സീറോ മലങ്കര സെപ്റ്റംബർ 17 മത്തായി 16: 21-23 ദൈവഹിതം 

ഫാ. ജോളി കരിമ്പില്‍

യേശുക്രിസ്തുവിന്റെ സന്ദേശങ്ങളുടെ അന്തഃസത്ത ദൈവരാജ്യമായിരുന്നു. ദൈവരാജ്യം എന്നത് ദൈവത്തിന്റെ ഭരണമാണ്. അത് യേശുവിലൂടെ സമാഗതമായി. ദൈവരാജ്യത്തിന്റെ മക്കളാകാനുള്ള ആഹ്വാനമാണ് തന്റെ പ്രബോധങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവിടുന്ന് മനുഷ്യവർഗ്ഗത്തിന് നൽകിയത്. ദാവീദിന്റെ ഭരണത്തെപ്പോലെ, രാജ്യത്തെപ്പോലെ അതിശക്തമായ ഒരു രാജ്യവും ഭരണവും യേശുമിശിഹാ ഭൂമിയിൽ സ്ഥാപിക്കുമെന്ന പ്രതീക്ഷയാണ് ശിഷ്യരെ ആദ്യഘട്ടത്തിൽ നയിച്ചത്.

ഇന്നത്തെ സുവിശേഷഭാഗം ഒരു വഴിത്തിരിവാണ്. തന്റെ രാജ്യം ഐഹികമല്ല എന്നും താൻ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും കടന്നുപോകേണ്ടിവരുമെന്നും എന്നാൽ, പുനരുത്ഥാനത്തിലൂടെ താൻ മരണത്തിന്മേൽ വിജയം വരിക്കുമെന്നും അവിടുന്ന് ശിഷ്യരെ അറിയിച്ചു. പക്ഷേ, ശിഷ്യന്മാർക്ക് ഇത് ഗ്രഹിക്കാവാൻ കഴിയുന്നില്ല.

ബുദ്ധി കൊണ്ട് വിശ്വാസക്കണ്ണുകളാൽ നാം ഗ്രഹിച്ച സത്യത്തെ മനസ്സു കൊണ്ടും ഹൃദയം കൊണ്ടും ജീവിതം കൊണ്ടും പുൽകുന്നതാണ് ദൈവീകത. എന്നാൽ നാം തിരിച്ചറിഞ്ഞ സത്യത്തിന്റെ എതിർദിശയിലേക്ക് ബോധപൂർവ്വം പോകുന്നതാണ് പൈശാചികത. സത്യം നേരേ മുമ്പിൽ നിൽക്കുമ്പോഴും അതിനു പുറംതിരിഞ്ഞു നിൽക്കുന്നതാണ് തിന്മ നിറഞ്ഞ ഹൃദയകാഠിന്യം.

സി.എസ്. ലൂയിസ് പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ ഭൂമിയിൽ രണ്ടു തരത്തിലുള്ള മനുഷ്യരാണുള്ളത്. ദൈവഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണം എന്ന് പ്രാർത്ഥിക്കുകയും തദനുസാരം ജീവിക്കുകയും ചെയ്യുന്നവരാണ് ആദ്യത്തെ കൂട്ടർ; അവർ സ്വർഗം കരസ്ഥമാക്കും. എന്നാൽ, രണ്ടാമത്തെ കൂട്ടർ ‘നിങ്ങളുടെ ഹിതം ഭൂമിയിലെ പോലെ തന്നെ നരകത്തിലും നിറവേറട്ടെ’ എന്ന് ദൈവം പറയുന്ന കൂട്ടരാണ്.

ദൈവഹിതത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്ന ചിന്തകളെയും ബന്ധങ്ങളെയും മോഹങ്ങളെയും നമുക്ക് ഉപേക്ഷിക്കാം. ദൈവഹിതത്തെ സ്നേഹപൂർവ്വം അനുസരിക്കുന്ന ദൈവമക്കളായി നമുക്ക് ജീവിക്കാം.

ഫാ. ജോളി കരിമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.