സീറോ മലങ്കര ഒക്ടോബർ 11 ലൂക്കാ 10: 17-20 വീഴ്ച

“സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.” സ്വർഗത്തിൽനിന്നുള്ള സാത്താന്റെ വീഴ്ചയെ പരാമർശിച്ചുകൊണ്ടാണ് യേശു തന്റെ ശിഷ്യർക്ക് മറുപടി നൽകുന്നത്. യേശുവിന്റെ മനസ്സിൽ മിക്കവാറും ഏശയ്യാ 14:12, “ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി” എന്ന വചനഭാഗമായിരിക്കാം കടന്നുവന്നത്.

യേശു കണ്ട സാത്താന്റെ വീഴ്ച സംഭവിച്ചത് ലൂസിഫറിന്റെ പാപത്തിനുശേഷമാണ്; ഏദൻതോട്ടത്തിലെ ആദാമിന്റെയും ഹവ്വയുടെയും പ്രലോഭനത്തിനുമുമ്പ്. അവന്റെ അഭിമാനത്തിൽ ലൂസിഫർ സ്വയം ഉയർത്തി. പക്ഷേ, ദൈവം അവനെ സ്വർഗത്തിലെ തന്റെ യഥാർഥ സ്ഥാനത്തുനിന്നു പുറത്താക്കി (ജോബ് 1:6 അനുസരിച്ച്, അയാൾക്ക് ഇപ്പോൾ സ്വർഗത്തിലേക്ക് പരിമിതമായ പ്രവേശനം മാത്രമേയുള്ളൂ). ലൂക്കാ 10:18 -ലെ യേശുവിന്റെ പ്രസ്താവന, യേശുവിന്റെ പൂർവകാലത്തെക്കുറിച്ചും സാത്താന്റെ ശക്തിയുടെമേൽ കർത്താവിന്റെ പരാജയത്തെക്കുറിച്ചും പൊതുവായ അർഥത്തിൽ പറയുന്നു. എന്നാൽ ഇവിടെ യേശുവിന്റെ പരാമർശം ലൗകികമായ, നശ്വരമായ സന്തോഷത്തിൽ പരിമിതപ്പെടുത്താതെ അനശ്വരമായ സന്തോഷത്തിലേക്ക് ക്ഷണിക്കുക എന്നതാണ്.

എന്നാൽ നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുക. കുരിശിന്റെ വി. യോഹന്നാൻ Ascent of Mount Carmel എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: “എല്ലാം കൈവശമാക്കാനായി ഒന്നും കൈവശംവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” യേശു പറയുന്നതുപോലെ, സ്വന്തം ജീവൻ നേടാൻ ആഗ്രഹിക്കുന്നവൻ നഷ്ടപ്പെടുത്തുന്നു. മനുഷ്യരിൽനിന്ന് കിട്ടുന്നതായ സമാധാനമോ, ആശ്വാസമോ അല്ല ദൈവസന്നിധിയിൽ നമുക്ക് ലഭിക്കുന്ന വിലയാണ് നമ്മുടെ സന്തോഷവും സമാധാനവും.

എന്നാൽ ഈ പരമമായ നിത്യജീവന് നാം യോഗ്യരാണോ? ഈശോനാഥന് നിർമ്മലസ്നേഹത്തിന്റെയും ദൈവകൃപയുടെയും വരദാനം ഭൂമിയിൽ പ്രാവർത്തികമാക്കാനുള്ള ഉപകരണങ്ങളാക്കി നമ്മെ തീർക്കുമ്പോഴാണ് നാം ആനന്ദം കണ്ടെത്തുന്നത്? ആരുടെ മഹത്വമാണ് കാംക്ഷിക്കുന്നത്? ശാരീരികനേട്ടങ്ങളിൽ നാം ശ്രദ്ധാലുക്കളാകുകയും തന്റെ മഹത്വത്തിനു മുൻ‌തൂക്കം നൽകുകയും ചെയ്യുമ്പോൾ നിത്യകാലത്തിനായി നൽപ്പെട്ടിരിക്കുന്ന നമ്മിലെ ആത്മാവിന്റെ പതനത്തിന് നാം കാരണഹേതുവാകും. അങ്ങനെ രണ്ടാമത്തെ മരണത്തെ (വെളി 20:15) നാം നിഷ്കരുണം ഏറ്റുവാങ്ങേണ്ടതായിവരുകയും ചെയ്യുന്നു. അതിനാൽ തങ്ങളുടെ നേട്ടങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നവരായി, നിത്യജീവന്റെ വിളിക്കായി, ആത്മാവിൽ ആനന്ദം കണ്ടെത്താൻ നമുക്ക് കഴിയട്ടെ.

ഫാ. സാമുവേൽ പനച്ചിവിള

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.