ഞായർ പ്രസംഗം, മംഗളവാർത്താക്കാലം മൂന്നാം ഞായർ ഡിസംബർ 11 ലൂക്കാ 1: 57-66 രക്ഷാകര പദ്ധതിയില്‍ പങ്കുചേരാന്‍

‘കര്‍ത്താവിന്റെ മഹത്വം ഭീതിജനകമായ ദിവസം വരുന്നതിനു മുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കും. ഞാന്‍ വന്ന് ദേശത്തെ ശാപം കൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാവിങ്കലേക്കും തിരിക്കും’ (മലാക്കി 4:5-6).

ബ്ര. ലിനു മഞ്ഞനാല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ദൈവത്തിന് ലോകത്തെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ആ പദ്ധതി നിറവേറ്റപ്പെടുക ലോകത്തിലെ തന്നെ നിസ്സാരങ്ങളായ മനുഷ്യജീവിതങ്ങളിലൂടെയാണ്. പടയോട്ടങ്ങളുടെയും രാജവാഴ്ചകളുടെയും സാമ്രാജ്യശക്തികളുടെയും കിടമത്സരങ്ങളുടെയും കഥ പറഞ്ഞ പഴയനിയമചരിത്രം പുതിയനിയമത്തിനു വഴിമാറിയപ്പോള്‍ തികച്ചും നിസ്സാരമായ മനുഷ്യജീവിതങ്ങളിലൂടെ തുടരുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ കഥയാണ് പുതിയനിയമം പറഞ്ഞുവച്ചിരിക്കുന്നത്.

മംഗളവാര്‍ത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ വി. ലൂക്കാ സുവിശേഷകന്‍ നമ്മളുമായി പങ്കുവയ്ക്കുന്നത്. ദൈവം തിരഞ്ഞെടുത്ത, ദൈവത്തിന്റെ പ ദ്ധതി നിറവേറ്റിയ, ഇസ്രായേലിന്റെ അവസാനത്തെ പ്രവാചകന്റെ ജനനത്തെക്കുറിച്ചാണ്. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവനായിത്തീര്‍ന്ന ഒരു ശിശുവിന്റെ ജനനം. സഖറിയാ എന്ന് പേ ര് നല്‍കാന്‍ ബന്ധുക്കളും നാട്ടുകാരും ആഗ്രഹിച്ചപ്പോള്‍ സഖറിയാ എഴുത്തുപലകയില്‍ കുറിച്ചത് ദൈവം കാലങ്ങള്‍ക്കു മുമ്പേ കണ്ട സ്വപ്നം ‘യോഹന്നാന്‍’ – ദൈവം കരുണ ചെയ്തു.

സ്‌നേഹം നിറഞ്ഞവരേ, ദൈവത്തിന്റെ സമ്മാനമായിരുന്നു യോഹന്നാന്‍. ജനനം മുതല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്ന യോഹന്നാന്‍ വാക്കിലും പ്രവര്‍ത്തിയിലും അടിമുടി ശക്തനായിരുന്ന പ്രവാചകനായിരുന്നു. കാരണം, സുവിശേഷം പറയുക, കര്‍ത്താവിന്റെ കരം അവനോടു കൂടെ ഉണ്ടായിരുന്നുവെന്നാണ്. ദൈവത്തിന്റെ കരസ്പര്‍ശമേല്‍ക്കുമ്പോള്‍ കുറവുകളെ മറികടക്കുന്ന ജീവിതങ്ങളുണ്ടാകും. അത്തരത്തില്‍ യോഹന്നന്റെ ജീവിതം ദൈവത്തിന്റെ കരസ്പര്‍ശമേറ്റ അസാധാരണ ജീവിതമായിരുന്നു. യഹൂദരുടെ നാമകരണ പതിവില്‍ നിന്നും വ്യത്യസ്തമായി പുത്രന് യോഹന്നാന്‍ എന്നു പേരിട്ടപ്പോള്‍ അത് മറ്റുള്ളവരെ വിസ്മയിപ്പിച്ചു. നിയമങ്ങള്‍ക്ക് അതീതമായി യഹൂദരുടെ നാമകരണ പതിവ് തെറ്റിച്ചും മറ്റുള്ളവരുടെ പ്രേരണയ്ക്ക് വിധേയരാകാതെ ദൈവത്തിന്റെ കല്‍പന പാലിച്ചപ്പോള്‍ അവിടെ ആരംഭം കുറിച്ചത് മനുഷ്യവംശത്തിലൂടെയുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ തുടര്‍ച്ചയാണ്.

