ഞായർ പ്രസംഗം, മംഗളവർത്താക്കാലം ഒന്നാം ഞായർ നവംബർ 27, കാത്തിരിപ്പ്

ബ്ര. ജിനോ വാഴപ്പനാടിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീസഹോദരന്മാരേ,

ദൈവത്തിന്റെ രക്ഷാകരപദ്ധതികളെ ധ്യാനിക്കുന്ന ആരാധനാസംവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗളവാര്‍ത്താക്കാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. മിശിഹായുടെ ജനനത്തെ അനുസ്മരിക്കുന്ന മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 5 മുതല്‍ 25 വരെയുള്ള തിരുവചനങ്ങളാണ്.

മിശിഹായ്ക്ക് വഴിയൊരുക്കുവാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട സ്‌നാപകന്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമാണ് സുവിശേഷത്തില്‍ നാം കാണുന്നത്. രക്ഷാകരപദ്ധതിയോട് നിര്‍ണ്ണായകമായി സഹകരിച്ചവരുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ കഥകളാണ് ഇന്നത്തെ വായനകളില്‍ നാം കേട്ടത്.

കാത്തിരുന്നവരാണ് മനുഷ്യര്‍. ജീവിതത്തിലെ നല്ലൊരു ഭാഗം കാത്തിരിപ്പില്‍ ചെലവഴിക്കുന്നവരാണ് നാം എല്ലാവരും. പരാജയത്തിന്റെ പടുകുഴിയില്‍ വിജയത്തിനായി, കടബാധ്യത ഒഴിയുന്ന നല്ലൊരു നാളേക്കായി, പൊട്ടിപ്പോയ സ്‌നേഹബന്ധത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായി നാം കാത്തിരിക്കുന്നു. ഓരോ കാത്തിരിപ്പിലും ഓരോ പ്രതീക്ഷയുണ്ട്. ദൈവവും കാത്തിരിക്കുന്നവരാണ് നല്ല ഫലം കായ്ക്കുന്ന നാളേക്കായി വളമിട്ടു കാത്തിരിക്കുന്നവനാണവന്‍.

രക്ഷാകരചരിത്രമെന്നത് കാത്തിരിപ്പിന്റെയും അതിലടങ്ങിയിരിക്കുന്ന പ്രതീക്ഷയുടെയും ചരിത്രമാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ കാത്തിരിപ്പിന്റെ ഒരുപാട് വ്യക്തികളെ നാം കണ്ടുമുട്ടുന്നുണ്ട്. അബ്രാഹത്തിന്റെ ഭാര്യ സാറാ, ഇസഹാക്കിന്റെ ഭാര്യ റബേക്ക, യാക്കോബിന്റെ ഭാര്യ റാഹേല്‍, എല്‍ക്കാനയുടെ ഭാര്യ ഹന്ന തുടങ്ങി ആ കാത്തിരിപ്പിന്റെ ചരിത്രം നീളുന്നു. 82 കൊല്ലത്തെ കാത്തിരിപ്പ് അബ്രാഹത്തെ വിശ്വാസികളുടെ മുഴുവന്‍ പിതാവാക്കി മാറ്റി. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണാന്‍ സാധിക്കാത്തവിധം നിനക്ക് സന്താനങ്ങളെ ഞാന്‍ നല്‍കുമെന്ന് വൃദ്ധനായ അബ്രാഹത്തോട് ദൈവം പറയുമ്പോള്‍ അദ്ദേഹം തിരിച്ച് ദൈവത്തോട് ചോദിക്കുന്നുണ്ട്: ‘ദൈവമായ കര്‍ത്താവേ, ഇത് എങ്ങനെ സംഭവിക്കും?’ (ഉ ല്‍. 15:1). ഗര്‍ഭധാരണപ്രായം കഴിഞ്ഞിരിക്കുന്ന സാറായ്ക്ക് ഒരു മകന്‍ ഉണ്ടാകുമെന്ന് ദൈവം പറയുമ്പോള്‍ ഉള്ളില്‍ ചിരിച്ചുകൊണ്ട് സാറാ പറയുന്നുണ്ട്. ‘എനിക്ക് പ്രായമേറെയായി; ഭര്‍ത്താവ് വൃദ്ധനായി. എനിക്ക് സന്താനഭാഗ്യം ഉണ്ടാകുമോ?’ (ഉല്‍. 18:11-12). യേശു നിക്കദേമോസിനോട് വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ സാധിക്കില്ല എന്നു പറയുമ്പോള്‍ അദ്ദേഹം തിരിച്ചു ചോദിക്കുന്നു: ‘പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും?’ (യോഹ. 3:34). ഇന്നത്തെ സുവിശേഷഭാഗത്ത് സമാനമായ ഒരു ചോദ്യം ചോദിക്കുന്ന വൃദ്ധനായ സഖറിയായെയാണ് നാം കാണുന്നത്.

