ഞായർ പ്രസംഗം, മംഗളവാർത്താക്കാലം രണ്ടാം ഞായർ ഡിസംബർ 04, ചരിത്രം സൃഷ്ടിച്ച ഒരു ‘യെസ്’

ബ്ര. മിജോ കൊല്ലന്റെകിഴക്കേതില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

ചരിത്രം എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം ‘ഹിസ്റ്ററി.’ ഒന്ന് പിരിച്ചുവായിച്ചാല്‍ ‘His + Story’ അഥവാ ‘അവന്റെ കഥ’ എന്ന് മനസിലാക്കാം എന്നാല്‍, ചരിത്രത്തില്‍ അവളുടെ കഥ Her + Story ലോകത്തിന്റെ തന്നെ ചരിത്രം മാറ്റിയ വചനഭാഗം, മറിയത്തിന് ഈശോയുടെ ജനനത്തെപ്പറ്റി ദൂതന്‍ നല്‍കുന്ന മംഗളവാര്‍ത്തയാണ്. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 26 മുതല്‍ 38 വരെയുള്ള വചനഭാഗമാണ് നാം ഇന്ന് ധ്യാനിക്കുന്നത്.

2011- ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ട്രാഫി ക്ക്’- ല്‍ കഥയുടെ പ്രധാനഭാഗത്ത് ഇപ്രകാരം ഒരു സംഭാഷണമുണ്ട്: “Before you make a Decision remember one thing” നിങ്ങള്‍ ഇതിനോട് ‘നോ’ ആണ് പറയുന്നതെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കില്ല എല്ലാ ദിവസത്തെയും പോലെ ഈ ദിനവും കടന്നുപോകും. എന്നാല്‍ നിങ്ങള്‍ ‘യെസ്’ ആണ് പറയുന്നതെങ്കില്‍ അത് ചരിത്രമാകും. കടന്നുവരുന്ന ഒരുപാടു പേര്‍ക്ക് ‘യെസ്’ പറയാനുള്ള ചരിത്രം.’

പ്രിയപ്പെട്ടവരേ, ദൈവിക വെളിപാടുകള്‍ക്കു മുന്നില്‍ ഒരു പെണ്‍കുട്ടി ‘യെസ്’ പറഞ്ഞതിനെ, അത് ചരിത്രമായതിനെയാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം ധ്യാനിക്കുന്നത്. പരിശുദ്ധ അമ്മ ദൈവദൂതന്റെ മുന്‍പില്‍ പറഞ്ഞ ‘യെസ്’ ആണ് മംഗളവാര്‍ത്താക്കാലത്തിന്റെ തന്നെ പ്രധാന സംഭവങ്ങളില്‍ ഒന്ന്. ഒരു യഹൂദപെണ്‍കുട്ടിയെന്ന നിലയില്‍ മറ്റു യഹൂദരെപ്പോലെ, യഹൂദനിയമങ്ങളില്‍ അറിവുള്ള ഒരു യുവതിയായിരുന്നു പരിശുദ്ധ മറിയം. അതിനാല്‍ തന്നെ വിവാഹത്തിനു മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ മറിയത്തിന്റെ മനസിലൂടെ കടന്നുപോയിരുന്ന നിയമം, നിയമാവര്‍ത്തനം 22:23 വാക്യമാവാം – ഒരു ‘വ്യഭിചാരിണിയെ കല്ലെറിഞ്ഞു കൊല്ലണം’ എന്ന നിയമം. ആ അറിവുള്ളതുകൊണ്ടാവാം പരിശുദ്ധ മറിയം ദൂതനോട് ‘ഇത് എങ്ങനെ സംഭവിക്കും’ എന്ന് ഒരു മറുചോദ്യം ചോദിക്കുന്നത്. യാക്കോബിന്റെ ‘പ്രോട്ടോ ഇവാന്‍ജെലിയും’ എന്ന അപ്പോക്രിഫല്‍ ഗ്രന്ഥം അനുസരിച്ച്, മറിയം വെള്ളം കോരാന്‍ നഗരത്തിലെ ഒരു കിണറ്റിന്‍കരയില്‍ നില്‍ക്കുമ്പോഴാണ് ഈ പ്രത്യക്ഷപ്പെടല്‍ ഉണ്ടായത് എന്ന് കാണുന്നു. ഒറ്റയ്ക്കിരിക്കുന്ന, നിയമങ്ങള്‍ അറിയാവുന്ന, സംഭവിച്ചിട്ടിലാത്ത ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്നു മനസിലാക്കിയ പരിശുദ്ധ മറിയം പിന്നെ എന്തുകൊണ്ട് ദൈവദൂതന്റെ മുന്‍പില്‍ യെസ് പറഞ്ഞു? ഇതിനുള്ള ഉത്തരമാണ് പരിശുദ്ധ മറിയം ഇന്നത്തെ സുവിശേഷത്തിലൂടെ നമുക്ക് നല്‍കുന്ന ചില പാഠങ്ങള്‍.

