സീറോ മലബാര്‍ നോമ്പുകാലം ഏഴാം വെള്ളി ഏപ്രില്‍ 15 ദുഃഖവെള്ളി

സഹനത്തിന്റെ പൂര്‍ണ്ണത കാൽവരിയിലെ കുരിശിൽ കാണുന്ന ദിനമാണിന്ന്. കൂടെ നടന്നവർ ഒറ്റിക്കൊടുക്കുന്നു, തള്ളിപ്പറയുന്നു, യഹൂദർ ക്രൂശിക്കാൻ ആക്രോശിക്കുന്നു, പട്ടാളക്കാർ പിടിക്കുന്നു, മുൾക്കിരീടം അണിയിക്കുന്നു, കുരിശുമരം തോളിൽ വച്ചുകൊടുക്കുന്നു, മൂന്നുവട്ടം താഴെ വീഴുന്നു, ചമ്മട്ടിയാൽ അടിക്കപ്പെടുന്നു, കൈകാലുകൾ മുറിഞ്ഞ് രക്തം വമിക്കുന്നു, കൈകളിലും കാലുകളിലും അണികൾ ആഴ്ന്നിറങ്ങുന്നു, കുന്തം കൊണ്ട് കുത്തപ്പെടുന്നു, പിടഞ്ഞ്  മരിക്കുന്നു. ഭൂമിയെ രക്ഷിക്കാൻ വന്ന ദൈവപുത്രന്റെ ദൂമിയിലെ മുപ്പത്തിമൂന്നു വർഷത്തെ ജീവിതത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു – സഹനത്തിന്റെ പൂര്‍ണ്ണത.

സഹന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരാണ് നമ്മളൊക്കെ. ചിലപ്പോഴൊക്കെ സഹനങ്ങളിൽ തളർന്നു പോകാറുണ്ട്, നിരാശരാകാറുണ്ട്. പക്ഷേ, അപ്പോഴൊക്കെ നമ്മൾ ഓർമ്മിക്കണം, നമ്മേക്കാളും സഹിച്ച്, വേദനിച്ച്, മരിച്ച ഒരു രക്ഷകൻ നമുക്കുണ്ട് എന്ന സത്യം. കുരിശ് നമ്മുടെ കരുത്തിന്റെ ഉറവിടമായി മാറട്ടെ. ഭാഗികമായി സഹനത്തിലൂടെ കടന്നുപോകുന്ന നമ്മൾ സഹനത്തിന്റെ പൂര്‍ണ്ണതയായ ക്രിസ്തുവിൽ അഭയം കണ്ടെത്തട്ടെ. തളരാതിരിക്കാനും തകർക്കാതിരിക്കാനും കുരിശ് നമുക്ക് താങ്ങായി മാറട്ടെ. സഹനം അതിന്റെ പൂർണ്ണതയിൽ ജീവിച്ച ഈശോ കടന്നുപോയത് ഉയർപ്പിലേക്കാണ് എന്നത് നമ്മെ കൂടുതൽ ഉർജ്ജസ്വലരാക്കാൻ സഹായിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.