സീറോ മലങ്കര ജനുവരി 14 മത്തായി 7: 1-6 അന്യരെ വിധിക്കരുത്

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

മറ്റുള്ളവരെ വിധിക്കുന്നതിനെതിരെ യേശു തന്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ദൈവീക നിയമവും ഒരുപാട് മാനുഷിക നിയമങ്ങളും അനുസരിച്ച് ജീവിക്കാൻ കടപ്പെട്ടവരാണ് നാം. അതിനാൽ ശരിയായി മനസിലാക്കിയില്ലെങ്കിൽ യേശുവിന്റെ ഈ അനുശാസനം ചിലപ്പോൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല, ധാർമ്മികമായി ഒരു കാര്യം ശരിയല്ലെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതും സഹോദരനെ സ്നേഹപൂർവ്വം തിരുത്തുന്നതും നമ്മുടെ കടമയുമാണ്. യേശുവും പാപിനിയായ സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിൽ മുകളിൽപ്പറഞ്ഞ തത്വത്തിന്റെ ശരിയായ അർത്ഥം കണ്ടെത്താം. “യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്” (യോഹ. 8:11). ഒറ്റവാക്കിൽ പറഞ്ഞാൽ ഒരാളുടെ പ്രവൃത്തിയെക്കുറിച്ച് നമുക്ക് വിധി പറയാൻ സാധിക്കും. എന്നാൽ, ഹൃദയങ്ങളെ വിവേചിച്ചറിയാൻ ദൈവത്തിനു മാത്രമേ സാധിക്കൂ എന്നതിനാൽ ആ വ്യക്തിയെ വിധിക്കാൻ നമുക്ക് അധികാരമില്ല.

മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ കരുണയ്ക്കാണ് നാം എപ്പോഴും പ്രാമുഖ്യം കൊടുക്കേണ്ടത്. ഇടറിവീഴുന്നവരെ കുറ്റം വിധിച്ച് തള്ളിക്കളയുകയല്ല, പിടിച്ചുയർത്തുകയും ദൈവസന്നിധിയിലേയ്ക്ക് ആനയിക്കുകയുമാണ് യേശു ചെയ്യുന്നത്. മറ്റുള്ളവരെ വിധിക്കുന്നത് നമ്മുടെ ദൈവവുമായിട്ടുള്ള ബന്ധത്തെയും ബാധിക്കും. ദൈവം നമ്മളോട് കാണിക്കാൻ പോകുന്ന കരുണ നമ്മൾ മറ്റുള്ളവർക്കു നൽകുന്ന കരുണയിലൂടെയാണ് നിർണ്ണയിക്കപ്പെടുന്നത്. യാക്കോബ് ശ്ലീഹ എഴുതുന്നു: “കാരുണ്യം കാണിക്കാത്തവന്റെ മേൽ കാരുണ്യരഹിതമായ വിധിയുണ്ടാകും” (2:13).

ആത്മപരിശോധനയുടെ ആവശ്യകത വെളിപ്പെടുത്താൻ വേണ്ടിയാണ് യേശു “കരടും തടിക്കഷണവും” താരതമ്യപ്പെടുത്തി പറഞ്ഞിരിക്കുന്നത്. ഇവ രണ്ടും തമ്മിലുള്ള അന്തരം വലുതായിരിക്കുന്നതുപോലെ മറ്റുള്ളവരുടെ തെറ്റുകൾ കാണുമ്പോൾ വിടരുകയും സ്വന്തം കുറവുകൾക്കു മുമ്പിൽ അടയുകയും ചെയ്യുന്ന കണ്ണുകളായിരിക്കരുത് നമ്മുടേത്. തന്നോടുതന്നെ കാർക്കശ്യത്തോടെയും മറ്റുള്ളവരോട് കരുണയോടെയും പെരുമാറിയാൽ മനുഷ്യരുടെയും ദൈവത്തിന്റെയും മുൻപിൽ നാം വിലയുള്ളവരായിത്തീരും. വിശുദ്ധമായത് നായ്ക്കൾക്കും മുത്തുകൾ പന്നികൾക്കും കൊടുക്കരുതെന്ന് യേശു പറയുന്നു. ബൈബിളിൽ വിശുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ദൈവത്തിനുവേണ്ടി മാറ്റിവച്ചിരിക്കുന്നതിനെയാണ്. പ്രത്യേകിച്ചും ആരാധനയുടെ ആവശ്യത്തിനായി. അതുപോലെ പുരാതന കാലം മുതലേ “മുത്തുകൾ” വലിയ വിലയുള്ള വസ്തുവാണ്. പട്ടിക്കും പന്നിക്കും ഇതിന്റെ വില അറിയില്ല. ഇവിടെ ക്രിസ്തുവിന്റെ സുവിശേഷം വിശുദ്ധമായതിനാൽ അതിന്റെ വില അറിയാത്തവരുടെ മുൻപിൽ നാം ഇട്ടുകൊടുത്ത് അവഹേളിക്കരുത്. അതുപോലെ തന്നെ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതവും നാം വിശുദ്ധമായും വിശിഷ്ടമായും പരിപാലിക്കേണ്ടിയിരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.