ഞായർ പ്രസംഗം, ശ്ലീഹാക്കാലം രണ്ടാം ഞായർ ജൂൺ 04, പരിശുദ്ധ ത്രിത്വം; ഒരു കുടുംബം

ബ്ര. ജീസിന്‍ പാലതൈപ്പറമ്പില്‍ MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ത്രിത്വരഹസ്യം ധ്യാനിക്കുന്ന ശ്ലീഹാക്കാലത്തിന്റെ രണ്ടാമത്തെ ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ദൈവം ഏകനെങ്കിലും ഏകാന്തനല്ല. ഏകദൈവത്തില്‍ മൂന്ന് ആളുകളുണ്ട് എന്ന പരമപ്രധാനമായ വിശ്വാസ സത്യത്തെ ധ്യാനിക്കാനും ഏറ്റുപറഞ്ഞ് ആരാധിക്കാനുമായി തിരുസഭ നീക്കിവച്ചിരിക്കുന്നതാണ് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍. ആയതിനാല്‍ ഇന്നേ ദിനത്തിന്റെ നന്മകള്‍ ഒത്തിരി സ്‌നേഹത്തോടെ നേരുന്നു.

ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നത് വി. യോഹന്നാന്റെ സുവിശേഷം 16-ാം അധ്യായം 12 മുതല്‍ 15 വരെയുള്ള തിരുവചനങ്ങളാണ്. ഇവിടെ ഈശോ, ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവിനെ ശ്ലീഹന്മാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു വചനഭാഗമാണ്. ഒന്നാമത്തെ വായനയില്‍, ജോയേല്‍ പ്രവാചകന്റെ പുസ്തകത്തിലൂടെ കരുണ കാണിക്കുന്ന ദൈവത്തെ നാം കണ്ടുമുട്ടി. ലേഖനത്തിലാണെങ്കില്‍, പൗലോസ് ശ്ലീഹാ യേശുക്രിസ്തു വഴി ദൈവവുമായി സമാധാനത്തിലായിരിക്കാം എന്ന് ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ എല്ലാ വായനകളിലും പരിശുദ്ധ ത്രിത്വം നിറഞ്ഞുനില്‍ക്കുന്നുണ്ട്. നമുക്ക് വി. യോഹന്നാന്റെ സുവിശേഷത്തിലേക്ക് മടങ്ങിവരാം. ഇവിടെ ഈശോ വളരെ വ്യക്തമായിട്ട് പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുകയാണ്. ശ്ലീഹന്മാര്‍ക്ക് പരിശുദ്ധാത്മാവിനെക്കുറിച്ച് വലിയ ബോധ്യമില്ലായിരുന്നു. ആയതിനാല്‍, ഈശോ പരിശുദ്ധാത്മാവിന്റെ ഗുണങ്ങളടക്കം അവര്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കുകയാണ്. ഇന്നേ ദിനം ഞാനും നിങ്ങളുമൊക്കെ ആത്മശോധന ചെയ്യേണ്ട ഒരു കാര്യം, ആത്മാവിന് എ ന്റെ ജീവിതത്തില്‍ ഞാന്‍ എപ്രകാരമാണ് പ്രാധാന്യം കൊടുക്കുന്നത്.

പ്രിയമുള്ളവരേ, തിരുസഭയില്‍ ഇന്ന് വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. മാമ്മോദീസായിലൂടെ ആത്മാവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലുണ്ട്. എന്റെയും നിങ്ങളുടെയും ഏത് അവസ്ഥയിലും നമുക്ക് ആശ്രയിക്കാവുന്ന ഒരു തുറമുഖമാണ് പരിശുദ്ധാത്മാവായ ദൈവം. എന്റെയും നിങ്ങളുടെയുമൊക്കെ ഏത് ആവശ്യങ്ങളിലും നമുക്ക് വിളിക്കാന്‍ സാധിക്കുന്ന സഹായകനാണ് ദൈവാത്മാവ്. പരിശുദ്ധാത്മാവിന് നാം ജീവിതത്തില്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ പിതാവിനും പുത്രനും കൂടെയാണ് നാം പ്രാധാന്യം കൊടുക്കുന്നത്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നുണ്ട്: “പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവ് ദൈവവും പിതാവിനോടും പുത്രനോടുമൊപ്പം ഏകനും സമനുമായി ഒരേ സത്തയും ഒരേ പ്രകൃതിയുള്ളവനുമാണ്.’ ആയതിനാല്‍ നമ്മുടെ ജീവിതത്തില്‍ ആത്മാവിന് പ്രാധാന്യം കൊടുക്കാം.

പരിശുദ്ധ ത്രിത്വം ഒരു കൂട്ടായ്മയാണെന്ന് നാം കേട്ടിട്ടുണ്ട്. ഇന്ന് പരിശുദ്ധ ത്രിത്വത്തെ ഒരു കുടുംബമായിട്ട് നാം കാണാന്‍ പോവുകയാണ്. നമ്മുടെയൊക്കെ കുടുംബത്തില്‍ അപ്പനും അമ്മയും മക്കളുമുണ്ട്. പരിശുദ്ധ ത്രിത്വത്തിലും പിതാവും പുത്രനുമൊപ്പം പരിശുദ്ധാത്മാവുമുണ്ട്. ഇത് ഒരു കുടുംബമാണ്. കുടുംബങ്ങള്‍ക്കുണ്ടാകേണ്ട വലിയ ഗുണമാണ് പരസ്പരം പ്രോത്സാഹിപ്പിക്കുക, ഐക്യത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുക എന്നത്. പരിശുദ്ധ ത്രിത്വത്തിലേക്കു വരുമ്പോള്‍ ഈ രണ്ട് ഗുണങ്ങളും നമുക്ക് കാണാന്‍ സാധിക്കും. പരിശുദ്ധ ത്രിത്വം പരസ്പരം പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായിരുന്നു, ഒത്തൊരുമയുള്ള, ഐക്യമുള്ള കൂട്ടായ്മയായിരുന്നു.

