സീറോ മലങ്കര ഏപ്രിൽ 26 യോഹ. 7: 40-44 അധികാരികളുടെ അവിശ്വാസം

യേശു ആരാണെന്നതിനെക്കുറിച്ച് ജനങ്ങളുടെയിടയിൽ ചർച്ച നടക്കുന്നു. യേശു പ്രവൃത്തിച്ച അത്ഭുതങ്ങൾ കണ്ട വളരെയധികം ആളുകൾ അവൻ ഒരു പ്രവാചകനാണെന്നു ചിന്തിക്കുന്നു. യേശു ദാവീദിന്റെ വംശത്തിൽ ജനിച്ച ക്രിസ്തുവാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ, ചിലർ ഇതിനെയെല്ലാം ചോദ്യം ചെയ്യുന്നു. എങ്ങനെയാണ് ഒരു യഥാർത്ഥ പ്രവാചകനെ മറ്റുള്ളവർ തിരിച്ചറിയുന്നത്?

പ്രവാചകൻ എന്ന വാക്ക് “നവി” (navi) എന്ന ഹീബ്രു പദത്തിന്റെ പരിഭാഷയാണ്. ഈ വാക്കിന് പൊതുവെ കൊടുത്തിരിക്കുന്ന അർത്ഥം, വരാനിരിക്കുന്നത് മുൻകൂട്ടി കാണുന്നവൻ എന്നാണ്. ഭാവി പ്രവചിക്കുന്നയാൾ എന്നതിനേക്കാൾ ദൈവത്തിന്റെ പ്രതിനിധിയും വക്താവുമാണ് ഇസ്രായേലിലെ പ്രവാചകന്മാർ. അവർ ദൈവത്തോടൊത്ത് സമയം ചെലവഴിക്കുന്നവരും ദൈവത്തിന്റെ നാവായി പ്രവൃത്തിച്ച് ദൈവീകരഹസ്യങ്ങൾ വെളിപ്പെടുത്തുന്നവരുമാണ്. യഹൂദ നിയമവും ദൈവശാസ്ത്രവും വ്യാഖ്യാനിക്കുന്ന ഗ്രന്ഥമായ തൽമൂദ് (Talmud) അനുസരിച്ച് 48 പ്രവാചകന്മാരും, 7 പ്രവാചികമാരും ഇസ്രായേലിൽ ഉണ്ടായിട്ടുണ്ട്. ഇവരെ ദൈവത്തിന്റെ പ്രധിനിധികളായി സംസാരിക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തതാണ്. വിശുദ്ധിയുടെയും അറിവിന്റെയും ദൈവാഭിമുഖ്യത്തിന്റെയും പ്രതീകങ്ങളായിരുന്നു അവർ. പഴയനിയമ പ്രവാചകന്മാരിൽ ദൈവത്തെ നേരിട്ടുകാണാൻ സാധിച്ചിട്ടുള്ളത് മോശയ്ക്കു മാത്രമാണ്. അതുകൊണ്ട് മോശ ഏറ്റവും വലിയ പ്രവാചകനായി കരുതപ്പെടുന്നു. ഇസ്രായേലിനു പുറത്തും ബാലാമിനെപ്പോലുള്ള പ്രവാചകന്മാരുണ്ടായിരുന്നു (സംഖ്യ 22). യോനാ പ്രവാചകനാണെങ്കിൽ നിനുവായിലെ പുറജാതികളോട് മാനസാന്തരം പ്രസംഗിക്കാനായി അയയ്ക്കപ്പെട്ടവനാണ്. തൽമൂദ് പ്രകാരം മിശിഹായുടെ വരവോടെ ലോകത്തിൽ പ്രവാചകന്മാരുടെ ആവശ്യമുണ്ടാവില്ല. കാരണം, അന്ന് എല്ലാവരും പ്രവാചകന്മാരും പ്രവാചകികളും ആയിമാറും. എന്നാൽ, അവസാന പ്രവാചകന്മാരുടെ കാലത്തോടെ ദൈവാത്മാവ് ഇസ്രേയലിൽ നിന്നും അകന്നുപോയി എന്നു വാദിക്കുന്ന യഹൂദ പണ്ഡിതന്മാരുമുണ്ട്.

പ്രവാചകനെന്നോ, ക്രിസ്തുവെന്നോ യേശുവിനെ വിശേഷിപ്പിക്കുന്നതിനെ ഫരിസേയന്മാരും പ്രമാണികളും എപ്പോഴും എതിർത്തിരുന്നു. അവരുടെ ചിന്തയിൽ യേശു വരുന്നത് നസറത്തിൽ നിന്നുമാണ്. ദാവീദിന്റെ വംശത്തിൽ നിന്നുള്ള ക്രിസ്തു ബെത്ലഹേമിൽ നിന്നാണ് വരേണ്ടത്. എന്നാൽ, ഇത് തന്നെയും അവരുടെ അജ്ഞതയാണ് വെളിവാക്കുന്നത്. കാരണം, യേശു ബെത്ലഹേമിലാണ് ജനിച്ചതെന്ന് സുവിശേഷങ്ങൾ സാക്ഷിക്കുന്നു. യോഹന്നാൻ യേശുവിനെ മോശയെക്കാൾ ശക്തനായ പ്രവാചകനായിട്ടു മാത്രമല്ല, ദൈവപുത്രനായ ക്രിസ്തുവായിട്ടാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് യേശുവിനെ സ്വീകരിക്കുന്നതിന് അവിടുന്ന് ആരെന്നറിയുന്നത് പ്രധാനപ്പെട്ടതാണ്. ഒരിക്കൽ യേശുവിനെ കണ്ടുമുട്ടുന്നവർ അനുകൂലമായോ പ്രതികൂലമായോ ഒരു തീരുമാനം എടുക്കേണ്ടി വരും.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