
“ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവർ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (യോഹ. 7:37). കർത്താവിൽ വിശ്വസിക്കുന്നവർക്കായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന ജീവജലത്തിന്റെ അരുവി നിസ്സംശയം പരിശുദ്ധാത്മാവാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരെയും ധൈര്യപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും ഈ പരിശുദ്ധാത്മാവാണ്. സെഹിയോൻ മാളികയിൽ കാത്തിരുന്നു പ്രാർഥിച്ച ശിഷ്യന്മാരുടെമേൽ ആവസിച്ചത് യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവാണ്. ഈ ആത്മനിറവാണ് ലോകമെങ്ങും സുവിശേഷത്തിന്റെ ചൈതന്യം പ്രസരിപ്പിക്കാൻ ശിഷ്യന്മാരെ ധൈര്യപ്പെടുത്തിയത്.
ഈശോ തന്റെ ശിഷ്യന്മാർക്കു നൽകിയ അതേ സമ്മാനം തന്നെയാണ് തന്റെ മണവാട്ടിയായ തിരുസഭയിലൂടെ, കൂദാശകളിലൂടെ നമുക്കും സംലഭ്യമാകുന്നത്. നമ്മുടെ പദ്ധതികൾക്കും പ്രതീക്ഷകൾക്കും വിഘാതം സൃഷ്ടിക്കുന്ന കേവലസൂക്ഷ്മാണുവിന്റെ മുൻപിൽ നമുക്ക് തളരാതിരിക്കാം. ആത്മാവിൽ ധൈര്യപ്പെടാം. വചനം നമുക്ക് ഉറപ്പു തരുന്നു, ‘പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും’ (അപ്പ. 1:8). ഓരോ നിമിഷവും ആത്മാവിനാൽ നിറയാനും ശക്തിപ്പെടാനും നമുക്ക് ഒരുങ്ങാം. കാത്തിരിക്കാം.
ഫാ. ജിതിന്‍ തടത്തില്‍