ഒന്നാമതായി പരിശുദ്ധ ത്രിത്വത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു ഗുണമാണ് പരസ്പരം പ്രോത്സാഹിപ്പിക്കുന്ന ശൈലി. നാം ഇന്ന് വായിച്ചുകേട്ട സുവിശേഷഭാഗത്തില്‍, ഈശോ പരിശുദ്ധാത്മാവിന്റെ നന്മകള്‍ ശ്ലീഹന്മാരോട് വിവരിക്കുകയാണ്. അതോടൊപ്പം തന്നെ ഈശോയുടെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗം തുറന്ന് പിതാവ് ഇപ്രകാരം പറഞ്ഞു: “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” ഇവിടെ പിതാവ് ഈശോയെ മഹത്വപ്പെടുത്തുന്നു.

പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് ഈശോയെ സാക്ഷ്യപ്പെടുത്തുന്നു. പ്രിയമുള്ളവരേ, നമ്മുടെ കുടുംബങ്ങളിലും പരസ്പരം പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ആവശ്യമാണ്. നമ്മുടെ കൂടെ ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ നന്മകള്‍ പറയാന്‍ നമുക്ക് സാധിക്കുമ്പോള്‍ നമ്മുടെ കുടുംബജീവിതം ധന്യമാകും. ദിനംതോറും നമ്മുടെ നാട്ടില്‍ കുടുംബകലഹങ്ങളും വിവാഹമോചനങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. ആയതിനാല്‍ പരസ്പരം നന്മകള്‍ മനസിലാക്കിക്കൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ സാധിച്ചാല്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും. ആയതിനാല്‍ ഇന്ന് നാം എടുക്കേണ്ട ഏറ്റവും വലിയ തീരുമാനുമെന്നു പറയുന്നത് പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കട്ടെ.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തില്‍ കാണാന്‍ സാധിക്കുന്നത് ഒത്തൊരുമയും ഐക്യവുമാണ്. പിതാവ് എവിടെയുണ്ടോ അവിടെ പുത്രനും പരിശുദ്ധാത്മാവുമുണ്ട്. പരിശുദ്ധ ത്രിത്വം ഐക്യമുള്ള കൂട്ടായ്മയാണ്. വി. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം 23-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: “എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.” ഈ വചനം നമ്മെ അനുസ്മരിപ്പിക്കുന്നത് പരിശുദ്ധ ത്രിത്വം ഒത്തൊരുമയുള്ള ഒരു കൂട്ടായ്മയാണെന്ന സത്യമാണ്. പ്രിയമുള്ളവരേ, എന്റെയും നിങ്ങളുടെയും കുടുംബ ബന്ധങ്ങളില്‍ ഈ കൂട്ടായ്മ ആവശ്യമാണ്. കാരണം നമ്മുടെ കുടുംബ ബന്ധങ്ങള്‍ വിശുദ്ധമാകണമെങ്കില്‍ ഈ ഐക്യം വളരെ പ്രധാനപ്പെട്ടതാണ്. പ്രഭാഷകന്റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: “മുപ്പരിച്ചരട് പൊട്ടുകയില്ലെന്ന്.” അതിനാല്‍ നമ്മുടെ കുടുംബങ്ങളില്‍ ഒത്തൊരുമയും ഐക്യവുമുണ്ടെങ്കില്‍ ഒരു ശക്തിക്കും നമ്മെ തോല്‍പിക്കാനാകില്ല. നമ്മുടെ സാമൂഹവും കുടുംബവുമൊക്കെ തകരാന്‍ കാരണം ഐക്യവും ഒത്തൊരുമയും നഷ്ടപ്പെട്ടതുകൊണ്ടാണ്. ആയതിനാല്‍ നമുക്കൊരുമിച്ച് ഐക്യത്തിന്റെ വലിയ മതില്‍ കെട്ടിപ്പടുക്കാം.

സ്‌നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിലൂടെ നാം കടന്നുപോവുകയാണ്. നമ്മുടെയൊക്കെ ആത്മീയതയുടെ കേന്ദ്രമെന്നു പറയാന്‍ സാധിക്കുന്നത് പരിശുദ്ധ ത്രിത്വത്തെയാണ്. പ്രത്യേകിച്ച്, പരിശുദ്ധ ത്രിത്വത്തെ പ്രത്യേകം അനുസ്മരിക്കുന്ന ഇന്ന് ത്രിത്വത്തോടുള്ള വലിയ ഭക്തി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് യുക്തമാണെന്നു തോന്നിപ്പോവുകയാണ്. അതിനാല്‍ പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുന്ന ഒരു ചെറിയ പ്രാര്‍ത്ഥന നിങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ ആഗ്രഹിക്കുകയാണ്. അത് ഇപ്രകാരമാണ്: ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദി മുതല്‍ എന്നേക്കും ആമ്മേന്‍.”

പ്രിയമുള്ളവരേ, ത്രിതൈ്വക ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കൊച്ചുപ്രാര്‍ത്ഥനയാണിത്. അതിനാല്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനമായ ഇന്ന് സാധിക്കുന്നിടത്തോളം ഈ ചെറിയ പ്രാര്‍ത്ഥന ഉരുവിടാം. അങ്ങനെ പരിശുദ്ധ ത്രിത്വത്തിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കാം. ഒരിക്കല്‍ കൂടി ഈ തിരുനാളിന്റെ മംഗങ്ങള്‍ നേര്‍ന്നുകൊള്ളുന്നു. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജീസിന്‍ പാലതൈപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.