സീറോ മലങ്കര മെയ്‌ 31 ലൂക്കാ 22: 14-20 പുതിയ ഉടമ്പടി

സ്വന്തം കുടുംബത്തോടും ഏറ്റം അടുപ്പമുള്ളവരോടുമൊപ്പം മാത്രം ആഘോഷിക്കുന്ന പെസഹാ യഹൂദന്മാരുടെ പാവനമായ തിരുനാളാണ്. ദൈവം തങ്ങളെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചതിനെ നന്ദിയോടെ സ്മരിക്കുന്നതിനും അനന്തര തലമുറക്ക് ഈ ദൈവാനുഭവം പകർന്നുകൊടുക്കുന്നതിനുള്ള വേദിയുമായിരുന്നു പെസഹാ. ഈ തിരുനാള്‍ ആഘോഷിക്കുന്നതിന് നിയതമായ ക്രമങ്ങളുണ്ടായിരുന്നു. കുടുംബനാഥൻ ആദ്യം പാനപാത്രമെടുത്ത് പ്രാർത്ഥന ചൊല്ലി പാനം ചെയ്തു മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. പിന്നീട് ഇളയമകൻ, എന്തുകൊണ്ടാണ് ഈ രാത്രി മറ്റു രാത്രികളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്നും, പുളിപ്പില്ലാത്ത അപ്പം ഇന്ന് ഭക്ഷിക്കുന്നതിന്റെ കാരണമെന്തെന്നും ചോദിക്കുന്നു. ഉത്തരമായി പുറപ്പാടിന്റെ മനോഹരചരിത്രം എല്ലാവർക്കുമായി വിവരിക്കപ്പെടുന്നു (പുറ. 13:8; നിയ. 26:5-11). തുടർന്ന് ദൈവത്തിന് നന്ദി പറഞ്ഞ് “ഹല്ലേലുയ്യ” സങ്കീർത്തനം ആലപിച്ച്, പുളിപ്പില്ലാത്ത അപ്പവും അതിനുശേഷം ആഘോഷമായ അത്താഴവും കഴിക്കുന്നു.

യേശു, തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരോടൊത്ത് ആഘോഷിക്കുന്ന ഈ പെസഹാ പുതിയ ഉടമ്പടിയുടെ ആരംഭമാണ്. ഇവിടെ പഴയനിയമ മാതൃക പിന്തുർന്നുകൊണ്ടു പുതിയതായി ചിലതൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ആഴമായ അർത്ഥം ഉൾക്കൊള്ളുന്നതാണ് യേശുവിന്റെ ഓരോ വാക്കും പ്രവൃത്തിയും. യേശുവിനൊടൊത്ത് ഇവിടെ ഒന്നിച്ചിരിക്കുന്നത് അവരുടെ ശിഷ്യത്വത്തിന്റെയും അപ്പസ്തോലിക അധികാരത്തിന്റെയും അടയാളമാണ്. ഈ ആഘോഷത്തിൽ ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ലൂക്കാ സുവിശേഷകൻ വലിയ സൂഷ്മതയോടെ യേശുവിന്റെ പ്രവൃത്തി വിവരിക്കുന്നു: അപ്പമെടുത്തു+കൃതജ്ഞാതാ സ്തോത്രം ചെയ്തു+ മുറിച്ചു+ കൊടുത്തു. “എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ” എന്ന കല്പന അന്നുമുതൽ ഇന്നുവരെ വിശുദ്ധ കുർബാനയെന്ന കൂദാശയിലൂടെ അനുഷ്ഠിക്കപ്പെടുന്നു.

യേശു ഇവിടെ എടുത്തുപറയുന്ന ഒരു കാര്യം ഇത് പുതിയ ഉടമ്പടിയാണെന്നതാണ്. ജെറമിയ പ്രവാചകൻ പറയുന്നു: “ഇസ്രായേൽ ഗോത്രത്തോടും യൂദാ ഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു” (31:31). ഈ പെസഹായിലൂടെ പാപത്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചു സ്വർഗ്ഗമാകുന്ന വാഗ്ദത്തനാട്ടിലേക്ക് അവിടുന്ന് നമ്മെ നയിക്കുന്നു. ഈ പുതിയനിയമ ഉടമ്പടി ഉറപ്പിക്കുന്ന മുദ്ര പുതിയ കുഞ്ഞാടായ ക്രിസ്തുവിന്റെ രക്തമാണ്. പുതിയ ഇസ്രയേലിനെ പ്രതിനിധീകരിക്കുന്നവരാണ് പന്ത്രണ്ട് ശിഷ്യന്മാർ. ഇക്കൂട്ടത്തിൽ ഒരു ഒറ്റുകാരനുണ്ടെന്ന് യേശു വെളിപ്പെടുത്തുന്നുവെങ്കിലും, പേരു പറയാത്തതിനാൽ തങ്ങളിൽ ആരാണത് ചെയ്യാൻ പോകുന്നതെന്ന് ശിഷ്യന്മാർ പരസ്പരം ചോദിക്കുന്നു. യേശുവിന്റെ കൂടെ ഭക്ഷണത്തിനിരിക്കുന്നതും, പ്രബോധങ്ങൾ കേട്ട് കൂടെ നടക്കുന്നതും, അതിനനുസരിച്ചുള്ള ജീവിതമില്ലെങ്കിൽ നിരർത്ഥകമാണെന്നു കൂടി യൂദാസിന്റെ കഥ നമ്മെ പഠിപ്പിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.