സീറോ മലങ്കര ജൂൺ 02 മത്തായി 19: 23-30 ദൈവത്തിന് എല്ലാം സാധ്യമാണ്

സമ്പത്തിൽ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ യേശു സംസാരിക്കുന്നു. ധനത്തിന്റെ പ്രലോഭനത്താൽ ദൈവാശ്രയം ഉപേക്ഷിക്കുന്നവർക്ക് സ്വർഗ്ഗരാജ്യം അന്യമാവും. നിത്യജീവൻ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്നവർ “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ” (ലൂക്കാ 13:24) എന്ന് യേശു നേരത്തെ പറഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് അസാധ്യവും ദൈവത്തിന് സാധ്യവുമായ സ്വർഗ്ഗരാജ്യ പ്രവേശനത്തിന് ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കുക എന്നതാണ് ഏക പരിഹാരം.

“ഒട്ടകം സൂചിക്കുഴയിലൂടെ കടക്കു”ന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ബൈബിൾ പണ്ഡിതമാർ നൽകിയിട്ടുണ്ട്. അലക്സാൻഡ്രിയായിലെ വി. സിറിളിന്റെ അഭിപ്രായത്തിൽ, “കമെല്ലോസ്” (ഒട്ടകം) എന്ന ഗ്രീക്ക് വാക്ക് “കമിലോസ്” (കയർ) എന്ന വാക്കിനു പകരമായി ചില കൈയ്യെഴുത്തു പ്രതികളിൽ കയറിപ്പറ്റിയതാണെന്നാണ്. ബൈബിളിന്റെ സുറിയാനി പരിഭാഷയായ പ്ശീത്തായിൽ ഒട്ടകം എന്നതിനു പകരം “കയർ സൂചിക്കുഴയിൽ കൂടി കടക്കുന്നതാണ്” എളുപ്പം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു ചിലരുടെ അഭിപ്രായത്തിൽ, ജറുസലേം നഗരത്തിലേക്കുള്ള പ്രധാന കവാടം അടച്ചുകഴിഞ്ഞാൽ ആളുകൾക്ക് അകത്തുകടക്കാൻ വേണ്ടി അതിനോട് ചേർന്ന് ഉണ്ടായിരുന്ന ഒരു വാതിലായിരുന്നു ഇതെന്നാണ്. ഇത് തീരെ ചെറുതായിരുന്നതിനാൽ “സൂചിക്കുഴ” (Eye of the Needle) എന്നാണ് ആളുകൾ വിളിച്ചിരുന്നത്. ഈ വാതിലിലൂടെ യാത്രക്കാരന്റെ ഒട്ടകത്തിന് പ്രവേശിക്കുക വളരെ പ്രയാസമേറിയ കാര്യമായിരുന്നു. മൂന്നാമത്തെ ഭാഷ്യം യേശു അതിശയോക്തി കലർന്ന ഒരു ഭാഷാപ്രയോഗത്തിലൂടെ കേൾവിക്കാരുടെ മനസിൽ ഈ ആശയം ആഴത്തിൽ പതിയുന്നതിനു പരിശ്രമിക്കുന്നു എന്നതാണ്. അക്കാലത്ത് യഹൂദർക്ക് പരിചയമുണ്ടായിരുന്ന ഏറ്റം വലിയ വളർത്തുമൃഗമായിരുന്നു ഒട്ടകം. അതുപോലെ തന്നെ ഒരു സൂചിക്കുഴ ആയിരുന്നു മനുഷ്യന് ഊഹിക്കാവുന്നതിൽ വച്ച് ഏറ്റം ചെറിയ സുഷിരം. സമ്പത്തിൽ മാത്രം ആശ്രയിക്കുന്നവന്റെ സ്വർഗ്ഗരാജ്യ പ്രവേശനം ഇതുപോലെ ദുഷ്കരമായിരിക്കുമെന്നാണ് യേശു പറയാൻ ഉദ്ദേശിച്ചത്.

ഈ അവസരത്തിൽ പത്രോസ്, തങ്ങൾ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെ പിന്നാലെ വന്നതിനെക്കുറിച്ച് അവിടുത്തെ ഓർമ്മിപ്പിക്കുന്നു. അവരുടെ പ്രതിഫലമായി യേശു പറയുന്നത്, വരാനിരിക്കുന്ന രാജ്യത്തിലെ മഹത്വമാണ്. യേശുവിന്റെ അനുഭാവികളിൽ അരിമത്യായിലെ ജോസഫിനെപ്പോലെയുള്ള ധനവാന്മാരും ഉണ്ടായിരുന്നു. അനശ്വരമായ സ്വർഗ്ഗരാജ്യത്തെപ്രതി നശ്വരമായ പലതിനെയും ഉപേക്ഷിക്കേണ്ടിവരും. ലോകത്തിന്റെ കണ്മുൻപിൽ ജീവിതവിജയം നേടിയവർ അധികാരവും സമ്പത്തും സ്വാധീനവും ഉള്ളവരായിരിക്കാം. എന്നാൽ, ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നതും സ്വർഗ്ഗരാജ്യത്തിനു വേണ്ടി എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവുന്നതുമാണ് ജീവിതവിജയത്തിനുള്ള യേശുവിന്റെ മാനദണ്ഡം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.