ജീവിതത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ വര്‍ഷങ്ങളോളമുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാതെ വരുമ്പോള്‍ നാം ഇതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരായി മാറാം. ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഇന്നത്തെ തിരുവചനം നമുക്ക് നല്‍കുന്ന ഉറപ്പ് ഇതാണ്, ദൈവത്തിന് എല്ലാം സാധ്യമാണ്.

സഖറിയായും എലിസബത്തും ദൈവത്തിനു മുമ്പില്‍ പ്രസാദപൂര്‍ണ്ണമായ ജീവിതം നയിച്ചവരായിന്നുവെന്ന പരാമര്‍ശത്തോടൊപ്പം അവര്‍ ജീവിതത്തില്‍ അഭിമുഖീകരിച്ച വലിയ വേദനകളിലൂടെ തന്നെയായിരുന്നു ഈ പ്രസാദവരപൂര്‍ണ്ണതയില്‍ നിലകൊണ്ടത് എന്നതും പ്രധാനപ്പെട്ടതാണ്.

യഹൂദപാരമ്പര്യത്തില്‍ വന്ധ്യത ഏറ്റവും വലിയ ശാപവും ദുരന്തവുമായാണ് കണക്കാക്കിയിരുന്നത്. തലമുറകളെ ജനിപ്പിച്ച് ദൈവികനിയമം സന്തതിപരമ്പരകള്‍ക്ക് കൈമാറി പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മക്കളെ ലഭിക്കുന്നത് ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കപ്പെട്ടിരുന്നു. ഈ ദമ്പതികളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടാനുള്ള യോഗ്യതയായി വചനം പറയുന്നത് അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ പ്രമാണങ്ങളും കല്‍പനകളും കുറ്റമറ്റവിധം അനുസരിച്ചവരുമായിരുന്നു എന്നതാണ്. സന്താനലബ്ധിക്കു വേണ്ടിയുള്ള അബ്രാഹത്തിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ ദൈവം അബ്രാഹത്തോട് ആവശ്യപ്പെടുന്നതും എന്റെ മുമ്പില്‍ വ്യാപരിക്കുക, കുറ്റമറ്റവനായിരിക്കുക (ഉല്‍. 17:2) എന്നതാണ്. എഫേസോസിലെ സഭയ്ക്കുള്ള ലേഖനത്തില്‍ നാം ഇപ്രകാരം വായിച്ചുകേട്ടു: ‘ക്രിസ്തു സഭയെ വിശുദ്ധീകരിക്കുന്നത് അവളെ കറയോ, ചുളുവോ, മറ്റു കുറവുകളോ ഇല്ലാതെ മഹത്വപൂര്‍ണ്ണയായി തനിക്ക് തന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയും ആയിരിക്കുന്നതിനും വേണ്ടിയാണ്.’

ദൈവം സൗമ്യമായി ജീവിതത്തില്‍ ഇടപെടാനും കാത്തിരിപ്പിന് ഫലമുണ്ടാകാനും നീതിനിഷ്ഠവും കളങ്കരഹിതവുമായ ജീവിതം നമുക്ക് വേണം. പുരോഹിതനായിരുന്ന സഖറിയ ദൈവേഷ്ടങ്ങളെയും ദൈവികപ്രവര്‍ത്തനങ്ങളെയും കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നവനാണ്. ദൂതന്റെ പ്രവചനത്തോടുള്ള അദ്ദേഹത്തിന്റെ മറുപടി ഈ അറിവുകളൊക്കെ ഒരു നിമിഷത്തേക്ക് നിഷ്പ്രഭമാക്കി. തന്റെ പ്രായാധിക്യവും എലിസബത്തിന്റെ വന്ധ്യതയും ഓര്‍ത്ത് കണ്ണു നിറയുന്ന സഖറിയായോട് ദൂതന്‍ പറയുന്നു: ‘ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേലാണ്.’

