ഞായർ പ്രസംഗം, പള്ളിക്കൂദാശാക്കാലം നാലാം ഞായർ, രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായവന്‍

ബ്ര. ജിന്‍സണ്‍ ഷാജി കീടംകുറ്റിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

ലോകം ഇന്ന് ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിക്കുകയാണ്. ‘രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും’ ആണ് ക്രിസ്തു എന്ന് വെളിപാടിന്റെ പുസ്തകം 19:16-ാം വാക്യത്തില്‍ നാം വായിക്കുന്നു. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജാവായി ഈശോയെ പിതാവായ ദൈവം ഉയര്‍ത്തിയതിനെ അനുസ്മരിക്കുന്ന ദിനമാണിന്ന്. 1921-ല്‍ പതിനൊന്നാം പിയൂസ് പാപ്പായാണ് ക്രിസ്തുവിനെ സര്‍വ്വലോകത്തിന്റെയും രാജാവായി പ്രഖ്യാപിച്ചുകൊണ്ട് ഈ തിരുനാള്‍ ആഘോഷത്തിന് പ്രാരംഭം കുറിച്ചത്. 1918 നവംബറില്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചുവെങ്കിലും എവിടെയും അധികാരക്കൊതിയും അനീതിയും മാത്രം നിറഞ്ഞുനിന്ന സമയം. ഈ അവസരത്തിലാണ് മാര്‍പാപ്പാ, നിത്യം നിലനില്‍ക്കുന്ന ഒരു രാജ്യമുണ്ടെന്നും സ്‌നേഹത്തിന്റെ ഭരണം നടത്തുന്ന ഒരു രാജാവുണ്ടെന്നും ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തത്.

നസ്രത്തില്‍ ജീവിച്ചു കടന്നുപോയ യേശു എന്നു പേരുള്ള ചെറുപ്പക്കാരന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? കേവലം ഒരു തച്ചന്റെ മകന്‍ എന്ന ലേബല്‍ നല്‍കി നിര്‍ത്തേണ്ടവനായിരുന്നോ അവന്‍? അതോ പലരുടെയും നെറ്റിചുളിയാന്‍ കാരണക്കാരനായ, എന്തിനെയും തിരുത്തുന്ന ഒരു യുവാവ് മാത്രമായിരുന്നോ അവന്‍? നേരാണ്, അവനും നമ്മെപ്പോലെ ഈ ഭൂമിയില്‍ ജനിച്ചു, അദ്ധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അപ്പം ഭക്ഷിച്ചു, വിശപ്പും ദാഹവും സഹിച്ചു, കണ്ണീരും വേദനയും അവന്റെ കൂട്ടിനുണ്ടായിരുന്നു. അവനും നമ്മെപ്പോലെ മാനവകുലത്തില്‍ ഒരുവനായെങ്കിലും അവന്‍ വ്യത്യസ്തനായിരുന്നു. സഭാപിതാവ് അത്തനാസിയോസ് ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്: ‘ക്രിസ്തു പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമാണ്. ദൈവമെന്ന നിലയില്‍ പിതാവിനോട് സമസത്തയാണ്. ദൈവത്തിനു മാത്രമേ മനുഷ്യനെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.’ സ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലാണ് ഈശോ നമ്മെ രക്ഷിച്ചത്. ആ മുപ്പത്തിമൂന്നുകാരന്‍ താടിക്കാരന്റെ വാക്കുകള്‍ക്ക് ഇന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എന്തൊരു വശ്യശക്തിയാണ്. ഒരിക്കലും ഒരു കൂട്ടുകാരന്റെയും വാട്‌സ് ആപ്പ് സന്ദേശത്തിനു തരാന്‍ പറ്റാത്തത്ര സന്തോഷം, ഒരു പ്രണയിനിയുടെയും കൂടെ ചെലവഴിച്ചാല്‍ കിട്ടുന്നതിലുമധികം സ്‌നേഹം, ആ തിരുസന്നിധിയില്‍ ചെന്നിരുന്നാല്‍ കിട്ടുമെന്ന് ഉറപ്പാണ്. ഇത് കാലം തെളിയിച്ചതാണ്.

