സീറോ മലങ്കര നവംബർ 26 ലൂക്കാ 4: 31-37 അധികാരം

ഫാ. സിജോ ജെയിംസ്‌

ഇന്ന് നമ്മള്‍ വായിച്ചുകേട്ട സുവിശേഷഭാഗം, യേശു കഫര്‍ണ്ണാമില്‍ വച്ച് ഒരു പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവമാണ്. ദൈവത്തിനു വേണ്ടി മാറ്റിവച്ചിരിക്കുന്ന സാബത്തു ദിവസം അവന്‍ ദേവാലയത്തിലെത്തി ആളുകളെ പഠിപ്പിക്കാന്‍ തുടങ്ങി. അധികാരത്തോടു കൂടിയ അവന്റെ പഠിപ്പിക്കലില്‍ ജനങ്ങള്‍ വിസ്മയഭരിതരായി എന്നതാണ് സുവിശേഷഭാഗം നമുക്ക് തരുന്ന സന്ദേശം.

അധികാരത്തോടു കൂടി പഠിപ്പിക്കുന്ന ക്രിസ്തുനാഥന്‍. അവന്‍ മറ്റ് അധികാരികളുടെ തണലില്‍ ദൈവവചനം പ്രസംഗിച്ചവനല്ല. പിന്നെയോ, ദൈവത്തില്‍ നിന്നു ലഭിച്ച അധികാരത്തിന്റെ തണലില്‍ സുവിശേഷം പ്രസംഗിച്ചവനാണ്. അവന്റെ അധികാരം മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന അധികാരമല്ല, മറിച്ച് ശുശ്രൂഷിക്കുന്ന അധികാരമാണ്.

യേശുവിന്റെ അധികാരം അവന്റെ വാക്കുകളിലും പഠിപ്പിക്കലുകളിലും മാത്രമല്ല, പിന്നെയോ അവന്റെ പ്രവര്‍ത്തികളിലും ഉണ്ടായിരുന്നുവെന്ന് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന ഒരു മനുഷ്യനില്‍ ബാധിച്ച അശുദ്ധാത്മാവ് ഉറക്കെ നിലവിളിച്ചു പറയുന്നത്, യേശു ദൈവപുത്രനാണ് എന്നുള്ള സത്യമാണ്. യേശു അവനെ ശാസിക്കുന്നു. അതോടൊപ്പം അവനെ വിട്ടുപോകാന്‍ കല്‍പിക്കുന്നു. ആ മനുഷ്യന് യാതൊരു ഉപദ്രവവും വരുത്താതെ യേശുവിന്റെ അധികാരത്തിനു കീഴ്‌പ്പെട്ട് ആ അശുദ്ധാത്മാവ് മടങ്ങുകയാണ്.

പിശാചിനെ പുറത്താക്കുന്നത് കണ്ടിട്ടില്ലാത്ത ഒരു സമൂഹത്തിലല്ല യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചത്. പക്ഷേ, അവന്‍ കല്‍പിച്ച ഉടനെ പിശാച് അവനെ വിട്ടുപോയതില്‍ ആളുകള്‍ അത്ഭുതപ്പെട്ടു. യേശുവിന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയുമുള്ള അധികാരത്തില്‍ അത്ഭുതപ്പെടുന്ന ജനസമൂഹം.

നമുക്കെല്ലാം ചില അധികാരങ്ങള്‍ ദൈവം തന്നിട്ടുണ്ട് – മാതാപിതാക്കള്‍ എന്ന അധികാരം, അദ്ധ്യാപകര്‍ എന്ന അധികാരം, ഉടമകള്‍ എന്ന അധികാരം… ഈ അധികാരങ്ങളൊക്കെയും അപരനെ ശുശ്രൂഷിക്കുന്നതിലുള്ള അധികാരങ്ങളാക്കി മാറ്റാനായി നമുക്ക് പരിശ്രമിക്കാം.

ഫാ. സിജോ ജെയിംസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.