സീറോ മലങ്കര ഡിസംബർ 26 ലൂക്കാ 2: 15-19 ഇടയന്മാരുടെ സന്ദർശനം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആടുകളുടെ കൂടെ എപ്പോഴും കഴിയുന്ന അശുദ്ധരായ ഇടയന്മാർ യഹൂദസമൂഹത്തിൽ വലിയ വിലയും നിലയും ഉള്ളവരായിരുന്നില്ല. മിക്കവർക്കും വർഷത്തിൽ മൂന്നുപ്രാവശ്യം ഒരു യഹൂദൻ നിർബന്ധമായും അനുഷ്ഠിക്കേണ്ട ദേവാലയസന്ദർശനം അന്യമായിരുന്നു. എല്ലാവർക്കും ബലിയർപ്പിക്കാൻ ഇവർ ആടുകളെ കൊടുത്തപ്പോഴും അവർക്കുമാത്രം ബലിയർപ്പണം അപ്രാപ്യമായിരുന്നു. രാത്രിയിലും വീട്ടിലെത്താൻ കഴിയാത്ത, ആളുകളുമായി അധികം സമ്പർക്കമില്ലാതിരുന്ന, വയലിലും വഴിയോരങ്ങളിലും മലയിടുക്കുകളിലുമൊക്കെ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരാണിവർ! പിന്നെ എന്തുകൊണ്ടാണ് അനേക തലമുറകളായി ഇസ്രേയേൽജനം കേൾക്കാൻ കൊതിയോടെ കാത്തിരുന്ന രക്ഷകന്റെ ജനനത്തിന്റെ സന്തോഷവാർത്ത സമൂഹത്തിലെ താഴേത്തട്ടിലുള്ള ഇടയന്മാരുടെ അടുത്തേക്കുപോയത്?

യേശുവിന്റെ രക്ഷാകരദൗത്യം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിൽനിന്നും ആരംഭിക്കാൻ ദൈവം തിരുമനസ്സായി. എളിമയുള്ളിടത്ത് ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ട് തങ്ങളെപ്പോലെ പാവപ്പെട്ടവനായ ദൈവത്തെ കാണാൻ ക്ഷണിക്കുന്നു. ദൈവത്തിന്റെ കരുതലും സ്നേഹവും രക്ഷയും ആരുമില്ലാത്തവരിൽനിന്നും തുടങ്ങുന്നു. ദൈവസന്ദേശം സ്വീകരിക്കാൻ ഒരുക്കമുള്ള സാധാരണക്കാരുടെ പ്രതീകമായി പാവപ്പെട്ട ഇടയന്മാർ മാറുന്നു.

ഏതു കൊട്ടാരവാസിയാണ്, ഇസ്രയേലിലെ ഏതു പ്രമാണിയാണ്, പിള്ളക്കച്ചകൊണ്ടു  പൊതിഞ്ഞ ഒരു ശിശുവിൽ ദൈവപുത്രനെ കാണാൻ തയ്യാറാവുക? എല്ലാ കുട്ടികളെയുംപോലെ അമ്മയുടെ പരിചരണം ആവശ്യമുള്ള ഒരു ശിശു എങ്ങനെയാണ് മിശിഹായാവുക? കിടക്കാൻ ഒരു തൊട്ടിലുപോലുമില്ലാത്തവൻ എങ്ങനെയാണ് മറ്റുള്ളവരുടെ വിമോചകനാവുക? അനേകർക്ക്‌ തിരിച്ചറിയാൻ സാധിക്കാത്ത, അംഗീകരിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത, സാധാരണക്കാരനും നിസ്സാരനുമായ ഈ ശിശു തന്നെയാണ് ഇടയന്മാർക്കു കൊടുത്ത ഏറ്റവും വലിയ അടയാളം. പുൽക്കൂട്ടിൽ മുട്ടുമടക്കി കുനിഞ്ഞുകയറാനുള്ള പരിചയം ഇടയനുണ്ട്. കാലിക്കൂട്ടിൽ കയറാൻ ചെറുതായ വലിയ ദൈവം, കൊട്ടാരത്തിലെ വിശാല വാതിലിലൂടെമാത്രം കയറിയിറങ്ങുന്നവരുടെ കണ്ണിൽ ദൃശ്യമാവില്ല. മുട്ടുകുത്താൻ മനസ്സുള്ളവർക്കെല്ലാം തങ്ങളുടെ ജീവിതത്തിൽ ദൈവത്തെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ല.

ഇവിടെ ദൈവം തന്റെ രക്ഷ താഴേത്തട്ടിൽനിന്നും ആരംഭിക്കുന്നു. താഴ്മയുള്ളവരും സാധാരണക്കാരുമായ ആളുകളെ ഉപയോഗിക്കാൻ ദൈവം പ്രത്യേകിച്ചും ഇഷ്ടപ്പെടുന്നു. നമ്മുടെ ദൈവത്തിന്റെ അടയാളം ലാളിത്യമാണ്. ചെറുതാകാനും എളിമപ്പെടാനും അവന്‍ ഇന്ന് നമ്മെയും ക്ഷണിക്കുന്നു. നമ്മുടെ സ്നേഹമല്ലാതെ മറ്റൊന്നും അവൻ നമ്മിൽനിന്ന് ആഗ്രഹിക്കുന്നില്ല. ഒരു പുൽക്കുടിലിൽനിന്നുള്ള പ്രകാശത്തിന്റെ വെളിച്ചത്തിൽ ജീവിക്കുന്നവരും ആ പ്രകാശത്തിന്റെ പിന്നാലെ സഞ്ചരിക്കുന്നവരുമാണ് ക്രിസ്തുവിന്റെ അനുയായികളായ നാം. ഇടയൻമാരെപ്പോലെ നമ്മുടെ ലോകത്തുനിന്നും പുറത്തിറങ്ങി ദൈവം ആയിരിക്കുന്നിടത്തേക്ക് യാത്രചെയ്യാൻ നമുക്കും ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