സീറോ മലങ്കര ഫെബ്രുവരി 03 ലൂക്കാ 2: 25-38 ശിമയോനും അന്നായും

തങ്ങളുടെ ആദ്യജാതനെ ദൈവത്തിനു സമർപ്പിച്ചു വീണ്ടെടുക്കുക, തന്റെ കടിഞ്ഞൂൽപുത്രന്റെ ജനനശേഷം യഹൂദാചാരപ്രകാരമുള്ള അമ്മയുടെ ശുദ്ധീകരണകർമ്മങ്ങൾ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജനനത്തിന്റെ നാല്പതാംദിവസം യേശുവിനെയുംകൊണ്ട് മാതാപിതാക്കൾ ജെറുസലേം ദൈവാലയത്തിലെത്തുന്നത്. ഈ അവസരത്തിൽ യേശുവിന്റെ വരവും കാത്തിരിക്കുന്ന രണ്ടുപേർ അവിടെയുണ്ടായിരുന്നു. നീതിമാനും ദൈവഭക്തനുമായ ശിമയോനും പ്രാർഥനയിലും ഉപവാസത്തിലും ദൈവാലയത്തിൽ കഴിഞ്ഞിരുന്ന പ്രവാചകിയായ അന്നായും.

മാതാപിതാക്കൾ യേശുവിനെ ജെറുസലേം ദൈവാലയത്തിൽ കൊണ്ടുവന്ന ദിവസം പതിവുപോലെ ധാരാളം ഭക്തജനങ്ങൾ അവിടെ ഉണ്ടായിരുന്നു. പുരോഹിതന്മാരും ലേവായരും തീർഥാടകരുമുൾപ്പെടെയുള്ള എല്ലാവരുംതന്നെ തങ്ങൾ ചെയ്യേണ്ട വിവിധ കർമ്മാനുഷ്ഠാനങ്ങളിൽ വ്യാപൃതരായിരുന്നു. പ്രായമായ ശിമയോനും അന്നായുമല്ലാതെ മറ്റാരും അവിടെയെത്തിയ യേശുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞില്ല. ദൈവം തങ്ങളെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന പ്രതീക്ഷയിലായിരുന്നു അവർ എപ്പോഴും പ്രാർഥനയ്ക്കായി ദൈവാലയത്തിലെത്തിയിരുന്നത്. അതിന്റെയെല്ലാം പൂർത്തീകരണമെന്നോണം ഇപ്പോൾ യേശുവിനെ കരങ്ങളിൽവഹിക്കാൻ അവർക്ക് ഭാഗ്യംലഭിക്കുന്നു. അത് അവരുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമായിരുന്നു. ഇസ്രായേൽജനത ദീർഘകാലമായി കാത്തിരുന്ന മിശിഹായെ കാണാൻ അവർക്ക് അനുഗ്രഹമുണ്ടായി.

ശിമയോൻ ശിശുവായ യേശുവിനെ കൈയ്യിലെടുത്തു പറയുന്നു: “കർത്താവേ, ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കേണമേ!” (ലൂക്കാ 2:29). മനുഷ്യജന്മം അർഥപൂർണ്ണമാവുന്നത്, ദൈവം ഭൂമിയിൽ തങ്ങളെ ഏല്പിച്ച ദൗത്യം വിശ്വസ്തതയോടെ പൂർത്തിയാക്കി ലോകത്തോടു വിടപറയാൻ സാധിക്കുമ്പോഴാണ്. നമ്മുടെ പ്രാർഥനാജീവിതം സ്ഥിരതയുള്ളതും വിശ്വാസത്തോടെയും ആയിരിക്കണം. വാർധക്യത്തിൽ യേശുവിനെ നേരിൽ കണ്ടുമുട്ടിയപ്പോൾ തന്റെ ജീവിതത്തിന് അർഥം കണ്ടെത്തിയതായി ശിമയോൻ നമ്മോടു പറയുന്നു. അതുപോലെ, പ്രവാചകിയായ അന്ന ഉപവാസത്തോടും പ്രാർഥനയോടുംകൂടി എന്നും ദൈവാലയത്തിൽ കഴിച്ചുകൂട്ടിയതിനാൽ ഇസ്രയേലിന്റെ വീണ്ടെടുപ്പിനായി വന്നവനാണ് യേശുവെന്നു തിരിച്ചറിയാൻ അവൾക്കു സാധിക്കുന്നു. നമ്മുടെയൊക്കെ ഇടവകയിലെ അനുഗ്രഹം നിരന്തരം പ്രാർഥിക്കുന്ന ശിമയോനെപ്പോലെയും അന്നയെപ്പോലെയുമുള്ള വിശ്വാസികളാണ്. തന്നോടു വിശ്വസ്തരായവരോട് ദൈവം എപ്പോഴും വിശ്വസ്തനായിരിക്കുന്നതിനാൽ അവർ ദൈവത്തിൽനിന്ന് അനേകം അനുഗ്രഹം നമ്മുടെ സമൂഹത്തിനു വാങ്ങിത്തരുന്നു. പ്രാർഥനയിൽ കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് മറ്റുള്ളവർക്ക് അനുഗ്രഹം വാങ്ങിനൽകുന്ന അർഥപൂർണ്ണമായ ജീവിതം നയിക്കുന്നതിനു നമുക്കും പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