സ്‌നേഹം നിറഞ്ഞവരേ, ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ ഒരു കണിക ആവുകയെന്നുള്ളതാണ് നമ്മുടെ വിളി. കേവലം സാധാരണക്കാരായ നമ്മുടെ ജീവിതം ദൈവത്തിന്റെ അസാധാരണമായ പ്രവര്‍ത്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള ഒരു ക്ഷണമാണ് ഇന്നത്തെ വായനകള്‍ നല്‍കുന്നത്. പഴയനിയമ വായനകളില്‍ ഉല്‍പത്തി പുസ്തകം 18-ാം അധ്യായം 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളില്‍ നാം കാണുന്നത്, ദൈവം അബ്രഹാത്തെ സന്ദര്‍ശിക്കുന്നതും അബ്രാഹത്തിന് ഒരു പുത്രന്‍ ഉണ്ടാകുമെന്നും ദൈവത്തിന്റെ അരുളപ്പാടിനെപ്പറ്റിയുമാണ്. നൂറു വയസുള്ള അബ്രാഹത്തിന്റെ ഭാര്യ സാറായ്ക്ക് കുഞ്ഞുണ്ടായപ്പോള്‍ അവിടെ സംഭവിച്ചത് നിസ്സാരങ്ങളായ മനുഷ്യന്റെ മേലുള്ള ദൈവത്തിന്റെ പദ്ധതിയുടെ പൂര്‍ത്തീകരണമാണ്. മനുഷ്യബുദ്ധിയില്‍ നൂറ് വയസുള്ളവന് കുഞ്ഞ് ജനിക്കുക അസാധ്യം. എന്നാല്‍ കരിമ്പാറയില്‍ നിന്ന് ജലമൊഴുക്കാന്‍ കഴിയുന്നവന് അസാധ്യമായതെന്താണ്? മരുഭൂമിയില്‍ കൊടും ചൂടില്‍ മന്നായും കാടപ്പക്ഷിയും കൊണ്ട് ജനത്തിന് വിരുന്നൊരുക്കിയ ദൈവത്തിന് അസാധ്യമായത് എന്താണ്? നീതിയുക്തമായി ദൈവസന്നിധിയില്‍ ജീവിച്ചാല്‍ ദൈവത്തിന്റെ ഇടപെടലുകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാകും. അത്ഭുതകരമായ ദൈവികസംഭവങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കും.

രണ്ടാം വായനയായ ന്യായാധിപന്മാരുടെ പുസ്തകത്തില്‍ നാം കാണുക, ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ന്യായാധിപനായിരുന്ന സാംസണിന്റെ ജനനത്തെക്കുറിച്ചാണ്. ദൈവത്തിനു മുമ്പില്‍ നിസ്സാരതയിലിരിക്കുന്ന മനോവയുടെയും അവന്റെ ഭാര്യയുടെയും ജീവിതത്തിലേക്ക് ദൈവദൂതന്‍ കടന്നുവന്നത് തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനത്തിന്മേലുള്ള ദൈവത്തിന്റെ പദ്ധതിയായ സാംസണിന്റെ സന്ദേശവുമായാണ്. ദൈവത്തിന്റെ പദ്ധതിയോട് കൂറു പലുര്‍ത്തിയാല്‍ വീഴ്ചകളുടെ നടുവിലും ദൈവത്തിന്റെ ശക്തിയും സംരക്ഷണവും നമുക്ക് ലഭിക്കുമെന്ന് സാംസണിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. നിസ്സാരമായ ജീവിതം ദൈവം എടുത്തുയര്‍ത്തുമ്പോള്‍ അത് അനേകര്‍ക്ക് യേശുവിനെ അറിയാനും യേശുവിലേക്ക് കടന്നുവരാനുമുള്ള ചവിട്ടുപടിയായിത്തീരുന്നുവെന്ന് പുതിയനിയമ വായനയിലൂടെ വി. പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.