പരിശുദ്ധ മറിയം നല്‍കുന്ന ആദ്യപാഠം: ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവിക ഇടപെടലുകളാണ് എന്ന സത്യം. ഇന്നത്തെ പഴയനിയമ വായനകള്‍ ശ്രദ്ധിച്ചാലും നമുക്ക് ഇതിനു സമാനമായ ചില കാര്യങ്ങള്‍ കാണാന്‍ സാധിക്കും. സംഖ്യ 22:20 മുതല്‍ 35 വരെയുള്ള ഭാഗത്ത്, ബാലാമിന്ദൂ തന്‍ നല്‍കുന്ന അറിയിപ്പാണ് നാം വായിക്കുന്നത്. രണ്ടാം വായനയില്‍ ഏശയ്യാ പ്രവാചകന്റെ പുസ്തകം 43-ാം അധ്യായം 25 മുതലുള്ള ഭാഗത്ത് ഇസ്രേയേലിന്റെ രക്ഷയെപ്പറ്റിയുള്ള അറിയിപ്പും.

‘പ്രിയപ്പെട്ടവരേ, ഒരിക്കലും ചിന്തിക്കരുത് ദൈവം നമ്മോട് മാലാഖയിലൂടെ ഈ കാലത്തില്‍ തന്റെ ഹിതം വെളിപ്പെടുത്തുമെന്ന്. ജീവിതത്തില്‍ നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ദൈവം നമ്മോടു സംസാരിക്കുന്ന അവസരങ്ങള്‍ ആയിക്കൂടേ? ജീവിതത്തില്‍ ചിലപ്പോള്‍ ഒറ്റപെടലുകള്‍ നേരിടുന്നെങ്കില്‍, പ്രിയപ്പെട്ടവരുടെ മരണം നമ്മെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍, ചതിക്കില്ല എന്നു തോന്നിയ ചിലര്‍ ചിലപ്പോഴെങ്കിലും നമ്മെ ചതിച്ചിട്ടുണ്ടെങ്കില്‍,’സത്യസന്ധമായി കാര്യങ്ങള്‍ ചെയ്തിട്ടും ആരാലെങ്കിലും തെറ്റിധരിക്കപ്പെടുന്നുണ്ടെങ്കില്‍… പ്രിയപ്പെട്ടവരെ അവയെല്ലാം ദൈവം നമ്മോടു സംസാരിക്കുന്ന വഴികളല്ല എന്ന് ആരു കണ്ടു? വി. അഗസ്തിനോസ് പറയുന്നത് “ദൈവത്തിന് പാപങ്ങളില്ലാത്ത ഒരു മകന്‍ ഈ ലോകത്തില്‍ ഉണ്ടാകാം. എന്നാല്‍ ദൈവത്തിന് വേദനകളില്ലാത്ത ഒരു മകനും ഈ ലോകത്തിലില്ല.” നിങ്ങളുടെ’മുന്‍പില്‍ വചനം പങ്കുവയ്ക്കുന്ന, ഞാനും എന്നെ കേള്‍ക്കുന്ന നിങ്ങളും പ്രശ്‌നങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്നവരാണ്. ഒരുപക്ഷേ, പരിശുദ്ധ മറിയത്തെപ്പോലെ നാമും ചിന്തിച്ചേക്കാം ഇത് എങ്ങനെ സംഭവിക്കും എന്ന്. എങ്കിലും ഒടുവില്‍ മറിയത്തെപ്പോലെ അവയെല്ലാം ദൈവികസ്വരമാണ് എന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ. ജീവിതത്തോട്, പ്രശ്‌നങ്ങളോട് യെസ് പറയാന്‍ നമുക്കാവട്ടെ.

