
കതിരുകളെപ്രതി ദൈവമാതാവിന്റെ ഓർമ്മ പുരാതനകാലം മുതൽ പൗരസ്ത്യസഭകളിൽ ആചരിക്കുന്ന ഒരു തിരുനാളാണ്. ചില പ്രദേശങ്ങളിൽ വിളവെടുപ്പുമായി ഈ തിരുനാൾ ബന്ധപ്പെടുത്തി ആഘോഷിക്കുന്നതായും കാണുന്നു. പാശ്ചാത്യസഭയിൽ പ്രബലമായ മെയ് മാസ വണക്കം ഇന്ന് മിക്ക പൗരസ്ത്യ കത്തോലിക്ക സഭകളിലും ആഘോഷിക്കുന്നുണ്ട്. ‘മെയ് മാസ റാണി’ എന്ന ശീര്‍ഷകം മറിയത്തിന് നൽകിയിരിക്കുന്നത് പുതുജീവന്റെ പ്രതീകമായ വസന്തകാലത്തിന്റെ ആഗമനം മെയ് മാസത്തിൽ സംഭവിക്കുന്നതിനാലാണ്. ദൈവപുത്രനായ യേശുവിനെ ലോകത്തിന്റെ നവജീവനായി മറിയത്തിലൂടെ നൽകിയതിന്റെ ഓര്‍മ്മ കൂടിയാണിത്. ദൈവസ്നേഹം മനുഷ്യകുലത്തിന് മാതൃസ്നേഹമാക്കി പകർന്നുനൽകിയത് മറിയമാണ്. യേശുവും മറിയവും തമ്മിലുള്ള ബന്ധം രക്ഷാകരപദ്ധതിയുടെ അവിഭാജ്യ ഘടകമാണ്.
വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിലേക്കു പ്രവേശിച്ചയുടൻ വലതുവശത്തായുള്ള ചെറിയ ചാപ്പലിന്റെ അൾത്താരയ്ക്കു മുകളിലായി വിഖ്യാത ഇറ്റാലിയൻ ശിൽപിയായ മൈക്കൽ ആഞ്ജലോ കൊത്തിയെടുത്ത പിയെത്താ എന്ന വെണ്ണക്കൽ ശിൽപം കാണാം. കുരിശില്‍ മരിച്ച യേശുവിനെ മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്റെ പൂര്‍ണ്ണകായ മാര്‍ബിള്‍ ശില്പമാണിത്. മറ്റു രൂപങ്ങളിൽനിന്നും ഇതിനെ വേറിട്ടുനിർത്തുന്നത് മറിയത്തിന്റെ ജീവിതവിശുദ്ധിയുടെ നിത്യനൈര്‍മ്മല്യം അവളുടെ മുഖത്ത് ദർശിക്കുന്നുവെന്നതാണ്. മറിയത്തിലെ സുകൃതത്തിന്റെ നിറവിൽ, താൻ പോറ്റിവളർത്തിയ ഓമനമകന്റെ ചേതനയറ്റ ശരീരത്തെ ജീവനോടെ അവൾ നോക്കുന്നു. അവളുടെ മേലങ്കി ചിട്ടയുള്ള ചുരുളുകളും വടിവുകളുംകൊണ്ട് വിസ്തരിച്ച്, താഴെ ഗോല്‍ഗോത്തായുടെ വിരിമാറിലേക്കു നീളുന്നു. ക്രിസ്തുവിന്റെ പാതിനഗ്നമായ ദേഹത്തിലെ സ്പന്ദനം നിലച്ച രക്തധമനികളും ഞരമ്പുകളും മൈക്കൽ ആഞ്ജലോ അതുപോലെ ഒപ്പിയെടുത്തിരിക്കുന്നു.
‘പിയെത്താ’ എന്ന ലത്തീൻ വാക്കിന്റെ അർഥം ‘ഭക്തി’ എന്നാണ്. മടിയിൽകിടക്കുന്ന മകന്റെ ശരീരം കാണുമ്പോൾ ദുഃഖം എന്നതിനെക്കാൾ മാതാവിൽ വാത്സല്യവും ഭക്തിയുമാണ്. ദൈവഹിതത്തിനു തന്നെ പൂർണ്ണമായും സമർപ്പിക്കുന്ന ക്രിസ്തുവിന്റെ ആത്മബലിയുടെ സംതൃപ്തിയും ശാന്തതയുമാണ് യേശുവിന്റെ മുഖത്തും. ദൈവ-മനുഷ്യബന്ധത്തിന്റെ കൂട്ടായ്മയില്‍ ഉതിരുന്ന സംതൃപ്തി അമ്മയുടെ മടിയില്‍ കിടക്കുന്ന മകന്റെ മുഖത്ത് ശിൽപി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു (ഇതൊക്കെ വിമർശനവിധേയമായിട്ടുമുണ്ട്). ഓരോ ക്രിസ്തീയവിശ്വാസിയും പ്രാപിക്കേണ്ട ആത്മവിശുദ്ധിയുടെ സാക്ഷാത്ക്കാരവും പ്രതിരൂപവുമാണ് ഈ അമ്മ. അങ്ങനെ മറിയത്തെപ്പോലെ യേശുവിലേക്കു നോക്കി, അവിടുത്തെ സ്നേഹം പ്രതിഫലിപ്പിക്കേണ്ടവരാണ് നാം. നമ്മുടെ ദുഃഖങ്ങളിലും ദുരിതങ്ങളിലും മകനെ മടിയിൽ കിടത്തിയിരിക്കുന്ന മറിയത്തിന്റെ ജീവനുള്ള മുഖമാണ് നമുക്ക് പ്രതീക്ഷ നൽകുന്നത്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