ദുഃഖവെള്ളി പ്രസംഗം: എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ദിവസങ്ങളാണ് ജനനവും മരണവും. ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരു യാത്രയാണ് നമ്മുടെ ജീവിതം. ആ ജീവിതത്തില്‍ ലോകത്തിനു മുമ്പില്‍ പരാജയപ്പെട്ട് പരിഹാസത്തിന്റെ അടയാളമായ കുരിശില്‍ തൂങ്ങിമരിച്ചവന്റെ ഓര്‍മ്മയാണ് നാം ഇന്ന് ആചരിക്കുന്നത്. ഇന്ന് ദുഃഖവെള്ളി. വിണ്ണില്‍ നിന്നറങ്ങി മന്നില്‍ ഭൂജാതനായവന്റെ വോദനാജനകമായ കുരിശുമരണം അനുസ്മരിക്കുന്ന ഈ ദിനത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഏറെ സ്‌നേഹത്തോടെ നേരുന്നു.

അമേരിക്കന്‍ റേഡിയോ പ്രഭാഷകനായ ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഒരിക്കല്‍ ദൈവത്തെക്കുറിച്ചും ദൈവകരുണയെക്കുറിച്ചും പ്രസംഗിച്ച് പള്ളിമേടയില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ വേദനയോടെ ഇപ്രകാരം ചോദിച്ചു: “എന്റെ മകന്‍ വാഹനാപകടത്തില്‍പെട്ട് ചോര വാര്‍ന്ന് നടുറോഡില്‍ കിടന്നു മരിക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞ കരുണയുള്ള ദൈവം ഏവിടെയായിരുന്നു?” അല്‍പസമയത്തെ നിശബ്ദതയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു: “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചുവെന്ന് പുത്രനായ ദൈവം നിലവിളിച്ചപ്പോള്‍ പിതാവായ ദൈവം എവിടെയായിരുന്നുവോ അവിടെയായിരുന്നു നിന്റെ മകന്‍ മരിച്ചപ്പോഴും ദൈവം.”

ഇന്ന് നാമോരോരുത്തരും ഏറെ നേരം ചിന്താവിഷയമാക്കേണ്ട ഒരു സംഭവമാണിത്. നാം നമ്മുടെ യുക്തി കൊണ്ട് ‘എന്തുകൊണ്ട്’ എന്ന് ചോദിക്കുമ്പോള്‍ നമ്മുടെ വിശ്വാസം കൊണ്ട് ‘ദൈവഹിതം’ എന്ന് ഉത്തരം നല്‍കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അന്ന് 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കും നിങ്ങള്‍ക്കും വേണ്ടി ക്രൂശിതനായ ഈശോ ഇന്നും നമ്മുടെയുള്ളില്‍ ജീവിക്കുന്നുണ്ട് എന്നതിന് തെളിവാണത്.

ഈ അടുത്ത നാളില്‍ കാതിനും ഹൃത്തിനും ഇമ്പം നല്‍കിയ വരികളാണ് ‘ഒരിടം തരണേ തല ചായ്ച്ചുറങ്ങാന്‍… കുരിശായാലും മതിയേ… അതുമാത്രം മതിയേ…’ എന്നാല്‍ കുരിശിന് പുതിയ അര്‍ത്ഥം കൊടുത്ത നമ്മള്‍ എന്തുണ്ടായാലും ‘എന്തു കുരിശാണിത്, എല്ലാം എന്റെ തലയില്‍ തന്നെ വരുന്നുണ്ടല്ലോ’ എന്ന് പറഞ്ഞുനടക്കുന്നു. ഇവിടെയാണ് ക്രിസ്തുവിന്റെ മനോഭാവം നാം സ്വീകരിക്കേണ്ടത്. താന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം അതികഠിനമാണെന്നറിഞ്ഞിട്ടും അവനത് ദൈവഹിതത്തിന് വിട്ടുകൊടുത്തു. നമുക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ ഇത് എന്തു കുരിശാണ് എന്നു പറയാതെ ദൈവഹിതം നിറവേറ്റാന്‍ പ്രാര്‍ത്ഥിച്ചാല്‍ നീയും അപരന് മറ്റൊരു ക്രിസ്തുവാകുന്നു.

