സീറോ മലങ്കര സെപ്റ്റംബർ 21 യോഹ. 10: 11-16 ഇടയന്മാർ

നല്ല ഇടയനായ ഈശോയെക്കുറിച്ചും കൂലിക്കാരായ ഇടയന്മാരെക്കുറിച്ചുമാണ് ഇന്നത്തെ സുവിശേഷഭാഗം. ഈശോ നല്ല ഇടയനായത് ആടുകളെ അറിഞ്ഞതുകൊണ്ടും കരുതിയതുകൊണ്ടും സ്‌നേഹിച്ചതുകൊണ്ടും ആടുകള്‍ക്കായി ജീവന്‍ സമര്‍പ്പിച്ചതുകൊണ്ടുമാണ്. ആടുകളെ സ്വന്തമായി കരുതിയാണ് അവയെ സ്‌നേഹിച്ചതും അവയ്ക്കായി ജീവന്‍ സമര്‍പ്പിച്ചതും. കൂലിക്കാരായ ഇടയന്മാര്‍ ആടുകളെ സ്വന്തമായി കരുതുകയില്ല. അവയ്ക്കായി ജീവന്‍ സമര്‍പ്പിക്കാന്‍തക്കവണ്ണം അവയോട് അവര്‍ക്ക് സ്‌നേഹവുമില്ല. ആടുകളെയൊട്ട് അറിയുകയുമില്ല.

കൂലിക്കാരന്‍ കൂലിക്കുവേണ്ടി ജോലിചെയ്യുമ്പോള്‍ ഇടയന്‍ സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നു. നല്ല ഇടയന്റെ ജോലി പരസ്പരസ്‌നേഹത്തിലും അറിവിലും കൂട്ടായ്മയിലുമാണ്. വൈദികരെയും സന്യസ്തരെയും സംബന്ധിച്ച് ദൈവജനത്തെ അറിയുകയും കരുതുകയും സ്‌നേഹിക്കുകയും അവര്‍ക്കായി ജീവന്‍സമര്‍പ്പിക്കുകയും ചെയ്യുന്ന ഇടയന്മാരാകുക. കുടുംബസ്ഥരെ സംബന്ധിച്ച് അവരവരുടെ പങ്കാളികളെയും മക്കളെയും മാതാപിതാക്കളെയുമൊക്കെ അറിയുകയും കരുതുകയും സ്‌നേഹിക്കുകയും അവര്‍ക്കായി ജീവന്‍സമര്‍പ്പിക്കുകയും ചെയ്യുന്ന ഇടയന്മാരാകുക. അങ്ങനെ ഓരോ ജീവിതാവസ്ഥയിലും അതിന് അനുയോജ്യരായ ഇടയന്മാരാകുക.

ഫാ. ഗീവർഗ്ഗീസ് കൈതവന 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.