
ലൂക്കായുടെ സുവിശേഷത്തിൽ, യേശു തന്റെ ജറുസലേമിലേക്കുള്ള യാത്രാമധ്യേ ഒരു സിനഗോഗിൽ സാബത്ത് ദിവസം പഠിപ്പിക്കുകയായിരുന്നു. അന്നേദിവസം യേശു എന്താണ് പഠിപ്പിച്ചതെന്ന് സുവിശേഷകൻ പറയുന്നില്ല. പക്ഷേ, അവിടെ ഒരു കൂനിയായ സ്ത്രീയെ സൗഖ്യപ്പെടുത്തി എന്നു പറയുന്നു. ദൈവാലയത്തിലും സിനഗോഗിലുമൊക്കെ സ്ഥിരമായി പോയിരുന്നെങ്കിലും ഉന്നതത്തിലുള്ള ദൈവത്തെ നോക്കി പ്രാർഥിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ. ഇത് ഒരുതരത്തിൽ 18 വർഷമായി അവൾ അനുഭവിച്ചിരുന്ന അശുദ്ധാത്മ ബന്ധനമായിരുന്നു. ഇന്ന് മുകളിലുള്ള ദൈവം അവളെ കണ്ട്, അവളുടെ അരികിൽ സൗഖ്യവുമായി എത്തുന്നു. സമൂഹത്തിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്നവൾക്ക് ദൈവത്തിന്റെ ശ്രദ്ധയും പരിചരണവും ലഭിക്കുന്നു.
യേശു ‘അവളുടെ മേൽ കൈകൾ വച്ചതിന്റെ’ അനന്തരഫലമായി കൂനിയ അവസ്ഥയിൽ നിന്നും ‘നിവർന്നുനിൽക്കുന്ന’ ജീവിതം അവൾക്ക് ലഭിക്കുന്നു. യേശു അവളുടെ ശരീരത്തെ മാത്രമല്ല, ജീവിതത്തെയും ജീവിതാവസ്ഥയെയുമാണ് സ്പർശിച്ചത്. ഒരുപക്ഷേ, അവളുടെ പാപം കൊണ്ട് അവൾ ഇങ്ങനെ കൂനിപ്പോയി എന്ന് മറ്റുള്ളവർ പരിഹസിച്ചിരുന്ന സാഹചര്യത്തിൽ നിന്നുകൂടി യേശു അവളെ മോചിപ്പിക്കുന്നു. മിശിഹായുടെ വരവിൽ സംഭവിക്കുമെന്നു പ്രവചിച്ചിരിക്കുന്ന ദൈവീകപ്രവൃത്തിയായ ‘ബന്ധിതർക്കുള്ള മോചനം’ കൂനിയെ സൗഖ്യമാക്കിയതിലൂടെ യേശു നടപ്പാക്കുന്നു. യേശു അവളെ തന്റെ ‘അടുത്ത് വിളിച്ച്’ സിനഗോഗിൽ എല്ലാവരുടെയും മുൻപിൽ നിർത്തിയാണ് സൗഖ്യം നൽകുന്നത്. മിക്കവാറും പുറകുവശത്തെ ആർക്കും വേണ്ടാത്ത ഒരു കോണിൽ, ആരാലും ശ്രദ്ധിക്കപ്പെടാതെ എന്നും നിന്നിരുന്നവൾ ഇന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. സമൂഹത്തിൽ അവൾക്ക് സ്ഥാനമുണ്ടെന്നും ദൈവത്തിന്റെ മുമ്പില്‍ ഇവളും വിലയുള്ളവളാണെന്ന് യേശു പറയാതെ പറയുകയായിരുന്നു.
യേശുവിനല്ല, തനിക്കാണ് സിനഗോഗിൽ അധികാരം എന്ന് സ്ഥാപിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ‘ജോലി ചെയ്യാവുന്ന ആറു ദിവസങ്ങളുണ്ട്’ എന്ന് ജനങ്ങളോടായിട്ട് സിനഗോഗാധികാരി പറയുന്നത്. ഇവിടെ യേശുവിന്റെ സ്പർശനത്താൽ പാവപ്പെട്ട ഈ സ്ത്രീ നിവർന്നുനിൽക്കുമ്പോൾ നിയമത്തിന്റെ നുകം പേറി ആത്മീയമായി കൂനി നടക്കുന്നവനായി അയാൾ മാറുന്നു. മൃഗങ്ങളെപ്പോലും ബന്ധനത്തിൽ നിന്നും മോചിപ്പിക്കാൻ സാബത്ത് തടസമല്ലെങ്കിൽ ‘അബ്രാഹത്തിന്റെ മകളായ’ ഇവളെ എന്തുകൊണ്ട് മോചിപ്പിച്ചുകൂടാ! തെറ്റിപ്പോകുന്ന നിയമവ്യാഖ്യാനങ്ങൾ കൂടുതലായ ഭാരങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന അവസ്ഥയാണിവിടെ. പാവങ്ങളുടെ വിമോചനം ദൈവത്തിന്റെ വലിയ രക്ഷാപദ്ധതിയുടെ ഭാഗമാണ്. അധികാരികളും സമൂഹവും ഇതുവരെ കാണാത്ത, അംഗീകരിക്കാത്ത നമ്മുടെ ഇടയിലുള്ള അവശരുടെയും അനാഥരുടെയും മുൻപിൽ യേശുരൂപമാകേണ്ടവരാണ് നമ്മളെന്ന് ഒരിക്കലും മറക്കരുത്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