പ്രിയ സഹോദരങ്ങളേ, ഓരോ കാല്‍വരി യാത്രയും നല്‍കുന്ന പാഠം ഇതാണ്, നാം എങ്ങനെ സഹനത്തെ സ്വീകരിക്കണം. നിന്റെ ജീവിതത്തില്‍ സഹനങ്ങള്‍ ഉണ്ടാകും എന്നാല്‍ നിനക്ക് നോക്കാന്‍, നിനക്ക് പ്രതീക്ഷ നല്‍കാന്‍ നിനക്കു മുമ്പേ ഞാന്‍ പോകുന്നുണ്ട് എന്ന് അവന്‍ പറയുന്നു. എല്ലാം അറിയുന്നവനായ ദൈവം നിന്റെ കുറവുകളെ നിറവുകളാക്കാന്‍ കഴിയുന്നവനാണ്. ചുങ്കക്കാരനെ ശിഷ്യനാക്കാന്‍ സാധിക്കുന്നവന്, സാവൂളിനെ പൗലോസാക്കുന്നവന്, പത്രോസായ പാറമേല്‍ സഭയെ പടുത്തുയര്‍ത്തിയവന് എന്നെയും നിന്നെയും കൊണ്ട് ഒരു പദ്ധതിയുണ്ട്. നിന്റെ കഷ്ടപ്പാടുകള്‍ ഏറുമ്പോള്‍ ഓര്‍ക്കുക, ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു.

ഇന്ന് ഈ ദുഃഖവെള്ളി ദിനത്തില്‍ കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. ഒന്നാമതായി, ദൈവം എന്നും നിന്റെ കൂടെയുണ്ട്. പഴയനിയമത്തില്‍ നാം കാണുന്നു, അബ്രാഹം ദൈവകല്‍പന അനുസരിച്ച് മകന്‍ ഇസഹാക്കിനെ മോറിയാ മലയിലേക്ക് ബലിയര്‍പ്പിക്കാന്‍ വരുന്നത്. ബലിക്കുള്ള ആട് എവിടെ എന്ന നിഷ്‌കളങ്കമായ ചോദ്യത്തിന് ആ പിതാവ് നല്‍കിയ മറുപടി, ‘ദൈവം തരും’ എന്നാണ്. ഇന്ന് ആ ബലിയാടിന്റെ ഓര്‍മ്മയാണ് ആചരിക്കുന്നത്. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി കാല്‍വരിക്കുന്നില്‍ ക്രിസ്തു ബലിയാടായതിന്റെ ഓര്‍മ്മ. ഓര്‍ക്കുക, നിനക്കു വേണ്ടി മരിച്ച ബലിയാട് എന്നും നിന്റെ കൂടെയുണ്ട്.

രണ്ടാമതായി, അനുസരണം. പിതാവ് പറഞ്ഞു. പുത്രന്‍ തന്നെത്തന്നെ പൂര്‍ണ്ണമായി പിതാവിന് സമര്‍പ്പിച്ചു. താന്‍ നേരിടാന്‍ പോകുന്ന സഹനങ്ങള്‍ തന്റെ ശക്തിക്ക് അതീതമാണെന്നു മനസിലാക്കിയ ഈശോ പറഞ്ഞു: പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ. ഓര്‍ക്കുക, പിതാവായ ദൈവം എന്റെയും നിന്റെയും പാപത്തിനു നല്‍കിയ വിലയാണ് ദൈവപുത്രന്റെ – സ്വപുത്രന്റെ ജീവന്‍. മൂന്നാമതായി, പ്രാര്‍ത്ഥന. ഗത്സമെനില്‍ ചോര വിയര്‍പ്പുതുള്ളിയായി നിലംപതിച്ചപ്പോഴും ഈശോ പ്രാര്‍ത്ഥിച്ചു. പിതാവേ, എന്റെ ഹിതമല്ല; നിന്റെ ഹിതം നിറവേറട്ടെ. നമ്മുടെ ജീവിതസഹനങ്ങളില്‍ ഓര്‍ക്കുക, നമ്മുടെ ആവശ്യങ്ങളറിയുന്ന നല്ല ദൈവം നമുക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. പ്രാര്‍ത്ഥിക്കുക, ദൈവഹിതം മാത്രം നിറവേറാന്‍.

