സീറോ മലങ്കര സെപ്റ്റംബർ 25 മത്തായി 15: 1-9 പാരമ്പര്യത്തെക്കുറിച്ച് തർക്കം

ഫാ. ജിനോ ആറ്റുമാലില്‍

യേശുവും യഹൂദാനേതാക്കളും തമ്മിലുള്ള ഒരു വിവാദമാണ് ഈ വേദഭാഗത്ത് നൽകിയിരിക്കുന്നത്. അശുദ്ധരും മലിനമാക്കപ്പെട്ടവരുമാണെന്ന് യഹൂദർ കരുതിയിരുന്ന വിജാതീയരുടെ ഇടയിലേക്ക് യേശു പോകുന്നതിനു മുൻപ് എന്താണ് ശുദ്ധി, അശുദ്ധി, മലിനം എന്നെല്ലാം സുവിശേഷകൻ സൂചിപ്പിക്കുകയാണ്. സുവിശേഷത്തിലുടനീളം യഹൂദരും ക്രിസ്തുവും സംഘർഷത്തിലാണ്. ചില ആത്മീയജീവിതങ്ങൾ ഇത്തരത്തിൽ നിരന്തരം വിവാദങ്ങളിലേർപ്പെടാം. തിരുത്തേണ്ടത് തങ്ങളല്ല, മറ്റുള്ളവരാണ് എന്ന് ചിന്തിക്കുന്നവർ സകലരോടും – ദൈവത്തോടു പോലും ഏറ്റുമുട്ടും എന്നതാണ് സത്യം.

ഈശോയുടെ ശിഷ്യന്മാർ എന്തുകൊണ്ടാണ് കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് എന്ന ഫരിസേയരുടെയും നിയമജ്ഞരുടെയും ചോദ്യത്തിന് യേശു നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. അനുഷ്ഠാന ശുദ്ധിയെക്കുറിച്ചുള്ള അവരുടെ അമിത താല്പര്യം കപടതയാണെന്നും മോശയുടെ നിയമം ലംഘിക്കാൻ പോലും അത് അവർക്ക് ഇടയാകുന്നുവെന്നും പ്രവാചകനായ ഏശയ്യായെ ഉദ്ധരിച്ചു കൊണ്ടും യഹൂദരുടെ ഇടയിൽ നടക്കുന്ന ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടും ഈശോ സമർത്ഥിക്കുകയാണ്.

നന്മയും തിന്മയും വേർതിരിക്കാനുള്ള പരിശ്രമം മനുഷ്യന്റെ ധാർമ്മികതയിലെ ധർമ്മസങ്കടമാണ്. ശരിതെറ്റുകൾക്ക് മാനദണ്ഡങ്ങൾ നിർമ്മിച്ച് ശരിയെല്ലാം ശുദ്ധമാണെന്നും, തെറ്റെല്ലാം അശുദ്ധമാണെന്നും യഹൂദർ വിധിയെഴുതി. ഈ വിധിയെഴുത്ത് മാറ്റാനാവാത്ത കല്പനകളായി നിലവിൽ വന്നപ്പോൾ തിന്മക്ക് ഉപരിപ്ലവങ്ങളായ നിർവചനങ്ങൾ ചമയ്ക്കപ്പെട്ടു. തിന്മ ബാഹ്യമല്ല, ആന്തരികമാണെന്ന് യേശു ഇവിടെ ഓർമ്മപ്പെടുത്തുന്നു.

പാപത്തെ ബാഹ്യയാഥാർത്ഥ്യമായി കരുതാനുള്ള പ്രലോഭനത്തിന് മനുഷ്യനോളം പഴക്കമുണ്ട്. താൻ ചെയ്ത പാപത്തിന്റെ പഴി ‘തന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായ’ ജീവിതപങ്കാളിയുടെ മേലും അവൾ അത് സർപ്പത്തിന്റെ മേലും ആരോപിക്കുന്നതിൽ പാപത്തിന്റെ ബാഹ്യവൽക്കരണം ആരംഭിച്ചു. തിന്മ ആന്തരികമാണ് എന്ന ക്രിസ്തുദർശനത്തിന് കാലികപ്രസക്തിയുണ്ട്. കൈ കഴുകുന്നതല്ല, മനസിന്റെ ക്ഷാളനവും ആന്തരിക വിശുദ്ധീകരണവുമാണ് ക്രിസ്തുവിന്റെ ദൃഷ്ടിയിലെ അടിസ്ഥാന ആവശ്യങ്ങൾ. പാപം പുറമേയാണെന്ന യഹൂദചിന്തയെ തിരുത്തി പാപം അശുദ്ധിയും ആന്തരികവുമാണെന്ന് ക്രിസ്തു പഠിപ്പിച്ചു.

ഫാ. ജിനോ ആറ്റുമാലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.