

വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാളാണ് ഇന്ന്. നമ്മുടെ എല്ലാ വൈദികർക്കും തിരുനാളിന്റെ അനുഗ്രഹങ്ങൾ നേരുന്നു.
വി. ജോൺ മരിയ വിയാനി പറയുന്നു: “പൗരോഹിത്യം ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹമാണ്. ആയതിനാൽ ഒരു വൈദികനെ നിങ്ങൾ കാണുമ്പോൾ നമ്മുടെ കർത്താവായ യേശുമിശിഹായെ നിങ്ങൾ ഓർമ്മിക്കുവിൻ.”
പ്രേഷിതദൗത്യം മനുഷ്യൻ സ്വതന്ത്രമായി ഏറ്റെടുക്കുന്ന ഒന്നല്ല, മറിച്ച് ദൈവത്തിന്റെ ഹിതമനുസരിച്ച് സംഭവിക്കേണ്ടതാണ്. അവിടുത്തെ പിതാവാണ് വിളവിന്റെ നാഥൻ. വിളഭൂമിയിലേക്ക് അയക്കേണ്ടവരെ തിരഞ്ഞെടുക്കേണ്ടത് അവിടുന്നാണ്. നിരവധി പ്രേഷിതരെ കണ്ടെത്തി വിളഭൂമിയിലേക്ക് അയക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവാൻ യേശു ഇവിടെ ആവശ്യപ്പെടുകയാണ്.
നമ്മുടെ ജീവിതത്തിൽ നന്മകൾ വിതറി കടന്നുപോയ എല്ലാ വൈദികരെയും നന്ദിപൂർവ്വം ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവവിളികൾ കൂടുതൽ പരിപോഷിക്കപ്പെടുവാനായി പ്രാർത്ഥിക്കാം.
ഫാ. ഫിലിപ്പ് മാത്യു, വെട്ടിക്കാട്ട്