നാലാമതായി, സഹനം. വി, അല്‍ഫോന്‍സ പറയുന്നു: ‘”കുരിശാണ് ക്രിസ്തു നല്‍കുന്ന സമ്മാനം.” സങ്കടങ്ങള്‍ നല്‍കിയാണ് ദൈവം നമ്മെ സ്‌നേഹിക്കുന്നത്. സഹനത്തിലൂടെ തന്റെ കുരിശിനോട് ചേര്‍ന്നുനില്‍ക്കാന്‍ ഈശോ നമ്മെ ക്ഷണിക്കുന്നു. അവസനാമായി പ്രതീക്ഷ. നാം കേട്ടുപഴകിയ ഒരു കഥയുണ്ട്. ഒരുപാട് സന്തോഷിക്കാതിരിക്കാനും ഒരുപാട് സങ്കടപ്പെടാതിരിക്കാനും എന്താണ് വഴി എന്നു ചോദിച്ച രാജാവിനോട് മന്ത്രി ഒരു മന്ത്രം പറഞ്ഞുകൊടുക്കുന്നു. “ഇതും കടന്നുപോകും.”

ദുഃഖവെള്ളി ഒരു പ്രതീക്ഷയാണ്. മൂന്നു നാള്‍ അപ്പുറത്തെ ഈസ്റ്ററിലേക്കുള്ള പ്രതീക്ഷ. നീയും ഉയിര്‍പ്പിക്കപ്പെടും. നിന്റെ ജീവിതസഹനങ്ങള്‍ക്ക് ഈശോ നല്‍കുന്ന സമ്മാനമാണ് പറുദീസ. നല്ല കള്ളന് ഈശോ നല്‍കിയ സമ്മാനവും ഇതു തന്നെ – ‘”ഇന്ന് നീ എന്നോടു കൂടെ പറുദീസയിലായിരിക്കും.”

പ്രിയ സഹോദരങ്ങളേ, ഈ ദുഃഖവെള്ളിയുടെ സാരാംശം ഇത്രമാത്രം, നീ ജീവിക്കുന്ന ഈ ലോകത്ത് മറ്റൊരു ക്രിസ്തുവാകുക. അത് എങ്ങനെ എന്നതാണ് വിശുദ്ധ കുരിശ് നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തില്‍ കാല്‍വരിക്കുന്നുകളും സഹനങ്ങളും കടന്നുവരുമ്പോള്‍ കുരുശില്‍ തല ചായ്ക്കാനായി ഒരിടം നമുക്ക് ഈശോയോട് ചോദിക്കാം. ഇന്ന് നീ ക്രൂശിതനായാല്‍ നാളെ അവനോടൊപ്പം നീയും ഉയിര്‍പ്പിക്കപ്പെടും. എന്തെന്നാല്‍, ഈശോ പറയുന്നു: സ്വന്തം കുരിശ് വഹിക്കാതെ എന്റെ ശിഷ്യനാകാന്‍ സാധിക്കുകയില്ല. ജീവിതത്തിലായിരിക്കുന്ന അവസ്ഥയില്‍ നേരിടുന്ന പ്രതിസന്ധികളും സഹനങ്ങളും മഹത്വത്തിലേക്കുള്ള ചെറുകുരിശുകളായി കണ്ട് അവയെ സ്വീകരിക്കാന്‍ നമുക്ക് കഴിയട്ടെ.

ക്രിസ്തുവില്‍ ആരംഭിച്ച് ക്രിസ്തുവില്‍ അവസാനിക്കുന്ന ക്രിസ്‌തോന്മുഖരായി ജീവിക്കാന്‍ ഈ ദുഃഖവെള്ളി നമ്മെ സഹായിക്കട്ടെ. ഒരു നിമിഷം നമുക്കും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ക്രൂശിതനായ ക്രിസ്തുവേ, നിന്നെപ്പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ്‌പ്പെട്ടു ജീവിക്കാനും സഹനങ്ങളുടെ പെരുമഴക്കാലത്തും എല്ലാം പൂര്‍ത്തിയായി എന്ന് ഏറ്റുചൊല്ലാനും ഒടുവില്‍ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു എന്നു പറഞ്ഞ് പിതാവിന്റെ കരങ്ങളില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാനും ഈ ജീവിതം കൊണ്ട് ഞങ്ങളെ നീ യോഗ്യരാക്കേണമേ.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് നെടുങ്ങനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.