ജീവിച്ചിരിക്കെ, യാതൊരുവിധ അധികാരവും കയ്യാളാത്ത, എല്ലാ അധികാരസ്ഥാനങ്ങളില്‍ നിന്നും അകന്നുനിന്ന വ്യക്തിയായിരുന്നു യേശു. വി. മര്‍ക്കോസിന്റെ സുവിശേഷം 10:45-ല്‍ നാം വായിക്കുന്നു: ശുശ്രൂഷിക്കപ്പെടാനല്ല; ശുശ്രൂഷിക്കനാണ് താന്‍ വന്നിരിക്കുന്നത് എന്നത് ക്രിസ്തുമനോഭാവം. വി. ലൂക്കായുടെ സുവിശേഷം 9:58-ല്‍ നാം കാണുന്നു: കുറുനരിക്ക് മാളങ്ങളും പക്ഷികള്‍ക്ക് കൂടുകളും ഉള്ളപ്പോഴും തലചായ്ക്കാന്‍ ഇടമില്ലാത്തവനാണ് മനുഷ്യപുത്രന്‍. അന്യദേശത്ത് ആരുടെയോ തൊഴുത്തിലെ പുല്‍ത്തൊട്ടിലില്‍ ജനനം, എത്തിയ ഇടങ്ങളില്‍ അന്തിയുറക്കം, ശത്രുക്കള്‍ വച്ചുനീട്ടിയ മരത്തില്‍ മരണം. ഇതായിരുന്നു ഈശോയുടെ ജീവിതം. എന്നിട്ടും ജനം അവനെ രാജാവാക്കാന്‍ ശ്രമിച്ചു. അപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍ അത് തിന്ന് തൃപ്തരായവര്‍ അവനെ ബലമായി പിടിച്ച് രാജാവാക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ അവരുടെ ഇടയില്‍ നിന്ന് രക്ഷപെടുകയാണ് ചെയ്തത്. കാരണം, ജനത്തിന്റെ രാജാവ് ആകുന്നതിനെക്കുറിച്ചുള്ള ക്രിസ്തുസങ്കല്‍പം തീര്‍ത്തും വ്യത്യസ്തമായിരുന്നു. വി. മത്തായിയുടെ സുവിശേഷം 20:7-ല്‍ പറയുന്നു: “നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആ ഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.” ഇതാണ് ക്രിസ്തുകാഴ്ച്ചപ്പാട്.

ഇന്നത്തെ വചനവിചിന്തനത്തിനായി സഭാമാതാവ് തന്നിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം 18:33-37 വരെയുള്ള വാക്യങ്ങളാണ്. ഇവിടെ പീലാത്തോസ് ഈശോയോടു ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്: നീ യഹൂദരുടെ രാജാവാണോ? തന്റെ രാജത്വത്തെയും രാജ്യത്തെയും കുറിച്ചുള്ള വികലമായ സങ്കല്‍പം തിരുത്തണമെന്ന് ആഗ്രഹിച്ച ഈശോയുടെ മറുപടിയും അതിനു തക്കതായിരുന്നു. പീലാത്തോസിന്റെ വിചാരണവേളയെ അതിനു പറ്റിയ സമയമായി അവിടുന്ന് കണ്ടു.

സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ലെന്നും ബറബ്ബാസിനെ ഞങ്ങള്‍ക്ക് വിട്ടുതരിക എന്നുമൊക്കെ നിലവിളികള്‍ ഉയര്‍ത്തിയ ജനം യഥാര്‍ത്ഥത്തില്‍ പിതാവ് അയച്ച പ്രിയപുത്രനെ, സ്വന്തം രാജാവിനെ തിരസ്‌ക്കരിക്കുകയല്ലേ ചെയ്തത്. 1 സാമുവല്‍ 8:1-9 ല്‍ ദൈവത്തിന്റെ സ്വന്തം ജനമായ ഇ സ്രായേല്‍ ഒരു രാജാവിനു വേണ്ടി മുറവിളി കൂട്ടുന്നത് നാം കാണുന്നുണ്ട്. ജനം സാമുവേലിനോടു പറഞ്ഞു: ‘മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരിക.’ മുറവിളികള്‍ക്കൊക്കെ ശേഷം ദൈവം സാമുവേലിനോട് പറയുന്ന ഒരു കാര്യമുണ്ട്: ‘അവര്‍ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്‌ക്കരിച്ചിരിക്കുന്നത്.’ അന്ന് പിതാവായ ദൈവത്തെ തിരസ്‌ക്കരിച്ച ഒരു ജനത ഇന്ന് അതേ ദൈവം മനുഷ്യനായി അവതരിച്ചപ്പോള്‍ അവനെയും തിരസ്‌ക്കരിച്ചു. തിരസ്‌ക്കരണത്തിന് അന്നും ഇന്നും ഒരേ മുഖം.

