു. അങ്ങനെ എല്ലാവരും അന്വേഷിക്കുന്ന, എല്ലാവർക്കും ആവശ്യമുള്ള ആളാണ്‌ യേശു.

ജനക്കൂട്ടം അവിടുത്തെ ചുറ്റിലും തിക്കിത്തിരക്കിക്കൊണ്ടിരിക്കുന്നതിനാൽ ഒരു വള്ളം ഒരുക്കിനിർത്താൻ യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. ചെറിയ കുന്നുകളുടെ താഴ്‌വാരത്തിലുള്ള ഗലീലക്കടലിൽ കാറ്റിലാടുന്ന വഞ്ചിയിൽ നിന്ന് പ്രസംഗിക്കുന്ന യേശുവും, കരയിൽ ശ്രദ്ധയോടെ നിന്നു കേൾക്കുന്ന ജനങ്ങളും നമ്മുടെ ഭാവനയ്ക്ക് ചിറകു മുളപ്പിക്കേണ്ടുന്ന ചിത്രമാണ്. ഒരുപക്ഷേ, യേശു എന്ന വ്യക്തിയേക്കാൾ തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യവും പലർക്കുമുണ്ടാവാം. അവരുടെ ജീവിതത്തിലെ രോഗത്തിന്റെയും വേദനയുടെയും ഫലമായിട്ടും യേശുവിനെ സമീപിക്കുന്നതാകാം. അനേകരിൽ നിന്നും അശുദ്ധാത്മാക്കൾ പോലും യേശുവിന്റെ സാന്നിധ്യത്തിൽ വിട്ടുപോകുന്നു. എന്തുകൊണ്ടും ഇവിടെ യേശുസാന്നിധ്യം എല്ലാവർക്കും അനുഗ്രഹത്തിനു കാരണമായിത്തീരുന്നു. നമ്മുടെ ജീവിതത്തിലും എപ്പോഴും യേശു സാന്നിധ്യമുണ്ടായിരിക്കുവാനും അത് നമുക്കും മറ്റുള്ളവർക്കും അനുഗ്രഹത്തിനുള്ള വഴിയായിത്തീരാനും ഇടയാവട്ടെ.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.