സീറോ മലങ്കര ഒക്ടോബർ 02 മത്തായി 18: 1-5 കാവൽമാലാഖമാർ

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

മാലാഖമാരെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ ഉറവിടം വിശുദ്ധ ഗ്രന്ഥവും മറ്റ് ദൈവികവെളിപാടുകളുമാണ്. ശരീരമില്ലാത്ത, മനുഷ്യരല്ലാത്ത, ആത്മാവിൽ നിലനിൽക്കുന്ന, നിത്യതയുള്ള ദൈവികസൃഷ്ടികളാണ് മാലാഖമാർ. പ്രധാനമായും യഹൂദമതത്തിൽ നിന്നുമാണ് ക്രിസ്തുമതത്തിലേക്കും ഈ വിശ്വാസം കടന്നുവന്നിട്ടുള്ളത്. ഇന്നത്തെ സുവിശേഷഭാഗത്ത് യേശു, ചെറിയവരിൽ ആരെയും നിന്ദിക്കരുത് എന്നുപറഞ്ഞിട്ട് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കയാണ്” (18:10). അതിന്റെ അർഥം ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള സന്ദേശവാഹകരാണ് മാലാഖമാർ എന്നതാണ്. മാത്രമല്ല, നമ്മുടെ ജനനംമുതൽ മരണംവരെയുള്ള ദൈവത്തിന്റെ കരുതലിന്റെ അടയാളം കൂടിയാണ് നമ്മുടെ കാവൽമാഖാമാർ.

ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കാൻ ഉപയോഗിച്ചിരുന്ന മാർഗമായിരുന്നു വിശുദ്ധ ഗ്രന്ഥത്തിൽ മാലാഖമാർ. ഉല്പത്തിപുസ്തകത്തിൽ സോദോം-ഗോമോറ നഗരത്തിന്റെമേൽ ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും, ലോത്തിനെ ആ നാശത്തിൽനിന്നും രക്ഷിക്കുന്നതും ദൈവദൂതന്മാരാണ് (ഉല്പ. 19). പുറപ്പാട് പുസ്തകത്തിൽ കാളക്കുട്ടിയെ ആരാധിച്ച ജനത്തിന്റെ പാപത്തിന് മാപ്പപേക്ഷിക്കാൻ മലമുകളിൽ വീണ്ടും ചെന്ന മോശയെ “എന്റെ മാലാഖമാർ നിനക്കുമുമ്പേ പോകും” (പുറ. 32:34) എന്നുപറഞ്ഞാണ് ദൈവം തിരികെ അയയ്ക്കുന്നത്. സങ്കീർത്തനങ്ങളിൽ പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ സംരക്ഷണത്തിനായി ദൈവം മാലാഖമാരെ നല്‍കുമെന്നു പറഞ്ഞിരിക്കുന്നു: “നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും” (91:11). ദാനിയേലിന്റെയും ജോബിന്റെയും തോബിത്തിന്റെയും പുസ്തകങ്ങളിലും മാലാഖമാരിലുള്ള വിശ്വാസം എടുത്തുപറയുന്നുണ്ട്.

യേശു ഗത്സമെൻ തോട്ടത്തിൽ ഹൃദയംനുറുങ്ങി പ്രാർഥിക്കുന്ന സമയത്ത് അവിടുത്തെ ശക്തിപ്പെടുത്താനായി സ്വർഗത്തിൽനിന്നും ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നു (ലൂക്കാ. 22:43). പത്രോസിനെ കാരാഗൃഹത്തിൽ ബന്ധനസ്ഥനാക്കിയപ്പോൾ ദൈവദൂതനാണ് അവനെ മോചിപ്പിച്ച് നഗരത്തിനു പുറത്തെത്തിക്കുന്നത് (അപ്പ. 12:7:11). ഹെബ്രായർക്കുള്ള ലേഖനത്തിൽ, “രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്ക് ശുശ്രൂഷചെയ്യാൻ അയയ്ക്കപ്പെട്ട സേവകാത്മാക്കളാണ്” മാലാഖമാർ (1:14). നാം ജനിക്കുമ്പോൾതന്നെ ദൈവം ഓരോരുത്തർക്കും ഒരു കാവൽമാലാഖയെ നിയോഗിക്കുന്നുവെന്ന് വി. ജെറോം പറയുന്നു. നാമാരും ഒറ്റക്കല്ലെന്നും നമ്മുടെ ജീവിതയാത്രയിലുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും തരണംചെയ്യാൻ ഓരോരുത്തർക്കും ദൈവം മാലാഖമാരുടെ സഹായം ലഭ്യമാക്കിയിരിക്കുന്നുവെന്നും വി. അക്വീനാസ് എഴുതുന്നു. ഈ ദൈവികസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് ഓരോ നിമിഷവും ദൈവവഴിയിലൂടെ സഞ്ചരിക്കുന്നതിന് നമുക്കു പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.