ഞായർ പ്രസംഗം, നോമ്പുകാലം ഏഴാം ഞായർ (ഓശാന ഞായർ) ഏപ്രിൽ 02, നമ്മെ മഹത്വമുള്ളവരാക്കിയ ദൈവം

“എന്റെ ദൈവം മഹത്വങ്ങളെല്ലാം വെടിഞ്ഞ് കഴുതപ്പുറമേറിയത് എന്നെ മഹത്വമുള്ളവനാക്കാനായിരുന്നു.”

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹിക്കപ്പെടുന്ന മാതാപിതാക്കന്മാരേ, സഹോദരീസഹോദരന്മാരേ,

ദൈവവരപ്രസാദത്തിന്റെ വസന്തവൃഷ്ടിയെ അനുസ്മരിപ്പിക്കുന്ന നോമ്പുകാലത്തിലെ ഏഴാം ഞായറായ ഇന്ന്, കരങ്ങളില്‍ കുരുത്തോലകളേന്തി ഓര്‍ശ്ലേം നാഥനെ പിന്തുടരുമ്പോള്‍ നമുക്ക് വചനവിചിന്തനത്തിനായി തിരുസഭാമാതാവ് വച്ചുനീട്ടുന്നത് വി. മത്തായിയുടെ സുവിശേഷം 21-ാം അധ്യായം 1 മുതല്‍ 17 വരെയുള്ള തിരുവചനങ്ങളാണ്.

ഓശാന എന്നത് ഒരു സ്‌നേഹപ്രകടനത്തിന്റെ ആഘോഷവും ഓര്‍മ്മയാചരണവുമാണ്. കഴുതപ്പുറമേറി കടന്നുവരുന്ന ഈശോനാഥന്‍ തന്റെ മഹത്വപൂര്‍ണ്ണമായ കിരീടധാരണത്തിനായി പുറപ്പെടുകയാണ്. രാജാക്കന്മാരുടെ ഒന്നാം പുസ്തകം 1-ാം അധ്യായത്തില്‍, ദാവീദിന്റെ പുത്രനായ സോളമന്‍ തന്റെ കിരീടധാരണവേളയില്‍ തന്റെ പിതാവിന്റെ പ്രിയപ്പെട്ട കഴുതയുടെ പുറത്തേറിയാണ് ജറുസലേം നഗരത്തിലേക്ക് ആനയിക്കപ്പെടുക. കഴുതപ്പുറമേറിയുള്ള സോളമന്‍ രാജാവിന്റെ ആഗമനം ജറുസലേമിലെ ഭരണമാറ്റത്തിന്റെ സൂചനകളാണ് നമുക്ക് നല്‍കുന്നത്. യേശുവിന്റെ നഗരപ്രവേശനം നമുക്ക് ഇന്ന് തരുന്നത് സമാധാനത്തിന്റെയും വിനയത്തിന്റെയും കരുണയുടെയുമെല്ലാം സന്ദേശമാണ്.

ഇന്ന് നാം ശ്രവിച്ച പഴയനിയമ ഒന്നാം വായനയില്‍ യാക്കോബിനെയാണ് കണ്ടുമുട്ടുക. തന്റെ മക്കളെയെല്ലാം അടുത്തുവിളിച്ച്, വരാനിരിക്കുന്ന രക്ഷകനായ മിശിഹായെക്കുറിച്ചുള്ള വ്യക്തമായ പ്രവചനമാണ് യാക്കോബ് ഇവിടെ നല്‍കുക. അതുപോലെ മിശിഹായുടെ കാലത്തെ സമൃദ്ധിയെ വിളിച്ചോതുന്ന പ്രവചനമാണ് ആദ്യവായനയുടെ മുഖ്യപ്രമേയം. രണ്ടാം വായനയായ സഖറിയായുടെ പുസ്തകത്തില്‍, നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ ദൈവഹിതം തേടാനും അത് അറിയുന്നതുവരെ കാത്തിരിക്കാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നു. ലേഖനഭാഗത്തില്‍ ദൈവം വിജായീതര്‍ക്കും രക്ഷ നല്‍കാന്‍ തിരുമനസായതിനാല്‍ ഇനിമേല്‍ സ്വയം അഹങ്കരിക്കാന്‍ ആര്‍ക്കും അവസരമില്ലെന്ന് പൗലോസ് അപ്പസ്‌തോലന്‍ ഓര്‍മ്മിപ്പിക്കുന്നു.

ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേലിന്റെ ദൈവാരാധനയുടെ പ്രധാനകേന്ദ്രം ജറുസലേം ദേവാലയമാണ്. ക്രിസ്തുവിലൂടെ കരഗതമാകുന്ന രക്ഷയുടെ നേര്‍ക്കാഴ്ചയാണ് ജറുസലേം പ്രവേശനം. വഴികളില്‍ ഒലിവ് പൂത്തു, ഉടയാടകള്‍ പരവതാനികളായി, നെടുവീര്‍പ്പുകള്‍ ഉയിര് പകുക്കുന്ന ശാന്തിഗീതങ്ങളായി നിറഞ്ഞ് ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ആള്‍ക്കൂട്ടത്തിനുമിടയിലൂടെ കടന്നുവരുന്ന 33 വയസുള്ള ഈശോ എന്ന ചെറുപ്പക്കാരന് അത്ര വലിയ ആഘോഷം ഉള്ളിലുണ്ടായിരുന്നില്ല. കാരണം, ഈശോയുടെ പരസ്യജീവിതത്തിലെ ഏറ്റവും അവസാനത്തെ ആഴ്ചയുടെ ആരംഭമായിരുന്നു ഓശാന.

നമ്മുടെ ഓരോരുത്തരുടെയും അനുദിന ജീവിതങ്ങളില്‍ നാം എടുത്തുവച്ചിരിക്കുന്ന ചില മഹത്വങ്ങള്‍, വാഴ്ത്തലുകള്‍, ആഡംബരങ്ങള്‍ എല്ലാം താഴെ ഇറക്കിവച്ച് വിനയത്തിന്റെയും ലാളിത്യത്തിന്റെയും കഴുതപ്പുറങ്ങളെ സ്വീകരിക്കാന്‍ നാം തയ്യാറാകണമെന്ന് ഓശാന ഞായര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാപിതാവായ അഗസ്തീനോസ് പറയുന്നു: “സ്വയം എളിമപ്പെടുക. അപ്പോള്‍ ദൈവം നിന്നോട് ഒന്നാകാന്‍ ഇറങ്ങിവരും.”

ഈശോയുടെ രാജകീയ ജറുസലേം പ്രവേശനവും ശുദ്ധീകരണവും രണ്ട് കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒന്നാമതായി, ദൈവികപദ്ധതിയോടുള്ള പൂര്‍ണ്ണവിധേയത്വം ജീവിതശൈലിയാക്കി മാറ്റുക. പൗലോസ് ശ്ലീഹാ ഫിലിപ്പിയായിലെ സഭയ്‌ക്കെഴുതിയ ലേഖനം രണ്ടാം അധ്യായം 7-ാം തിരുവചനം ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു: “അവന്‍ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു.” ഒരു വ്യക്തിക്ക് തന്നെത്തന്നെ പകുക്കാനും വിളമ്പാനും കഴിയുക പൂര്‍ണ്ണമായ വിധേയത്വത്തില്‍ നിന്നുമാണ്. പിതാവായ ദൈവത്തിന്റെ നിയമത്തെ ജീവിതനിയമമാക്കി മാറ്റിയതുകൊണ്ടാണ് അവന് തന്നെത്തന്നെ ശൂന്യവത്ക്കരിക്കാന്‍ കഴിഞ്ഞത്. യഹൂദപാരമ്പര്യങ്ങളുടെ ചുവടുപിടിച്ച് ചിന്തിക്കുമ്പോള്‍ കാണാന്‍ കഴിയും, ഒരു സാധാരണക്കാരനായ യഹൂദന്റെ അവസാനത്തെ പണയവസ്തു അവന്റെ വസ്ത്രമാണ്. വഴിയോരങ്ങളില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ നിരത്തി രക്ഷകനെ വരവേല്‍ക്കുമ്പോള്‍ സ്വയം പകുക്കാനും വിളമ്പാനും അതുപോലെ യഥാര്‍ത്ഥമായ രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിക്കാനുമുള്ള ഒരു വിശ്വാസിയുടെ ആഗ്രഹമാണ് ഇവിടെ പ്രകടമാകുക.

