ഞായർ പ്രസംഗം, ദനഹാക്കാലം മൂന്നാം ഞായർ ജനുവരി 16, തെരഞ്ഞെടുപ്പിനുള്ളിലെ ദൗത്യം

ബ്ര. ജോബി താന്നിപ്പള്ളി MCBS

ഓരോ തെരഞ്ഞെടുപ്പിന്റെ പിന്നിലും ഒരോ പ്രത്യേക ദൗത്യമുണ്ട്. പഴയനിയമത്തില്‍ ഇസ്രായേല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. അത് ദൈവവുമായി ഉടമ്പടിയിലൂടെ ദൈവത്തിന്റെ സ്വന്തജനമായിത്തീര്‍ന്ന് സത്യദൈവത്തെ ആരാധിക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ അനുഭവിച്ച ദൈവത്തെ വിജാതീയരുടെ ഇടയില്‍ സാക്ഷ്യപ്പെടുത്താനും അതുവഴിയായി ദൈവം മഹത്വപ്പെടാനും ഇടയാകണം. ഇപ്രകാരമൊരു മഹത്തായ ദൗത്യത്തിനു വേണ്ടിയായിരുന്നു ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്. പുതിയനിയമത്തില്‍ തന്റെ ദൈവികമായ ദൗത്യം ലോകാവസാനത്തോളം തുടരുന്നതിനായി തന്റെ സജീവസാക്ഷികളാകാനാണ് ഈശോ ശിഷ്യന്മാരെ തെരഞ്ഞെടുക്കുന്നത്.

മാമ്മോദീസായിലൂടെ സ്വായത്തമാക്കിയതും പരിശുദ്ധാത്മാവിനാല്‍ വെളിപ്പെട്ടതുമായ വിശ്വാസസത്യങ്ങള്‍ക്കനുസൃതമായി സാക്ഷ്യജീവിതം നയിക്കാന്‍ സഭാമാതാവ് ഈ ദനഹാക്കാലത്തില്‍ നമ്മോട് ആവശ്യപ്പെടുമ്പോള്‍ ഇന്നേ ദിവസം തിരുസഭ നമുക്കു നല്‍കുന്ന വചനഭാഗം മര്‍ക്കോ. 3:7-19 വരെയുള്ള വാക്യങ്ങളാണ്. “തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു” എന്നു പറയുമ്പോള്‍, ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം ‘തെലോ’ (Thelo) എന്ന ക്രിയയാണ്. ഇതിന് ശിഷ്യന്മാരുടെ ഏതെങ്കിലും ഗുണവിശേഷത്തിലുള്ള സന്തോഷം എന്ന അര്‍ത്ഥമില്ല. മറിച്ച് ‘ആവശ്യമുള്ളവരെ’ എന്ന അര്‍ത്ഥമാണുള്ളത്. തന്റെ ശിഷ്യന്മാരില്‍ ചിലരെ ചില പ്രത്യേക ദൗത്യം നിര്‍വ്വഹിക്കാന്‍ തനിക്ക് ആവശ്യമുള്ളതുകൊണ്ട് ഈശോ അവരെ തെരഞ്ഞെടുത്തുവെന്നാണ് ഇവിടെ അര്‍ത്ഥം. നമ്മളും പൗരോഹിത്യ ശുശ്രൂഷക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ്. നമ്മുടെ വിളിയുടെ മാനദണ്ഡം വിദ്യാഭ്യാസയോഗ്യതയോ, സാംസ്‌കാരിക ഔന്നത്യമോ, സാമ്പത്തിക പശ്ചാത്തലമോ, ധാര്‍മ്മിക നിലവാരമോ ഒന്നുമല്ല. ഈ തെരഞ്ഞെടുപ്പിന്റെ കാരണം തെരഞ്ഞെടുക്കപ്പെടുന്നവന്റെ നന്മയല്ല, മറിച്ച് തെരഞ്ഞെടുക്കുന്നവന്റെ നന്മ മാത്രമാണ്.

മര്‍ക്കോ. 6: 14-15 വാക്യങ്ങളില്‍, എന്തിനു വേണ്ടിയിട്ടാണ് ഈശോ തന്റെ ശിഷ്യരെ വിളിച്ചതെന്നു വ്യക്തമാക്കുന്നു. തന്നോടു കൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാന്‍ അധികാരം നല്‍കുന്നതിനും.

