സീറോ മലങ്കര ഫെബ്രുവരി 17 മത്തായി 7: 21-28 യഥാര്‍ഥ ശിഷ്യന്‍

ശിഷ്യന്മാരെ പ്രാർഥിക്കാന്‍ പഠിപ്പിച്ച യേശു, പ്രാര്‍ഥന ജീവിതബന്ധിയാകണമെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു. ആനുകാലിക ആത്മീയതയില്‍ ഈ വേദഭാഗം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ‘നിന്റെ നാമത്തില്‍’ എന്ന് മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. യേശുനാമത്തില്‍ സ്വഹിതം നിറവേറ്റുന്നവരെ, അവര്‍ എത്ര അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചാലും അംഗീകരിക്കേണ്ടതില്ല എന്ന് ഇവിടെ വ്യക്തമാക്കുന്നു. ദൈവഹിതം നിറവേറ്റലാണ് സത്യപ്രവാചകത്വത്തിന്റെ മാനദണ്ഡം.

ഒറ്റനോട്ടത്തില്‍, യേശുവിനോടു ചേര്‍ന്നുനില്‍ക്കുന്നവരെയാണ് യേശു തള്ളിപ്പറയുന്നത്. ഇവിടെ അധരവ്യായാമമല്ല; ദൈവപിതാവിന്റെ ഹിതം അനുസരിക്കലാണ് അനിവാര്യം എന്ന് ഈശോ പഠിപ്പിക്കുന്നു. സ്വന്തം ജീവിതത്തെ വിലയിരുത്താനും വചനം ശ്രവിക്കുന്നവര്‍ എന്നതില്‍നിന്നും വചനം ജീവിക്കുന്നവരായിത്തീരാന്‍ തീരുമാനമെടുക്കാനും സാധിക്കണം. ഇതാണ് ക്രൈസ്തവര്‍ ഇന്ന് നേരിടുന്ന വെല്ലുവിളി.

മഴയും കാറ്റും സൂചിപ്പിക്കുക, സത്യത്തിനു സാക്ഷ്യംനല്‍കാന്‍ വിളിക്കപ്പെടുന്ന നിമിഷങ്ങളില്‍ നാം നേരിടുന്ന പ്രലോഭനങ്ങളാണ്. ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ ചേര്‍ത്തു ചിന്തിക്കാം, അദ്ദേഹം പറഞ്ഞു: “ഞാന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നു; എന്നാല്‍, ക്രിസ്ത്യാനികളെ ദ്വേഷിക്കുന്നു” എന്ന്. കാരണം, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ക്രിസ്ത്യാനി ജീവിക്കുന്നില്ല എന്നതുതന്നെ. “ഭോഷന്‍ തന്റെ പിതാവിന്റെ ഉപദേശം പുച്ഛിച്ചുതള്ളുന്നു. വിവേകി ശാസനം ആദരിക്കുന്നു” (സഭാ. 15:5, 12:6).

ഫാ. ജോര്‍ജ് വര്‍ഗീസ് പുത്തന്‍പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.