പ്രിയമുള്ളവരേ, സുവിശേഷത്തിലൂടെ കണ്ണോടിക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും സഖറിയായുടെ ആനന്ദവും സന്തോഷവും. തനിക്ക് ഒരു കുഞ്ഞിനെ ലഭിക്കുന്നതിന്റെ പേരിലല്ല, മറിച്ച് ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തീകരിച്ചതിന്റെ പേരിലാണ്. നമ്മുടെയൊക്കെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് അഭിമാനിക്കാനുള്ള വക ഉണ്ടാകണം. സ്‌നാപകയോഹന്നാനിലൂടെ തുടര്‍ന്ന ദൈവികപദ്ധതി ഇന്നും തുടരേണ്ടത് നമ്മുടെ ജീവിതത്തിലൂടെയാണ്. പരസ്പരം സ്‌നേഹിക്കാനും ദൈവസ്‌നേഹത്തിലേക്ക് ഏവരെയും അടുപ്പിക്കാനും അങ്ങനെ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാകാനും ഇന്നത്തെ സുവിശേഷം ആഹ്വാനം ചെയ്യുന്നു. ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല. പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്ന അവിടുത്തെ ശക്തിയുടെ ആഴത്തില്‍ നിസ്സാരങ്ങളായ നമ്മുടെ ജീവിതവും മറ്റുള്ളവര്‍ക്ക് ദൈവസ്‌നേഹത്തിന്റെ ലഹരി നല്‍കുകയാണ്. നിഷ്‌കളങ്കരായി, നീതിമാന്മാരായി ജീവിക്കുന്നവരിലാണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത്. രക്ഷാകരചരിത്രത്തിന്റെ ആരംഭം മുതല്‍ പരിശോധിക്കുമ്പോള്‍ അപ്രകാരം നീതിമാന്മാരായിരുന്ന വ്യക്തികളുടെ ജീവിതങ്ങളിലൂടെയാണ് രക്ഷാകരചരിത്രം മുന്നോട്ടു പോയത്.

സ്‌നാപകനെപ്പറ്റിയുള്ള ആദ്യപ്രസ്താവനയില്‍ നാം കാണുക, ആത്മാവില്‍ ശക്തിപ്പെട്ടവന്‍ എന്നാണ്. ഈശോയ്ക്ക് സ്‌നേഹം നല്‍കിയ സ്‌നാപകന് സ്‌നാനം നല്‍കിയത് ഈശോ തന്നെയായിരുന്നു എന്നാണ് സഭാപിതാവായ വി. എഫ്രേം പറയുന്നത്. പരിശുദ്ധ അമ്മ എലിസബത്തിന്റെ ഭവനത്തിലെത്തുമ്പോള്‍ അമ്മയുടെ ഉദരത്തിലൂടെ ഈശോയുടെ സാന്നിധ്യത്താല്‍ ഗര്‍ഭസ്ഥനായ സ്‌നാപകന്‍ കുതിച്ചുചാടുന്നതിനെയാണ് ഈശോയാല്‍ സ്‌നാപകന്‍ ആത്മാവിനെ സ്വീകരിച്ചു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രിയമുള്ളവരേ, ദൈവത്തിന്റെ ആത്മാവിനെ സ്വീകരിച്ചവര്‍ ദൈവത്തിന്റെ പ്രവാകന്മാരാണ്. ദൈവത്തിന് സാക്ഷ്യം വഹിക്കാനും അവിടുത്തെ പദ്ധതി തുടരാനും വിളിക്കപ്പെട്ടവര്‍. അങ്ങനെയെങ്കില്‍ നാമെല്ലാവരും സ്‌നാപകയോഹന്നാനെപ്പോലെ ദൈവത്തിന്റെ പ്രവാചകരാണ്. മാമ്മോദീസായിലൂടെ ദൈ വത്തിന്റെ ആത്മാവിനെ സ്വീകരിച്ചവരാണ് നാം. അതിനാല്‍ നമ്മുടെ ജീവിതത്തിലൂടെ ലോകത്തിനു മുമ്പില്‍ സാക്ഷ്യം വഹിക്കാം, വഴിയൊരുക്കാം. അങ്ങനെ ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ നമുക്കും പങ്കുകാരാകാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ലിനു മഞ്ഞനാല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.