ജനുവരി 26 ആഗോള സഭയില്‍ ബൈബിള്‍ ഞായറായി പാപ്പായുടെ പ്രഖ്യാപനം

ദൈവവചനത്തില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്നതിന് വിശ്വാസികളെ പ്രേരിപ്പിക്കുന്നതിനായി ജനുവരി 26 ആഗോള സഭയില്‍ ബൈബിള്‍ ഞായറായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. പ്രസ്തുത ദിവസം വിശുദ്ധ ഗ്രന്ഥം ഊര്‍ജ്ജസ്വലമായി പഠനം നടത്താന്‍ വേണ്ടി രൂപതകളും ഇടവകകളും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും വേണമെന്ന് നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റിനോ ഫിഷിചെല്ല പറഞ്ഞു.

ആഗോളതലത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണെങ്കിലും അത് ആളുകള്‍ കൈകളിലെടുക്കാത്തതിനാല്‍ ഒരുപക്ഷേ, ഏറ്റവും പൊടിപിടിച്ചു കിടക്കുന്ന ഗ്രന്ഥവും ബൈബിള്‍ തന്നെയായിരിക്കുമെന്നും ഫിഷിചെല്ല പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ മാത്രമാണ് പലരും ബൈബിള്‍ ശ്രവിക്കുന്നതെന്നും ഫിഷിചെല്ല ചൂണ്ടിക്കാട്ടി.

ബൈബിള്‍ പണ്ഡിതനായിരുന്ന വി. ജെറോമിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ മുപ്പതാം തീയതി ഫ്രാന്‍സിസ് പാപ്പ അപ്പസ്‌തോലിക ഡിക്രിയിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ജനുവരി 26ന് ബൈബിള്‍ ഞായര്‍ ആചരിക്കുവാന്‍ നിര്‍ദ്ദേശമുള്ളത്. വിശുദ്ധ ഗ്രന്ഥവുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കണമെന്നും ഇല്ലെങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍ തണുത്തുമരവിച്ചു പോകുമെന്നും കണ്ണുകള്‍ അടഞ്ഞുപോകുമെന്നും ബൈബിള്‍ പഠനത്തിന്റെ ആത്മീയ ആവശ്യകത വിവരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഡിക്രിയില്‍ എഴുതിയിരുന്നു.