മര്‍ക്കോ. 6: 7-ാം വാക്യത്തില്‍ ഈശോ, പന്ത്രണ്ടു പേരെ അയക്കുമ്പോള്‍ പിശാചുക്കളെ പുറത്താക്കാനുള്ള അധികാരവും നല്‍കുന്നുണ്ട്. അതുകൊണ്ട് ഈശോ പന്ത്രണ്ടു പേര്‍ക്ക് നല്‍കുന്ന ദൗത്യം ഒരേ സമയത്ത് നിറവേറാനുള്ളതാണ്. ഇതിന് യഥാര്‍ത്ഥത്തില്‍ രണ്ടു കാര്യങ്ങളാണുള്ളത്.

(1) ഈശോയോടു കൂടെ ആയിരിക്കുക
(2) ഈശോയാല്‍ അയയ്ക്കപ്പെടുക

ഈ അയക്കപ്പെടലിലുള്ള രണ്ട് അംശങ്ങളാണ് സുവിശേഷം പ്രഘോഷിക്കുക എന്നതും പിശാചുക്കളെ പുറത്താക്കുക എന്നതും.

എങ്ങനെയാണ് ഈശോയോടു കൂടെ ആയിരിക്കാനും അതേ സമയം അയക്കപ്പെടാനും സാധിക്കുക? ശാരീരികസാന്നിധ്യം കൊണ്ടു മാത്രമല്ല, അയക്കപ്പെടുമ്പോഴും തുടരാന്‍ കഴിയുന്ന ആത്മീയസാന്നിധ്യവും കൊണ്ട് ഈശോയോടു കൂടെയായിരിക്കാന്‍ സാധിക്കുമെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ഈശോയോടു കൂടെ വസിക്കുക എന്നതാണ് അയക്കപ്പെടുന്നതിനെ അര്‍ത്ഥവത്താക്കുന്നത്. സമീപപ്രദേശങ്ങളിലേക്കും വിദൂരങ്ങളിലേക്കും സ്‌നേഹിതരുടെ അടുക്കലേക്കും ശത്രുക്കളുടെയും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെയും ഇടയിലേക്കുമുള്ള അയക്കപ്പെടല്‍ അര്‍ത്ഥവത്താകുന്നത് ഈശോയോടു ചേര്‍ന്നിരിക്കുന്നുവെന്നതാണ്.

ദൈവം തെരഞ്ഞെടുക്കുന്നവനെ ശക്തിപ്പെടുത്താനായി അവിടുന്ന് കൂടെയുണ്ടായിരിക്കുമെന്ന സന്ദേശമാണ് ഇന്നത്തെ പഴയനിയമ വായനകള്‍ നല്‍കുന്നത്. കൂടെയായിരുന്ന് പരിപാലിക്കുന്ന ദൈവത്തെയാണ് നിയമാവര്‍ത്ത പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായന കാണിച്ചുതരുന്നത്. ഇസ്രായേലിനെ തുടര്‍ന്നു നയിക്കാന്‍ തന്റെ പിന്‍ഗാമിയായി മോശ ജോഷ്വായെ വിളിച്ചു നിയോഗിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. നിയമാ. 31:8, “കര്‍ത്താവാണ് നിന്റെ മുമ്പില്‍ പോകുന്നത്. അവിടുന്ന് നിന്നോടു കൂടെ ഉണ്ടായിരിക്കും.” ഇസ്രായേലിന്റെ ശക്തിയും സംരക്ഷണവുമായി ദൈവം എപ്പോഴും കൂടെയുണ്ടെന്ന് രണ്ടാം വായനയിലൂടെ ഏശയ്യാ പ്രവാചകന്‍ ഉറപ്പു നല്‍കുന്നു. ഏശയ്യാ 41:13, “നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലതു കൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട; ഞാന്‍ നിന്നെ സഹായിക്കും.” ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി പ്രയാണം ചെയ്യുന്ന മനോഭാവത്തോടെ വേണം അയക്കപ്പെടുന്ന വ്യക്തി ശുശ്രൂഷ ചെയ്യേണ്ടതെന്ന് വി. പൗലോസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നേടിയെടുത്തതിനെ മുറുകെപ്പിടിച്ചു കൊണ്ടു തന്നെയുള്ള പ്രവര്‍ത്തനമാണ് അയക്കപ്പെടുന്നവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മിശിഹാനുഭവമാണ് അയക്കപ്പെടുന്ന വ്യക്തി എപ്പോഴും മുറുകെപ്പിടിക്കേണ്ട യാഥാര്‍ത്ഥ്യവും.