പരിശുദ്ധ മറിയം നമ്മെ പഠിപ്പിക്കുന്ന രണ്ടാമത്തെ പാഠം, ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു പ്രാര്‍ത്ഥനയാണ് ‘ഇതാ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.’ ചുരുക്കിപ്പറഞ്ഞാല്‍, ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സമ്മറി. ഈശോയുടെ ഗത്സമെനിയിലെ പ്രാര്‍ത്ഥനയുടെ പീക്‌പോയിന്റില്‍ കാണുന്ന ‘Let Thy Will Be Done’ – അങ്ങയുടെ ഹിതം നിറവേറട്ടെ. മറിയത്തിന്റെ പ്രാര്‍ത്ഥനയും ഈശോയുടെ പ്രാര്‍ത്ഥനയും ഒന്നാകുന്ന വേദി. ദേവാലയങ്ങളില്‍ പോയി മുട്ടുകുത്തി ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാക്കി കര്‍ത്താവിനു കൊടുക്കുന്ന നമുക്ക്, അല്ലെങ്കില്‍ ഒരു കുരിശടിയോ, ഒരു കുരിശോ ഒന്ന് കണ്ടാല്‍ ‘കര്‍ത്താവേ, ഇത് തന്നേക്കണേ’ എന്ന് നാമൊക്കെ ചൊല്ലുന്ന ആവശ്യസാധനങ്ങളുടെ ഒരു ലിസ്റ്റിന്റെ മുന്‍പില്‍ മറിയം നല്‍കുന്ന വലിയൊരു വെല്ലുവിളിയാണ് ‘നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്നത്. നമ്മുടെ ലോകം നമ്മിലേക്ക് ചുരുങ്ങുമ്പോഴാണ് നമ്മുടെ ആവശ്യങ്ങളിലേക്ക്, നമ്മുടെ ദുഃഖങ്ങളിലേക്ക് പ്രാര്‍ത്ഥനകള്‍ ചുരുങ്ങുന്നത്. ഈ ദിനം മറിയം നമുക്ക് നല്‍കുന്ന രണ്ടാമത്തെ പാഠം അതാണ്.

ഞാന്‍ വെട്ടിയ വഴികളിലേക്ക്ദൈ വത്തെ ക്ഷണിക്കലല്ല മറിച്ച്, ദൈവം എനിക്ക് വെട്ടിത്തന്ന വഴികളില്‍ ഞാന്‍ നടന്നുപഠിക്കുമ്പോഴാണ് ജീവിതത്തില്‍ മംഗളവര്‍ത്തകള്‍ ഉണ്ടാകുന്നത്. ഇന്നത്തെ ലേഖനഭാഗത്ത് പൗലോശ്ലീഹാ നമ്മോട് ഇതു തന്നെയാണ് പറയുന്നത് ‘ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനായി ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍’ എന്ന്.

സ്‌നേഹമുള്ളവരേ, മംഗളവാര്‍ത്തക്കാലത്തിന്റെ ഈ രണ്ടാമത്തെ ആഴ്ചയില്‍ മറിയം നമ്മെ പഠിപ്പിക്കുന്നത് ഇവയാണ്, ജീവിതത്തിലെ ദൈവികപദ്ധതികള്‍ തിരിച്ചറിഞ്ഞ് അതിന് ‘യെസ്’ പറയാനും, ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ ദൈവമേ, നിന്റെ ഹിതം മാത്രം നടക്കണേ എന്ന് ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കാനുമാണ്. സഭാപിതാവായ എഫ്രേം പറയുന്നത് “ഹാവാ ചെവിയിലൂടെ കേട്ട വാക്കിലൂടെ പാപത്തിനു ജന്മം നല്‍കിയെങ്കില്‍ പുതിയ ഹാവായായ മറിയം ചെവിയിലൂടെ കേട്ട വാക്കിലൂടെ നന്മയ്ക്ക് ജന്മം നല്‍കി” എന്നാണ്. മംഗളവാര്‍ത്താക്കാലത്തിന്റെ ലെലിയ പ്രാര്‍ത്ഥനയില്‍ നാം ഇപ്രകാരം പാടുന്നു: ‘മര്‍ത്യകുലത്തിനൊരത്ഭുതമായി പരിലസിച്ചിടുന്നു മറിയം നിത്യം ലോകത്തില്‍.’

പ്രിയപ്പെട്ടവരേ, മംഗളവര്‍ത്താക്കാലത്തില്‍ മറിയത്തെ ധ്യാനിക്കുമ്പോള്‍, ജീവിതത്തിന്റെ കടുത്ത നിമിഷങ്ങളില്‍ സംഭവിക്കുന്നത് ദൈവികപദ്ധതിയാണ് എന്ന് മനസിലാക്കാനും ദൈവികപദ്ധതിയില്‍ നിന്റെ ഹിതം നിറവേറട്ടെ എന്ന് ദൈവത്തോട് പറയാനും നമുക്ക് സാധിക്കട്ടെ. അതിനുള്ള കൃപക്കായി ക്രിസ്തുമസിന് ഒരുങ്ങികൊണ്ടിരിക്കുന്ന നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

ബ്ര. മിജോ കൊല്ലന്റെകിഴക്കേതില്‍ MBCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.