പണ്ടുകാലങ്ങളിലൊക്കെ രാജാക്കന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ ആ രാജ്യത്തെ ജനങ്ങള്‍ പ്രാര്‍ത്ഥനയോടെയും ആകാംക്ഷയോടെയും നോക്കിയിരിക്കും, രാജാവ് വിജശ്രീലാളിതനായി വരുന്നതും കാത്ത്. എന്നാല്‍ രാജാവ് കുരിതപ്പുറത്താണ് വരുന്നതെങ്കില്‍ അതൊരു അപായസൂചനയാണ്. നിങ്ങള്‍ വേഗം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറൂ എന്ന സൂചന ഇത് നല്‍കുന്നു. എന്നാല്‍ രാജാവ് കഴുതപ്പുറത്താണ് വരുന്നതെങ്കില്‍ രാജാവ് വിജയിച്ചാണ് വരുന്നത് എന്നാണ് സൂചന. യേശുവും ജറുസലേമിലേക്ക് കടന്നുവന്നത് കഴുതപ്പുറത്തായിരുന്നു. എല്ലാ തിന്മകളുടെ മേലും വിജയം വരിച്ച് സമാധാനവുമായി അവിടുന്ന് വന്നു.

ഇന്ന് മിശിഹായുടെ രാജത്വത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ഈശോയ്ക്ക് പ്രഥമസ്ഥാനം കൊടുക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നമുക്ക് ആത്മശോധന ചെയ്യാം. താരരാജാക്കന്മാര്‍ വാഴുന്ന അല്ലെങ്കില്‍ വാഴ്ത്തപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൊച്ചു താരരാജാക്കന്മാരാകാന്‍ നാമും പലവിധേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിലും ഫോളോവേഴ്‌സിനെയും ഫ്രണ്ട്‌സിനെയും ഒക്കെ കൂട്ടിയും ലൈക്ക് കൊടുത്തും വാങ്ങിയും മതിവരാതെ. പ്രിയമുള്ളവരേ, ഇതൊന്നും നിലനില്‍ക്കില്ല എന്ന സത്യം ഒരിക്കല്‍ നമ്മള്‍ തിരിച്ചറിയും. എന്നാല്‍ ഈശോയെ പിന്തുടര്‍ന്നാല്‍ ഒരിക്കല്‍ നിത്യമായ ലൈക്ക് അവനു കൊടുത്താല്‍ അവന്‍ എന്നും നിങ്ങളുടെ കൂടെയുണ്ടാകും. അതുകൊണ്ട് ക്രിസ്തുവിന് ജീവിതത്തില്‍ ആദ്യസ്ഥാനം കൊടുക്കാം. എന്നെങ്കിലുമൊക്കെ ജീവിത്തില്‍ ആത്മവിശ്വാസവും പ്രത്യാശയുമൊക്കെ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഓര്‍ത്തുകൊള്ളുക, നമുക്ക് എവിടെയോ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് പാദങ്ങള്‍ കഴുകിക്കൊണ്ട് ഹൃദയങ്ങളില്‍ അധികാരം നടത്തുന്ന കുരിശിലെ മരണ-ഉത്ഥാനങ്ങളിലൂടെ വിജശ്രീലാളിതനായ ഈശോ നമ്മുടെ ഹൃദയങ്ങളും ഭരിക്കട്ടെ. നമ്മുടെ അധികാരങ്ങളെ ശുശ്രൂഷയാക്കി മാറ്റിക്കൊണ്ട് ഒരു ക്രിസ്തുമനോഭാവം നമ്മിലുണ്ടാകാന്‍ ആഗ്രഹിച്ച് തുടര്‍ന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിന്‍സണ്‍ ഷാജി കീടംകുറ്റിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.