പ്രിയമുള്ളവരേ, നസ്രായനായ ഈശോയുടെ ഈ വിധേയത്വത്തിന്റെ ജീവിതശൈലി ജിവിതനിയമമാക്കി മാറ്റാനായി എന്റെയും നിങ്ങളുടെയും ജീവിതങ്ങളില്‍ ഇനിയും ഒത്തിരി മേഖലകള്‍ അവശേഷിക്കുന്നില്ലേ? കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയില്‍, സമൂഹജീവിതത്തിന്റെ അകത്തളങ്ങളില്‍, സുഹൃദ്ബന്ധങ്ങളുടെ കെട്ടുറപ്പില്‍… അങ്ങനെ നീളുന്ന മേഖലകള്‍.

രണ്ടാമതായി ഓശാന നമ്മെ പഠിപ്പിക്കുക, “ദേഹം ദേവാലയമാണ്. അത് ദൈവം വാഴുന്ന ഗേഹമാണ്.” വി. പൗലോസ് ശ്ലീഹാ ഓര്‍മ്മപ്പെടുത്തുന്നു: “നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്.” ദൈവത്തിന്റെ ആലയങ്ങളായ ശരീരത്തില്‍ പരിശുദ്ധിയാണ് കുടികൊള്ളേണ്ടത്. അപരനെ ചതിച്ചും തട്ടിച്ചും വെട്ടിപ്പിടിച്ചുമല്ല ദൈവത്തിന്റെ ഭവനത്തില്‍ നാം വ്യാപരിക്കേണ്ടത്. മറിച്ച് പങ്കുവച്ചും ത്യജിച്ചും സ്‌നേഹിച്ചും ക്ഷമിച്ചുമെല്ലാമാണ് ദൈവത്തിന്റെ ഭവനമായ ദേവാലയത്തിലേക്ക് നാം പ്രവേശിക്കേണ്ടത് എന്ന് ഓശാന ഓര്‍മ്മപ്പെടുത്തുന്നു. ഓരോ വിശ്വാസിയുടെയും നാവില്‍ അലിഞ്ഞുചേരേണ്ട വാക്കാണ് ഓശാന. കാരണം, അടിമത്വത്തിന്റെയും മേല്‍ക്കോയ്മയുടെയുമെല്ലാം നടുവിലായിരുന്ന ദൈവത്തിന്റെ ജനം താഴ്മയോടെ ഉള്ള് തുറന്ന് പ്രാര്‍ത്ഥിച്ച നിലവിളിയായിരുന്നു ഓശാന.

ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവമേ, ഞങ്ങളെ രക്ഷിക്കണേ’ എന്നുള്ള പ്രാര്‍ത്ഥനയാണ്. ദൈവം വസിക്കുന്ന ഭവനങ്ങളാണ് നാം ഓരോരുത്തരുമെങ്കില്‍ പരാജയവും പ്രലോഭനങ്ങളും പഴിചാരലുകളും പ്രതിസന്ധികളുമെല്ലാം നിരനിരയായി നമ്മെ പിന്തുടരുമ്പോള്‍ ദൈവത്തിന്റെ ആലയത്തില്‍ വന്നിരുന്ന് നാം പ്രാര്‍ത്ഥിക്കേണ്ട നിലവിളിയാണ് ദൈവമേ, ഞങ്ങളെ രക്ഷിക്കണേ എന്നുള്ള പ്രാര്‍ത്ഥന. അപ്പോള്‍ ദൈവം സങ്കീര്‍ത്തകനോട് സംസാരിക്കുന്നതുപോലെ എന്നോടും നിന്നോടും ഇപ്രകാരം പറയും: “നിന്റെ കാല്‍ വഴുതാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയുമില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല, ഉറങ്ങുകയുമില്ല” (സങ്കീ. 121:3).

ആഹ്‌ളാദത്തിന്റെയും ആര്‍പ്പുവിളികളുടെയും ആള്‍ക്കൂട്ടത്തിന്റെയുമെല്ലാം ഇടയില്‍ ആത്മാര്‍പ്പണത്തിന്റെ പതറാത്ത പദചലനങ്ങള്‍ നമുക്കു മുന്നേ നടക്കുന്നു. ഈ പരിശുദ്ധ ബലിയില്‍ ക്രോവേന്മാരോടും സ്രാപ്പേന്മാരോടും ചേര്‍ന്ന് ഉയര്‍ന്ന സ്വരത്തില്‍ ഇടവിടാതെ സ്തുതിച്ചുകൊണ്ട് ഒന്നുചേര്‍ന്ന് സന്തോഷിക്കാം. ദാവീദിന്റെ പുത്രന് ഓശാന. ആമ്മേന്‍.

ബ്ര. ജോബി ജോസഫ് തെക്കേടത്ത് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.