സീറോ മലങ്കര ജനുവരി 22 ലൂക്കാ 21: 34-36 ജാഗരൂകരായിരിക്കുക

പുതിയനിയമത്തിൽ ഉടനീളം കാണപ്പെടുന്ന ഉദാത്തമായ സന്ദേശമാണ് മരണത്തെ ജയിച്ച ഉത്ഥിതനായ ക്രിസ്തു യുഗാന്ത്യത്തിൽ മഹത്വത്തോടെ ആഗതനാകും എന്നത്. പക്ഷേ എപ്പോഴാകും അവന്റെ വരവെന്ന് നമുക്കറിയില്ല. ക്രിസ്തു പറഞ്ഞിട്ടുള്ളത്, “നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രൻ വരുന്നത്” (മത്തായി 24:44) എന്നാണ്. അതുകൊണ്ടു തന്നെ നാം സദാ ജാഗരൂകരായിരിക്കണമെന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ സാരാംശം (ലൂക്കാ 21: 34-38).

നമ്മുടെ കർത്താവായ ക്രിസ്തു തന്റെ രണ്ടാം വരവിൽ വിധിയാളനായാണ് പ്രത്യക്ഷപ്പെടുക. അപ്പോൾ മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കാൻ വേണ്ട കരുത്ത് ലഭിക്കാൻ സദാ പ്രാർത്ഥനയിൽ ജാഗരൂകരാകാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. കർത്താവ് നീതിയോടെ വിധിക്കുന്നവനാണ്. അവിടുത്തെ തിരസ്കരിക്കുന്നവരും സുഖലോലുപതയിലും മാരകപാപത്തിലും മുഴുകി അനുതാപമില്ലാതെ ജീവിക്കുന്നവരും മാത്രമാണ് അവനെ ഭയപ്പെടേണ്ടത്. കർത്താവിന്റെ വചനം അനുസരിച്ച് വിശ്വാസത്തിലും നീതിയിലും വിശ്വസ്ഥതയിലും സഹോദരസ്നേഹത്തിലും ജീവിക്കുന്നവർ ദൈവമക്കളുടെ സ്വാതന്ത്രത്തോടും ആത്മധൈര്യത്തോടും കൂടെ ആയിരിക്കും അവിടുത്തെ വരവേൽക്കുന്നത്.

ജാഗരൂകരായിരിക്കുക എന്നാൽ സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിന്റെ മുൻപിലാണ് നാം ആയിരിക്കുന്നത് എന്ന ബോധ്യത്തിൽ ജീവിക്കുക എന്ന് അർത്ഥം. നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ മക്കളാണ് നാം എന്ന ചിന്തയോടെ കർമ്മനിരതരാകുക എന്നാണ് അർത്ഥം. ഇപ്രകാരം തികഞ്ഞ അവബോധത്തിൽ നാം ഓരോ നിമിഷവും ജീവിക്കുകയാണെങ്കിൽ ഇത് ഭൂമിയിലെ നമ്മുടെ അവസാന ദിനമാണെങ്കിലും ഭയവും അസ്വസ്ഥതകളും കൂടാതെ പ്രത്യാശയോടെയും അത്യധികമായ ആനന്ദത്തോടെയും ജീവിക്കാൻ നമുക്ക് സാധിക്കും. അതിനു വേണ്ട കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം. ഓർക്കണം, “ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്” (റോമാ. 14:8 ).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.