തെരഞ്ഞെടുത്തവര്‍ക്ക് അവിടുന്ന് പൂര്‍ത്തിയാക്കാന്‍ ദൗത്യം നല്‍കുന്നു. പിതാവ് തന്നെ ഏല്‍പിച്ച ദൗത്യം തുടരാനുള്ള മഹനീയ യോഗമാണ് ഈശോ ശിഷ്യര്‍ക്ക് കൈമാറുന്നത്. ശിഷ്യരുടെ നിയോഗം ഗുരുവിന്റെ നിയോഗത്തില്‍ നിന്ന് വ്യത്യസ്തമല്ല എന്നതാണ് ശ്രേഷ്ഠമായ കാര്യം. അയക്കപ്പെടുന്നതിനു മുമ്പ് ഈശോ നല്‍കുന്ന ദൗത്യം പന്ത്രണ്ടു ശിഷ്യന്മാരെ ഓര്‍ത്ത് മാത്രമുള്ളതൊന്നുമല്ല. മറിച്ച് അയക്കപ്പെടാനായി വിളിക്കപ്പെട്ടിരിക്കുന്ന നമുക്കും വേണ്ടിക്കൂടിയാണ്. നമ്മുടെ പ്രഭാഷണത്തിന്റെ പ്രധാന പ്രമേയം സ്വര്‍ഗ്ഗരാജ്യമാകണം. അധരങ്ങളില്‍ ആശംസയുടെ നിറവുണ്ടാകണം. ജീവിതനഷ്ടങ്ങളുടെ കണക്കുപുസ്തകമായിത്തീര്‍ന്നവരോട് പ്രത്യേക അനുകമ്പയുണ്ടാകണം. നമ്മുടെ ശരീരഭാഷയും ജീവിതശൈലിയും ലളിതമാകുമ്പോള്‍ മാത്രമാണ് സുവിശേഷസന്ദേശം അര്‍ത്ഥപൂര്‍ണ്ണമായി കൈമാറാനാകുന്നത്. ദൈവസാന്നിധ്യസ്മരണ പുലര്‍ത്തി സ്വരുക്കൂട്ടലുകളും അമിതഭാരവുമില്ലാതെ ലളിതമായ വഴികളില്‍ നടന്നുനീങ്ങുന്നവര്‍ക്കു മാത്രമേ സുവിശേഷത്തിന്റെ സുകൃതം – കാതലായ ദൈവാശ്രയബോധമെന്ന സുകൃതം കൈമാറാന്‍ സാധിക്കൂ എന്ന് നമുക്ക് തിരിച്ചറിയാം.

പ്രിയ സഹോദരങ്ങളേ, ഈശോ തന്റെ ദൗത്യനിര്‍വ്വഹണത്തിലൂടെ സ്വയം വെളിപ്പെടുത്തിയതിനെ അനുസ്മരിക്കുന്ന ഈ ദനഹാക്കാലത്തില്‍ സന്യാസ-പൗരോഹിത്യ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന നമുക്കും തന്നോടു കൂടെ ആയിരിക്കുക, സുവിശേഷം പ്രസംഗിക്കുക എന്നീ ദൗത്യങ്ങളിലൂടെ ഈശോയെ ഈ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കാന്‍ ഉത്തരവാദിത്വവും കടമയുമുണ്ട്. അതുപോലെ ഈ ദൗത്യനിര്‍വ്വഹണത്തിന്റെ ശക്തിസ്രോതസ്സ് വിശുദ്ധ കുര്‍ബാനയാണ്. ഈ കുര്‍ബാന അനുഭവമായിരിക്കണം നമ്മെ മുന്നോട്ടു നയിക്കേണ്ടത്. അതുകൊണ്ട് ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ഈശോയേ, അങ്ങയോടൊപ്പമായിരിക്കുന്നതിന്റെ ആത്മീയസന്തോഷം അനുഭവിക്കാനും അങ്ങു പഠിപ്പിച്ച കാര്യങ്ങള്‍ പ്രസംഗിക്കാനും ഞങ്ങളെ ശക്തരാക്കണമേ. സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര. ജോബി താന്നിപ്പള്ളി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.