സീറോ മലങ്കര സെപ്റ്റംബര്‍ 14 ലൂക്കാ 21: 5-28 യേശുവിനെ വന്ദിക്കുക

ഫാ. ജോളി കരിമ്പില്‍

ഇന്ന് സഭ സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നു. സ്ലീബായെ വന്ദിക്കുമ്പോൾ നമ്മുടെ രക്ഷയെ നാം അനുസ്മരിക്കുകയും രക്ഷയുടെ അടയാളമായ കുരിശിനെ കൃതജ്ഞതയോടെയും പ്രത്യാശയോടെയും നോക്കിപ്പാർക്കുന്നു.

സുറിയാനിക്കാർ സ്ലീബായിൽ എഴുതിയിരിക്കുന്ന ഒരു സുറിയാനി ലിഖിതം ഉണ്ടായിരുന്നു: “അവനിലേക്കു നോക്കുക, അവനിൽ പ്രത്യാശയർപ്പിക്കുക.” ദുഃഖവെള്ളിയാഴ്ച സ്ലീബാ വന്ദനവ് സമയത്ത് നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു: “ഞങ്ങൾക്ക് അതിനാലേ രക്ഷയുണ്ടായി എന്ന മാർ സ്ലീബായെ ഞങ്ങൾ വന്ദിക്കുന്നു…” ‘മാർ’ എന്നാൽ ‘എന്റെ കർത്താവേ’ എന്നും; സ്ലീബാ എന്ന സുറിയാനി വാക്കിന്റെ അർഥം ‘ക്രൂശിക്കപ്പെട്ടവൻ’ എന്നുമാണ്. അതുകൊണ്ടു തന്നെ സ്ലീബായെ വന്ദിക്കുക എന്നാൽ കർത്താവായ യേശുവിനെ വന്ദിക്കുക എന്നു തന്നെയാണ് അര്‍ത്ഥം.

ഒരു ക്രിസ്ത്യാനിയെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമതായി അവർ വിശുദ്ധ സ്ലീബായുടെ അടയാളത്താൽ രക്ഷിക്കപ്പെട്ടവരാണ്; രണ്ടാമതായി, വിശുദ്ധ മാമ്മോദീസായുടെ രൂശ്മായാൽ രക്ഷിക്കപ്പെട്ടവരാണവർ.

ആരാധനക്രമവത്സരത്തിലെ അവസാനത്തെ കാലമായ സ്ലീബാകാലത്ത് സഭ ധ്യാനവിഷയമാക്കുന്ന പ്രമേയം എന്നത് രക്ഷയുടെ അടയാളമായ കുരിശ്, നമ്മുടെ കർത്താവിന്റെ രണ്ടാം ആഗമനം, അന്ത്യവിധി, നിത്യജീവൻ എന്നിവയാണ്. സുറിയാനി സഭയിലെ ശവസംസ്കാര ശുശ്രുഷയിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “ഇവൻ/ ഇവൾ വിശ്വസിച്ച് ഏറ്റുപറഞ്ഞ വിജയ സ്ലീബാ ഇവനെ/ ഇവളെ വിശുദ്ധരുടെ സ്ഥാനത്തേക്ക് നയിക്കുന്ന പ്രകാശസ്തംഭമായിരിക്കട്ടെ.”

നമുക്കും പ്രത്യാശയോടെ സ്ലീബായെ നോക്കാം, ധ്യാനിക്കാം, സ്ലീബായുടെ (കർത്താവിന്റെ) ചിറകിൻ കീഴിൽ സംരക്ഷണം അനുഭവിക്കാം, ദൈവത്തിന് കൃതജ്ഞത അർപ്പിക്കാം.

ഫാ. ജോളി കരിമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.