സീറോ മലങ്കര ജൂലൈ 04 മർക്കോ. 6: 53-56 തിരിച്ചറിവ്

വി. മർക്കോസ് എഴുതിയ സുവിശേഷം ആറാം അധ്യായം 53 മുതൽ 56 വരെയുള്ള വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനവിഷയം. ആറാം അധ്യായം ആരംഭിക്കുന്നത്, സ്വദേശത്ത് സ്വജനങ്ങളാൽ തിരസ്ക്കരിക്കപ്പെടുന്ന യേശുവിനെ ചിത്രീകരിച്ചു കൊണ്ടാണ്. എന്നാൽ അവസാനിക്കുന്നതോ, നദിക്കക്കരെ വള്ളം ഇറങ്ങുമ്പോൾ തന്നെ യേശുവിനെ തിരിച്ചറിഞ്ഞു യേശുവിലേക്ക് ഓടിയടുക്കുന്ന ജനങ്ങളെ ചിത്രീകരിച്ചു കൊണ്ടാണ്. തിരസ്കരിക്കപ്പെട്ട സ്ഥലത്ത് (6,5) യേശുവിന് അത്ഭുതങ്ങൾ ഒന്നും തന്നെ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. എന്നാൽ മറിച്ച് യേശു സ്വീകരിക്കപ്പെടുന്ന സ്ഥലത്ത് ധാരാളം അത്ഭുതങ്ങൾ അവൻ പ്രവർത്തിക്കുന്നു, ധാരാളം രോഗികൾ യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ച് സുഖം പ്രാപിക്കുന്നു (6:56).

പ്രിയമുള്ളവരേ, ഈ സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ജീവിതത്തെ ഒന്ന് വിശകലനം ചെയ്യാം. നാം നമ്മുടെ ജീവിതത്തിൽ യേശുവിനെ തിരസ്കരിക്കുമ്പോഴൊക്കെയും യേശുവിന് നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും കൂടിയാണ് നിഷേധിക്കുന്നത്. എന്നാൽ വള്ളം ഇറങ്ങുമ്പോൾ തന്നെ യേശുവിനെ തിരിച്ചറിഞ്ഞു അവനിൽ പൂർണ്ണമായും വിശ്വസിച്ച് ആ സ്ഥലത്തുള്ള എല്ലാ രോഗികളെയും കൊണ്ട് അവന്റെ അടുത്തേക്ക് ഓടിയണയുന്ന ഒരു സമൂഹത്തിൽ ധാരാളം അത്ഭുതങ്ങൾ യേശു പ്രവർത്തിക്കുന്നു. ക്രിസ്തു ഒരു സമൂഹത്തിൽ സ്വീകരിക്കപ്പെടുമ്പോഴുള്ള മാറ്റമാണിത്.

നമുക്കും നമ്മുടെ എല്ലാ ജീവിതസാഹചര്യങ്ങളിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും യേശുവിനെ തിരസ്കരിക്കാതെ സമ്പൂർണ്ണമായും സ്വീകരിക്കാൻ സാധിക്കണം. അപ്പോൾ യേശു നമ്മുടെ ജീവിതങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. നമ്മുടെ ക്രിസ്തീയജീവിതത്തിൽ യേശുവിനെ പൂർണ്ണമായും തിരിച്ചറിയാനും അവനു പ്രവർത്തിക്കാൻ നമ്മെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കാനും നമുക്ക് സാധിക്കണം. ഇതിനായി നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.