സീറോ മലങ്കര മെയ് 16 മത്തായി 10: 5-15 അപ്പസ്തോലന്മാരെ അയയ്ക്കുന്നു

ഇസ്രയേൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന പ്രത്യേക പരിഗണനയുടെ പ്രതിഫലനമാണ് യേശു ശിഷ്യന്മാരെ അവരുടെ അടുത്തേക്കു മാത്രമായി അയയ്ക്കുന്നതിൽ കാണുന്നത്. ദൈവീകവാഗ്ദാനങ്ങൾ സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ എന്ന നിലയ്ക്ക് സുവിശേഷം ആദ്യം അവരോട് പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു. പെന്തക്കോസ്താക്കു ശേഷവും സുവിശേഷം വിജാതീയരുടെ ഇടയിലേക്ക് പോകുന്നെങ്കിലും ശിഷ്യന്മാർ ആദ്യം യഹൂദരോട് യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്ന ഈ രീതി തുടരുന്നു. കാരണം, ആദ്യം യേശുവിനെ അനുഗമിക്കാൻ തയ്യാറുള്ള യഹൂദരെ അവിടുത്തെ സന്നിധിയിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇപ്പോൾ യേശുവിനെ ഇസ്രായേൽ ജനത പ്രതീക്ഷിച്ചിരുന്ന മിശിഹാ ആയി അംഗീകരിക്കുന്ന ഒരു കൂട്ടം യഹൂദരുണ്ട്. “യേശുവിനു വേണ്ടി യഹൂദർ” (Jews for Jesus) എന്നറിയപ്പെടുന്ന ഇവർ യഹൂദ ജീവിതശൈലിയും നിയമങ്ങളും പിന്തുടരുന്നരും ക്രിസ്തുവിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. ലോകത്തിലെ പതിമൂന്നു രാജ്യങ്ങളിലായി ഇരുപതു നഗരങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. എന്നാൽ ഇസ്രയേലോ, മറ്റു യഹൂദരോ ഇവരെ തങ്ങളുടെ ഭാഗമായി അംഗീകരിക്കുന്നുമില്ല.

വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വന്ന ശിഷ്യന്മാരെ യേശു ഒരുമിപ്പിച്ചതു പോലെ ഭാവിയിൽ വ്യത്യസ്‍തങ്ങളായ സംസ്കാരങ്ങളിൽ നിന്നും വരുന്ന തന്റെ അനുയായികളെ യേശു വീണ്ടും ഒരുമിപ്പിക്കും. പറഞ്ഞയക്കുന്ന ശിഷ്യന്മാർക്ക് എന്ത് ചെയ്യരുതെന്നും എന്ത് ചെയ്യണമെന്നുള്ള രണ്ടു തരം ഉപദേശങ്ങൾ യേശു നല്കുന്നു. പണമോ, യാത്രയ്ക്ക് അത്യാവശ്യമെന്നു നാം പലപ്പോഴും കരുതുന്ന സാധനങ്ങളോ, ചെരിപ്പോ, വടിയോ ഒന്നും തന്നെ കരുതാൻ പാടില്ല. ക്രിസ്തുശിഷ്യന്റെ സുവിശേഷത്തിനു വേണ്ടിയുള്ള സമർപ്പണവും ദൈവാശ്രയവും പൂർണ്ണമായിരിക്കണം. പലസ്തീനായിലെ കല്ലു നിറഞ്ഞ പാതയിലൂടെ ചെരുപ്പില്ലാതെയുള്ള നടത്തം ദുഷ്‌കരമാണ്. സുവിശേഷപ്രഘോഷണവും രോഗശാന്തിയും പ്രതിഫലേച്ഛ ഇല്ലാതെ ചെയ്യേണ്ട പാവനകർമ്മമാണ്‌. പ്രവാചകതുല്യസാക്ഷ്യം നൽകുന്ന സുവിശേഷകന്റെ സാക്ഷ്യത്തിനേ ഫലമുണ്ടാവൂ; അവന്റെ കാര്യം ദൈവം നോക്കിക്കൊള്ളും.

അപ്പൊസ്‌തോലന്മാരെ സ്വീകരിക്കുന്ന “യോഗ്യരായവരുടെ” ഭവനത്തിൽ മാത്രമേ താമസിക്കാൻ പാടുള്ളൂവെന്നും അവർക്ക് സമാധാനം നൽകിക്കൊണ്ടായിരിക്കണം സമീപിക്കേണ്ടതെന്നും യേശു പറയുന്നു. ഈ സമാധാനം, ആശംസ എന്നതിനേക്കാൾ സ്വർഗ്ഗരാജ്യം എത്തിച്ചേർന്നിരിക്കുന്നു എന്നതിന്റെ അടയാളമാണ് (ഏശ. 52:7). യഹൂദന്മാർ സാധാരണ പുറജാതികളുടെ ഭൂമിയിൽ കൂടി നടന്നതിനു ശേഷം തങ്ങളുടെ നാട്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി അശുദ്ധമായതൊന്നും കൂടെ പോരാതിരിക്കാൻ അവരുടെ കാലിലെ പൊടി അവിടെ തന്നെ തട്ടിക്കളഞ്ഞിരുന്നു. സുവിശേഷകൻ തിന്മയായതിനെ ത്യജിക്കുന്നതിന്റെ പ്രതീകം കൂടിയായിരുന്നു ഇത് (അപ്പ. 13:51). ഇന്ന് യേശു ആഗ്രഹിക്കുന്ന വിധത്തിലുള്ള സുവിശേഷപ്രവർത്തകരാകുന്നതിന് നമുക്ക് ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.