സീറോ മലങ്കര മെയ് 01 മർക്കോ. 6: 1-6 യേശു സ്വദേശത്ത് അവഗണിക്കപ്പെടുന്നു

തങ്ങളുടെ ഗ്രാമത്തെ ലോകത്തിനു മുമ്പിൽ പ്രശസ്തമാക്കുന്നവർക്ക് എക്കാലത്തും ജനങ്ങൾ താരപരിവേഷം നൽകാറുണ്ട്. ഇക്കാലത്ത് പ്രശസ്തരായ പലരും കുടുംബപ്പേരിനേക്കാൾ തങ്ങൾ ജനിച്ച സ്ഥലത്തിന്റെ നാമം സ്വന്തം പേരിനോടു ചേർത്ത് അറിയപ്പെടാനാണ് താത്പര്യപ്പെടുന്നത്. എന്നാൽ യേശു, ഗലീല പ്രദേശങ്ങളിലെ സുവിശേഷപ്രഘോഷണ വിജയത്തിനു ശേഷം തന്റെ ഗ്രാമത്തിലേക്ക് തിരികെയെത്തുമ്പോൾ അംഗീകാരത്തിനു പകരം സ്വന്തം ജനതയുടെ അവഗണയാണ് ലഭിക്കുന്നത്. കഫർണ്ണാമിൽ അറിയാത്തവരുടെ മുമ്പിൽ ചെയ്ത ചില കാര്യങ്ങളുടെ പേരിൽ, വലിയ കുടുംബമഹിമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ തച്ചന്റെ മകന് ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നതായിരിക്കാം അവരുടെ ചിന്ത. ഇപ്പോൾ തന്റെ ഗ്രാമത്തിലുള്ളവരുടെ തിരസ്ക്കരണം താമസിയാതെ, താൻ രക്ഷിക്കാൻ വന്ന ഇസ്രായേൽ സമൂഹത്തിന്റെ തന്നെ അവഗണയുടെ ഒരു മുന്നാസ്വാദനം മാത്രമാണെന്ന് യേശുവിന് അറിയാമായിരുന്നു. ഇപ്പോൾത്തന്നെ വരാനിരിക്കുന്ന സഹനത്തിന്റെയും തിരസ്ക്കരണത്തിന്റെയും വേദന യേശു അനുഭവിക്കാൻ തുടങ്ങുന്നു.

യഹൂദാ മതനിയമങ്ങൾ കൃത്യമായി അനുസരിച്ചിരുന്ന ഒരുവൻ എന്ന നിലയിൽ യേശു എവിടെയായിരുന്നാലും സാബത്ത് ദിവസങ്ങളിൽ അടുത്തുള്ള സിനഗോഗുകളിൽ പോയിരുന്നു. എന്നാൽ, യേശുവിന്റെ ആഴമായ അറിവും ദൈവാനുഭവവും വചനവ്യാഖ്യാനത്തിലൂടെ പ്രകടമാവുമ്പോൾ ജനങ്ങൾക്ക് ആദ്യം അത്ഭുതവും പിന്നീട് ഇടർച്ചയും ഉണ്ടാകുന്നു. അവർക്കറിയാവുന്ന ജോസഫിന്റെയും മേരിയുടെയും മകനായ യേശുവിന് ഈ കഴിവുകളൊന്നും ഇതുവരെയും കേട്ടിട്ടില്ലാത്തതാണ്. എന്നാൽ, യേശുവിന്റെ പ്രസംഗങ്ങൾ കഫർണ്ണാമിലെപ്പോലെ ഫലദായകമായിരുന്നുവെന്ന് ആളുകളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ഇവിടെയുള്ള വ്യത്യാസം ആളുകളുടെ തിരസ്ക്കരണ മനോഭാവം കാരണം വചനത്തിന് അവരുടെ ജീവിതത്തിൽ യാതൊരു വ്യത്യാസവും വരുത്താൻ സാധിക്കുന്നില്ല എന്നതാണ്.

പഴയനിയമ പ്രവാചകന്മാരുടെ പാതയിലൂടെ തന്നെയാണ് ഇപ്പോൾ യേശുവിന് സഞ്ചരിക്കേണ്ടി വരുന്നത്. സ്വന്തം ജനത്തിന്റെ യേശുവിനോടുള്ള അവഗണന, ലഭിക്കാമായിരുന്ന ഒരുപാട് അനുഗ്രഹങ്ങൾക്ക് തടസമായി ഭവിക്കുന്നു. വചനം ദിവസവും വായിച്ചതുകൊണ്ടോ, ഒരുപാട് വചനപ്രഘോഷണം കേട്ടതുകൊണ്ടോ നമ്മുടെ ജീവിതത്തിലേക്ക് ദൈവീകാനുഗ്രഹങ്ങൾ ഒഴുകിയെത്തണമെന്നില്ല. ദൈവീകവചനത്തെ ഉൾക്കൊള്ളുന്നതിനുള്ള ഹൃദയ ഒരുക്കവും അതിനനുസരിച്ചുള്ള ജീവിതനവീകരണവും നമുക്ക് ആവശ്യമാണ്. നമ്മുടെ ജീവിതത്തൽ അത്ഭുതകരമായി ഇടപെടുന്നതിന് ദൈവത്തെ അനുവദിച്ചുകൊണ്ട് യേശുവിന്റെ യഥാർത്ഥ ശിഷ്യരാണെന്ന് നമുക്ക് തെളിയിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.