സീറോ മലങ്കര മെയ്‌ 04 ലൂക്കാ 11: 33-36 കണ്ണിന്റെ മഹത്വം

കണ്ണിന്റെ മഹത്വത്തെക്കുറിച്ചുള്ള തിരുവചനമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം പ്രത്യേകമായി കാണുന്നത്. കണ്ണിന്റെ മഹത്വത്തെക്കുറിച്ചു പറയുമ്പോള്‍ തിരുവചനത്തിന്റെ തുടക്കത്തില്‍ പ്രകാശത്തെപ്പറ്റിയാണ് പറയുന്നത്.

എന്റെ ഉള്ളിലെ നന്മയെയാണ് ഇവടെ പ്രകാശമായി ചിത്രീകരിച്ചിരിക്കുന്നത്. അതെ, ഈ സമൂഹത്തിന് പ്രകാശമായിത്തീരണം; ലോകത്തിനുള്ള പ്രകാശം. കാഴ്ച സാധ്യമാക്കുന്ന പ്രകാശത്തിന്റെ ഉറവിടമാണ് കണ്ണ്. എന്റെ ശരീരം പ്രകാശിക്കണമെങ്കില്‍, എന്റെ കണ്ണുകള്‍ കൊണ്ട് വിശുദ്ധമായി കാര്യങ്ങള്‍ കാണാന്‍ കഴിയുമ്പോള്‍ എനിക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. എന്റെ കണ്ണുകള്‍ വിശുദ്ധമായി കാത്തുസൂക്ഷിച്ചാല്‍ എല്ലാത്തിന്റെയും നന്മയെ കാണാന്‍ സാധിക്കും.

എന്റെ ജീവിതത്തിന്റെ പ്രതിസന്ധിയിലും സഹനത്തിലും, ഇത് എന്റെ ദൈവത്തിന്റെ പദ്ധതിയാണെന്ന് എന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയുമ്പോള്‍ എന്റെ ജീവിതത്തിന് അത്, ദൈവരാജ്യത്തില്‍ പ്രവേശനത്തിനു കാരണമായിത്തീരുന്നു. അശുദ്ധമായ കാര്യങ്ങളില്‍ എന്റെ കണ്ണുകള്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ എന്റെ ശരീരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുന്നു. അശുദ്ധി കൂടുമ്പോള്‍ ദൈവത്തിന്റെ സാന്നിധ്യം എന്നില്‍ നിന്നും നഷ്ടപ്പെടുന്നു.

എന്റെ കണ്ണുകളുടെ വിശുദ്ധിയാണ് എന്റെ ശരീരത്തിന് പ്രകാശം നല്‍കുന്നത്. അതിനാല്‍ എന്റെ ശരീരത്തെ ഈ ലോകത്തിനു പ്രകാശമായി നല്‍കാന്‍ എന്റെ കണ്ണുകളെ വിശുദ്ധമായി സൂക്ഷിക്കാന്‍ പരിശ്രമിക്കാം.

ഫാ. സിറില്‍ മാവിനഴികത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.