ദൈവികശക്തികള്‍ക്കു മുമ്പില്‍ മാനുഷികപരിമിതികള്‍ ഒന്നുമല്ല എന്ന് പുരോഹിതനായ സഖറിയായെ ഓര്‍മ്മപ്പെടുത്തുന്നവയാണ് ഗബ്രിയേല്‍ ദൂതന്റെ വാക്കുകള്‍. ദൈവം ബലവാനാണ്. തന്റെ കുറവുകളെ ക്ഷണനേരം കൊണ്ട് മാറ്റാനാകും എന്ന് വിശ്വസിക്കേണ്ടവനായിരുന്നു സഖറിയാ. പഴയനിയമ രഹസ്യങ്ങള്‍ നിശബ്ദമായി എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് വിശുദ്ധ സ്ഥലത്തിന്റെ മധ്യത്തില്‍ വച്ച് ബലിയര്‍പ്പണ വേളയില്‍ സഖറിയാ മൂകനായിത്തീര്‍ന്നതെന്ന് പൗരസ്ത്യ സുറിയാനി സഭാപിതാവായ മാര്‍ അപ്രേം പ്രസ്താവിക്കുന്നു. വാസ്തവത്തില്‍ യോഹന്നാന്റെ ജനനത്തോടെ ഇസ്രായേലിലെ പ്രവാചകന്മാര്‍ നിശബ്ദരായിത്തീരുന്നതിനെയാണ് സഖറിയായിടെ മൂകത സൂചിപ്പിക്കുന്നത്. കൂടാതെ, ദൈവദാനത്തെക്കുറിച്ച് കൂടുതല്‍ മനനം ചെയ്യാനും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് മറിയത്തെപ്പോലെ വിശ്വാസത്തിന്റെ വിളനിലമാകാനും നിശബ്ദത സഖറിയായെ സഹായിച്ചു. ബലിപീഠത്തിനു സമീപം നമ്മോട് സംസാരിക്കാന്‍ കാത്തുനില്‍ക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്ന ചിന്ത ദൈവാലയത്തില്‍ കടന്നുവരുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ടതുണ്ടെന്ന് ഈ ദര്‍ശനം പഠിപ്പിക്കുന്നു. ‘ഇന്നലെയില്‍ നിന്നു പഠിക്കുക, ഇന്നില്‍ ജീവിക്കുക, നാളയെക്കുറിച്ച് പ്രത്യാശിക്കുക. ഏറ്റവും പ്രധാനമായി ഒന്നിനെയും ചോദ്യം ചെയ്യാതിരിക്കുക.’ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകളാണിവ.

അവസാനമായി ഒരു കഥ ഇപ്രകാരമാണ്: അടയിരിക്കുന്ന വേഴാമ്പല്‍ ആ മരപ്പൊത്തിനുള്ളിലാണ് കാലം കഴിയുവോളം വിശ്രമിക്കുന്നത്. ആണ്‍കിളി നാരുകളും മണല്‍ത്തരികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് ആ മരപ്പൊത്തിന്റെ മുഖം പുറത്തു നിന്ന് അടയ്ക്കുന്നു. തന്റെ കൊക്കിനു മാത്രം കടക്കാവുന്ന ഒരു സുഷിരം ബാക്കിനിര്‍ത്തി ഇര തേടിപ്പോകുന്ന ആണ്‍കിളി. ഈ സുഷിരത്തിലൂടെയാണ് മരപ്പൊത്തിലെ വേഴാമ്പല്‍ ഭക്ഷണം കഴിക്കുന്നത്. ഒരുപക്ഷേ, എന്തെങ്കിലും അപകടത്തില്‍പെട്ട് ആണ്‍കിളി മടങ്ങിവന്നില്ലെങ്കിലോ? എന്നാലും പെണ്‍കിളി പുറത്തവരാന്‍ ശ്രമിക്കില്ല. സ്‌നേഹത്തിന്റെ എല്ലാ വിഷാദങ്ങളും ഉള്ളില്‍ സ്വീകരിച്ച് ആ പെണ്‍വേഴാമ്പല്‍ മരപ്പൊത്തില്‍ തന്റെ ആണ്‍കിളിക്കായി കാത്തിരിക്കും. കാരണം അത്ര പ്രതീക്ഷയാണ് അതിന് തന്റെ പങ്കാളിയില്‍. ജീവിതത്തിന്റെ വേദനകളിലും തകര്‍ച്ചകളിലും ഇല്ലായ്മകളിലും പ്രതീക്ഷ നഷ്ടപ്പെടാതെ ദൈവത്തിന്റെ ഇടപെടലിനു വേണ്ടി കാത്തിരിക്കാന്‍ നമുക്ക് കഴിയട്ടെ. കാത്തിരിപ്പ് കാലക്കേടല്ല, മറിച്ച് എന്റെ ജീവിതത്തില്‍ ഇടപെടാനുള്ള സമയം കൊടുക്കലാണ് എന്ന് തിരിച്ചറിയാം. നിരാശയുടെയും തോല്‍വിയുടെയും മണിക്കൂറുകള്‍ക്കപ്പുറം ദൈവം എന്റെ ജീവിതത്തില്‍ ഇടപെടുന്ന ഒരു സമയമുണ്ട്. ആ ദൈവിക ഇടപെടലിന്റെ സമയത്തിനായി ഈ വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജിനോ വാഴപ്പനാടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.