സീറോ മലങ്കര നവംബര്‍ 02 മത്തായി 13: 1-9 വിതക്കാരന്റെ ഉപമ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ഗലീലി കടല്‍ത്തീരത്തില്‍, കാറ്റിലിളകിയാടുന്ന വഞ്ചിയില്‍ ഇരുന്നുകൊണ്ട് കരയില്‍ നിന്നവരെ നോക്കി യേശു പറഞ്ഞ മനോഹരമായ ഉപമയാണിത്. വചനം വിളമ്പുന്ന എല്ലാവരും തന്നെ വിതക്കാരാണ്. യേശുവാണ് ഏറ്റവും വലിയ വിതക്കാരന്‍. തന്റെ ശിഷ്യന്മാരെ വചനം വിതയ്ക്കുന്ന ജോലി അവിടുന്ന് ഭരമേല്‍പിച്ചു. വിതയ്ക്കപ്പെടുന്ന ദൈവവചനം മനുഷ്യഹൃദയങ്ങളുടെ അവസ്ഥ അനുസരിച്ച് പല തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്.

വചനത്തോടുള്ള പ്രതികരണമനുസരിച്ച് നാലു തരത്തിലുള്ള നിലങ്ങളാണ് കാണുന്നത്.

1. “വഴിയരികില്‍ വീണ വിത്ത്” – പ്രാര്‍ത്ഥനയിലോ ദൈവീകവ്യാപാരങ്ങളിലോ അല്‍പം പോലും താല്‍പര്യമില്ലാത്ത വിശ്വാസിയുടെ പ്രതീകമാണ്. ഇത് ലോകത്തിന്റെ പൊള്ളയായ പ്രലോഭനങ്ങളില്‍പ്പെട്ട് പതറിപ്പോയ മനുഷ്യനാണ്.

2. “പാറമേല്‍ വീണ വിത്ത്” – ആവേശത്തോടെ വിശ്വാസം ജീവിക്കാന്‍ ശ്രമിച്ച് വെല്ലുവിളികളും, പരീക്ഷണങ്ങളും, പീഢനങ്ങളും നേരിടേണ്ടി വരുമ്പോള്‍ വീണുപോകുന്ന വിശ്വാസിയാണ്.

3. “മുള്ളുകള്‍ക്കിടയില്‍ വീണ വിത്ത്” – ദൈവരാജ്യത്തേക്കാള്‍ ഭൗതീക കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു ജീവിക്കുന്ന വിശ്വാസിയാണ്. സമ്പത്തിനോടും, അധികാരത്തോടും, പ്രശസ്തിയോടുമൊക്കെയുള്ള അമിത ആകര്‍ഷണം വചനത്തെ ഇല്ലാതാക്കിക്കളയുന്നു.

4. “നല്ല നിലത്തു വീണ വിത്ത്” – ഉല്‍കൃഷ്ട ക്രിസ്തീയജീവിതം നയിക്കുന്ന വിശ്വാസിയുടെ പ്രതീകമാണ്. ഇത് ക്രിസ്തുവുമായുള്ള ആഴമായ വ്യക്തിബന്ധത്തില്‍ നിന്നും നന്മയുടെ സത്ഫലങ്ങള്‍ നിരന്തരമായി പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന സുകൃതജീവിതത്തിനുടമയായ വ്യക്തിയാണ്.

വചനം കേട്ടാല്‍ മാത്രം പോരാ, അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ജീവിതമാതൃകയിലൂടെ അനുദിനജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തുകയും വേണം. വചനം നിരന്തരം വളരാന്‍ വേണ്ടുന്ന പ്രാര്‍ത്ഥനയും പുണ്യപ്രവര്‍ത്തികളുമാകുന്ന വെള്ളവും വളവുമെല്ലാം നിരന്തരം നാം നല്‍കിക്കൊണ്ടേയിരിക്കണം. പ്രതികൂല സാഹചര്യങ്ങളില്‍പോലും – പക്ഷികള്‍ കാണാതെയും, മുള്ളുകളുടെ ഞെരുക്കത്തില്‍ അകപ്പെടാതെയും, പാറയെ തുളച്ച് ആഴത്തില്‍ വേരൂന്നി – വളരാന്‍ തക്ക ശേഷിയുള്ളതുമായ നിലമായി നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തിയെടുക്കണം. ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ ആഴമായി ജീവിക്കുന്നതിനും വളരുന്നതിനും എപ്പോഴും നമുക്ക് പരിശ്രമിച്ചുകൊണ്ടേയിരിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.