
യേശുവിന്റെയും ശിഷ്യന്മാരുടെയും ഇടയിൽ ഒരു ‘നാടകീയ മുഹൂർത്തം’ സൃഷ്ടിച്ചുകൊണ്ട് അതിശയകരമായൊരു അഭ്യർഥനയുമായി യേശുവിന്റെ പ്രിയപ്പെട്ട രണ്ടു ശിഷ്യന്മാർ എത്തുന്നു. കഴിഞ്ഞ അധ്യായത്തിൽ മർക്കോസ് വിവരിച്ച യേശുവിന്റെ രൂപാന്തരീകരണ സമയത്ത് കൂടെയുണ്ടായിരുന്നവരെന്ന നിലയിൽ അവിടുത്തോട് ചേർന്നിരിക്കുന്നതിന്റെ പ്രയോജനം യാക്കോബും യോഹന്നാനും നേരിട്ട് അനുഭവിച്ചതാണ്. മോശയുടെയും ഏലിയായുടെയും മുഖഭാവം തിളങ്ങിനിന്നതിന്റെ കാരണവും ഒരുപക്ഷേ, യേശുവിന്റെ ഇടത്തും വലത്തും ഇരുന്നതാവാം. പ്രശോഭിതജീവിതം സ്വർഗത്തിലെന്നതിനെക്കാൾ ഈ ഭൂമിയിൽ ആഗ്രഹിച്ചതുകൊണ്ടാണ്, ചോദിക്കുന്നതിന്റെ അർഥം പൂർണ്ണമായും അറിയാമോ എന്ന് യേശു അവരോട് ആരായുന്നത്. ഇവിടെ അതിശയകരമായിരിക്കുന്നത് യേശു, തന്റെ വരാനിരിക്കുന്ന സഹനത്തെക്കുറിച്ച് മൂന്നാം പ്രാവശ്യം പറയുന്നതിന്റെ തൊട്ടുപിന്നാലെയാണ് ശിഷ്യന്മാർ ഈ അഭ്യർഥന നടത്തുന്നത് എന്നതാണ്.
യേശുവിന്റെ രാജ്യത്തിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ ചെറിയവനാകണമെന്ന വൈരുധ്യം ലോകത്തിനു പെട്ടെന്ന് മനസ്സിലാവുന്നതല്ല. ഇവിടെ മഹത്വത്തിന്റെ മാനദണ്ഡം പരിധിയില്ലാത്ത, ജീവൻതന്നെ നൽകിയുള്ള സ്നേഹവും സേവനവുമാണ്. ഇത് പുറജാതികളുടെ ഇടയിൽ നിലവിലുള്ള യജമാനത്വശൈലിയിൽ നിന്നും വ്യത്യസ്തമാണ്. അധികാരം അണികളുടെമേൽ പ്രയോഗിക്കുന്നതിനു പകരം അനുയായികളുടെ കാലുകഴുകുന്ന ശൈലിയാണിത്. വാക്കിലൂടെ വരുന്നതിനു മുമ്പ് പ്രവർത്തിയിലൂടെ സംസാരിക്കുന്ന ക്രിസ്തീയജീവിതമാണിത്. ജീവൻ പോലും മറ്റൊരാൾക്കുവേണ്ടി മോചനദ്രവ്യമായി നൽകി ലോകത്തെ നവീകരിക്കുന്ന ക്രിസ്തുവിന്റെ ശൈലിയാണിത്.
ശിഷ്യന്മാർക്കെല്ലാംതന്നെ യേശു പറഞ്ഞതിന്റെ അർഥം മനസ്സിലായി എന്നതാണ് അവരുടെ പിന്നീടുള്ള ജീവിതം തെളിയിക്കുന്നത്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ ധൈര്യപൂർവം പറയുന്നത്: “ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുകരിക്കുവിൻ” (1 കോറി. 11:1). ആദിമ ക്രൈസ്തവസഭയിൽ നേതൃത്വശൈലി നിശ്ചയിച്ച മൂന്നു കാര്യങ്ങളായിരുന്നു കൂട്ടായ്മ, ശുശ്രൂഷ, സാക്ഷ്യം (koinonia, diakonia, martyria). “കൊയ്‌നോണിയ” ക്രിസ്തുവിന്റെ ശരീരമായ സഭയിൽ നിലനിർത്തേണ്ട ഐക്യത്തിന് നേതൃത്വം നൽകുന്നതാണ്. “ദിയക്കോണിയ” സഭാസന്താനങ്ങളെ പ്രത്യേകിച്ച്, പാവങ്ങളെയും അവശരെയും ക്രിസ്തുവിന്റെ പ്രതിനിധിയായി ശുശ്രൂഷിക്കുന്നതാണ്. “മർത്തീറിയ” ക്രിസ്തീയജീവിതത്തിന്റെ ഉദാത്തഭാവമായ ജീവൻപോലും നൽകിയുള്ള സാക്ഷ്യമാണ്. ഭൗതികമായ മഹിമയും ആദരവും നൽകുന്ന അധികാരസ്ഥാനങ്ങൾക്കുപിന്നാലെ പോകാതെ യേശുവിന്റെ നേതൃത്വശൈലി അനുകരിച്ചുകൊണ്ട് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിന് നമുക്കിന്ന് പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