സീറോ മലങ്കര ഒക്ടോബർ 04 മത്തായി 11: 25-30 ക്രിസ്തുവിലാണ് രക്ഷ

ഈ ലോകജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളുടെയും ദുഃഖങ്ങളുടെയുമൊക്കെ മധ്യേ ക്രിസ്തുവിൽ അഭയംപ്രാപിക്കാൻ നമുക്ക് സാധിക്കണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ സുവിശേഷഭാഗം. ക്രിസ്തുവിന്റെ ശുശ്രൂഷയെ തള്ളിപ്പറഞ്ഞ നിയമജ്ഞർക്കും പ്രമാണികൾക്കുമെതിരെയുള്ള മറുപടിയായിട്ടാണ് നാം ഈ വചനഭാഗത്തെ കാണേണ്ടത്. അവർ വളരെ ജ്ഞാനം ഉള്ളവരാണെങ്കിൽപോലും എളിമയുള്ളവരായിരുന്നില്ല. ക്രിസ്തുവിലാണ് നമ്മുടെ യഥാർഥ ആശ്വാസമെന്ന് നമ്മൾ മനസ്സിലാക്കണം. ക്രിസ്തുവിലാണ് നമ്മുടെ രക്ഷ എന്ന് നമ്മൾ തിരിച്ചറിയണം. ഫരിസേയപ്രമാണികൾ പറയുന്നതുപോലെ, സ്വന്തം കഴിവുകൊണ്ട് നമുക്ക് രക്ഷനേടാൻ സാധിക്കില്ല. “എന്തെന്നാൽ അവനിൽ നമെല്ലാവരും നീതിയാകേണ്ടതിന് പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി” (2 കൊറി 5:21).

നമ്മൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന നിമിഷംമുതൽ നമ്മൾ ക്രിസ്തുവിന്റേതാണ്. അവനുമായിട്ട് ഐക്യപ്പെടാൻ സാധിക്കുന്നു. ഈ ബന്ധം ക്രിസ്തുവിൽ പുതിയജീവിതം തുടങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നു. പുതിയജീവിതം ഏതവസ്ഥയിലും അവനിൽ ആശ്വാസംകണ്ടെത്താൻ നമ്മെ സഹായിക്കുന്നു. “ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍ നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” (റോമ 8:35).

ഫാ. ജോസഫ്‌ കുടിലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.