

യേശുവിന്റെ എല്ലാ ശക്തിയുടെയും സ്രോതസ്സ് പിതാവുമായുള്ള നിരന്തര സംസർഗ്ഗമാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞിരുന്നു. ദൈവവുമായുള്ള സംഭാഷണത്തിന് യേശു ഉപയോഗിച്ചിരുന്ന മാർഗ്ഗമായിരുന്നു പ്രാർത്ഥന. അതുകൊണ്ടാണ് തങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് യേശുവിനോട് അവർ അപേക്ഷിക്കുന്നത്. അങ്ങനെയാണ് നമുക്കേറ്റം പ്രിയപ്പെട്ട “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ലഭിക്കുന്നത്. ആ പ്രാർത്ഥന പഠിപ്പിച്ചതിനു ശേഷം അനുദിന ജീവിതത്തിലെ രണ്ട് ഉദാഹരണങ്ങളിലൂടെ നിരന്തരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യേശു പറയുന്നു. രണ്ടിടത്തും പ്രാർത്ഥനയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പ്രാർത്ഥിക്കുന്നവർ തമ്മിൽ ഔപചാരികതയുടെ കെട്ടുപാടുകളൊന്നുമില്ലാത്ത സ്നേഹബന്ധമാണ്.
ഒന്നാമത്തെ ഉദാഹരണം, അര്‍ദ്ധരാത്രിയിൽ അറിയാതെ വീട്ടിൽ കയറിവന്ന അതിഥിക്ക് ആഹാരം നൽകുന്നതിനു വേണ്ടി അയൽക്കാരന്റെ വാതിലിൽ മുട്ടുന്ന സുഹൃത്തിന്റേതാണ്. അടുത്തടുത്ത് വീടുകളുള്ള സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന ഒരു കഥയാണിത്. മിക്കവാറും ഇസ്രായേലിലെ അന്നത്തെ സാഹചര്യത്തിൽ ഓരോ ദിവസവും ആവശ്യമായി വരുന്ന ഭക്ഷണം അന്നു തന്നെ ഉണ്ടാക്കുകയായിരുന്നിരിക്കണം. ചിലപ്പോൾ കൂടുതൽ അംഗങ്ങളുള്ള ഭവനത്തിൽ അല്പമൊക്കെ ബാക്കി വന്നേക്കാം. നമ്മുടെ നാട്ടിൽ ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ അത്യാവശ്യം വരുമ്പോൾ, ആരും കാണാതെ അടുക്കളവാതിലിലൂടെ അയൽക്കാരന്റെ അടുത്തേക്ക് കടം വാങ്ങാനായി അമ്മമാർ മക്കളെ പറഞ്ഞുവിടാറുണ്ട്! കൂട്ടുകാരൻ വാതിലിൽ മുട്ടുന്നതിനു മുമ്പു തന്നെ അവിടുത്തെ ബഹളവും സംസാരവും അയൽക്കാരൊക്കെ കേട്ടിരിക്കാനാണ് സാധ്യത. ഇവിടെ, കൂട്ടുകാരൻ എന്നതിനേക്കാൾ അവന്റെ നിരന്തര അഭ്യർത്ഥന കാരണമാണ് സുഹൃത്ത് സഹായിക്കാൻ തയ്യാറാകുന്നത്. ഏതു സമയത്തും ഒന്നും നോക്കാതെ ഓടിച്ചെന്ന് മുട്ടാവുന്ന വാതിലാണ് ദൈവം വസിക്കുന്ന സ്വർഗ്ഗത്തിന്റേത്. തങ്ങൾക്കും മറ്റുള്ളവർക്കും നിരന്തരം ഈ വാതിക്കൽ മുട്ടി പ്രാർത്ഥനയിലൂടെ അനുഗ്രഹം വാങ്ങിയെടുക്കുന്നവരാകണം ദൈവമക്കൾ.
രണ്ടാമത്തെ ഉദാഹരണത്തിലും യേശു മനുഷ്യജീവിതത്തിലെ ഒരു അനുഭവം ഒരു സാങ്കല്പിക ചോദ്യത്തിലൂടെ കൊണ്ടുവരുന്നു. മാതാപിതാക്കൾ തങ്ങളുടെ പ്രതിരൂപമായ മക്കളുടെ ന്യായമായ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിന് എപ്പോഴും ശ്രദ്ധയുള്ളവരാണ്. ഇതിനെയൊക്കെ അതിലംഘിക്കുന്ന സ്നേഹത്തിന്റെയും നന്മയുടെയും നീരുറവയായ ദൈവം, തന്റെ “പ്രതിച്ഛായയിലും സാദൃശ്യത്തിലും” സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യമക്കൾക്ക് എത്രമാത്രം അനുഗ്രഹങ്ങൾ വർഷിക്കും! ഇവിടെ ദൈവം നമുക്കു നല്കുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്മാനം ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ തന്നെയാണ്. ഈ ദിവസങ്ങളിൽ പ്രാർത്ഥനയോടെ ദൈവതിരുമുമ്പില്‍ ആയിരുന്നുകൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായി നമുക്ക് ഒരുങ്ങാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