ഞായർ പ്രസംഗം, പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ നവംബർ 13, ദൈവകൃപയാകുന്ന താലന്തുകള്‍

“മറച്ചുവയ്ക്കാനുള്ളതല്ല മഹത്വത്തിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ദൈവം നമുക്ക് നല്‍കുന്ന താലന്തുകള്‍”

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീസഹോദരന്മാരേ,

സഭാസമര്‍പ്പണത്തെ അനുസ്മരിക്കുന്ന പള്ളിക്കൂദാശാക്കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലൂടെ പ്രയാണം ചെയ്യുന്ന നമുക്ക് തിരുസഭാമാതാവ് വിചിന്തനത്തിനായി വച്ചുനീട്ടുന്നത് വി. മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 14 മുതല്‍ 30 വരെയുള്ള തിരുവചനഭാഗങ്ങളാണ്.

യജമാനന്‍ ദീര്‍ഘയാത്ര പുറപ്പെടുകയാണ്. അതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് ഭരമേല്‍പിക്കുന്നതിനോട് ചേര്‍ത്തുവച്ച് യേശു സ്വര്‍ഗരാജ്യത്തെ ഉപമിക്കുകയാണ്. ഉപമയിലെ യജമാനന്‍ മിശിഹായാണ്. ദാസന്മാരാകട്ടെ, അവനില്‍ വിശ്വസിക്കുന്നവരും. അവന്‍ പോകുന്ന ദൂരദേശം സ്വര്‍ഗമാണ്. അവന്റെ പുനരാഗമനമാകട്ടെ, മിശിഹായുടെ രണ്ടാമത്തെ ആഗമനവും. മിശിഹായിലൂടെ നമുക്ക് ലഭിച്ച സ്വര്‍ഗരാജ്യത്തില്‍ നമ്മെ എത്തിക്കാന്‍ സഹായിക്കുന്ന ദൈവകൃപയാകുന്ന താലന്തുകളെ മറച്ചുവച്ചോ അതോ മഹത്വത്തപ്പെടുത്തിയോ എന്ന ചോദ്യമാണ് ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യപ്രമേയം.

ഇന്നത്തെ പഴയനിയമ ഒന്നാം വായനയില്‍ യാക്കോബിനെ നാം കണ്ടുമുട്ടുന്നു. ദൈവം തിരഞ്ഞെടുത്തിട്ടും ദൈവകൃപയേക്കാളുപരി സ്വന്തം ശക്തിയില്‍ ആശ്രയിച്ച കാലത്ത് യാക്കോബിന് ജീവിതത്തിലുണ്ടാകുന്ന അദ്ധ്വാനവും കഷ്ടപ്പാടുകളും അസ്വസ്ഥതകളും വചനഭാഗത്ത് നാം കാണുന്നു. രണ്ടാം വായനയായ പ്രഭാഷകന്റെ പുസ്തകം ദൈവകൃപയില്‍ ആശ്രയിക്കാനുള്ള പ്രചോദനമാണ്. കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം. അത് ക്ഷണനേരം കൊണ്ട് പൂവണിയുന്നു (പ്രഭാ. 11:22). ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവം കൃപകളും അനുഗ്രഹങ്ങളും നല്‍കുന്നു.

ലേഖനഭാഗത്തില്‍ വ്യാജപ്രവാചകരിലും തെറ്റായ പ്രബോധനങ്ങളിലും ആശ്രയം കണ്ടെത്താതെ ദൈവകൃപയില്‍ ആശ്രയിച്ച് അദ്ധ്വാനശീലമുള്ളവരായി നിലകൊള്ളാന്‍ പൗലോസ് ശ്ലീഹാ തെസലോനിക്കയിലെ സഭയെ ഉദ്‌ബോധിപ്പിക്കുന്നു. ദൈവകൃപയോട് സഹകരിക്കാത്തവര്‍ സ്വന്തം ശിക്ഷാവിധിയും സഹകരിക്കുന്നവന്‍ നിത്യഭാഗ്യവും നേടുമെന്ന് വ്യക്തമാക്കുന്നതാണ് താലന്തുകളുടെ ഉപമ. യഹൂദരുടെ പാരമ്പര്യമനുസരിച്ച്, താലന്ത് എന്നത് ഒരു ഭൃത്യന്‍ ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ ജോലി ചെയ്താല്‍ ലഭിക്കുന്ന വേതനമാണ്. ഇതിനോട് ചേര്‍ത്തുവച്ചു വേണം നാം മറച്ചുവച്ച ആ താലന്തിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍. സഭാപിതാവായ അഗസ്തീനോസ് പറയുന്നു: ‘നഷ്ടപ്പെടുത്തുന്ന താലന്തുകള്‍ നഷ്ടപ്പെടുത്തുന്ന ദൈവകൃപ തന്നെയാണ്’ എന്ന്.

താലന്തുകളുടെ ഉപമ നമ്മുടെ ജീവിതത്തിന് നല്‍കുന്ന രണ്ട് പാഠങ്ങളുണ്ട്. ഒന്നാമതായി, ദൈവം ഓരോ വ്യക്തിക്കും കൃപകള്‍ നല്‍കുന്നത് തന്റെ അനന്തമായ ജ്ഞാനത്തിലാണ്. എഫേ. 4:7 ഇപ്രകാരം പറയുന്നു: “നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.” ദൈവദാനത്തിലെ ഏറ്റക്കുറച്ചിലകളെ മാനുഷികബുദ്ധി കൊണ്ട് ചോദ്യം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിലെ കൃപകളെക്കുറിച്ച് അസൂയയും നിരാശയും വളര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. കിട്ടിയ താലന്തിന്റെ വളര്‍ച്ചക്കു വേണ്ടിയുള്ള വിശ്വസ്തതയോടു കൂടിയ അദ്ധ്വാനമാണ് ദൈവം പരിഗണിക്കുന്നത്. ഒരുനാള്‍ കണക്കു ചോദിക്കാന്‍ ദൈവം വരും എന്നുള്ളതാണ് ഉപമ നല്‍കുന്ന രണ്ടാമത്തെ പാഠം. ഹെബ്രാ. 12:15 ഇപ്രകാരം പറയുന്നു: “ആയതിനാല്‍ ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.” വര്‍ദ്ധിപ്പിച്ച താലന്തുകളും വലിപ്പമല്ല, പരിശ്രമത്തിലെ വിശ്വസ്തതയാണ് ദൈവം വിലയിരുത്തുന്നത്. ദൈവം നമ്മെ വിളിച്ചത് വിജയിക്കാന്‍ മാത്രമല്ല വിശ്വസ്തരായിരിക്കാന്‍ കൂടിയാണ്. ദാനമായി ലഭിച്ച കൃപകളില്‍ വളരാനും വിശ്വസ്തരായിരിക്കാനും നമ്മള്‍ പരിശ്രമിക്കണം.

ദൈവം നല്‍കിയ താലന്തുകളെ ചേര്‍ത്തുവച്ച് അള്‍ത്താരയിലേക്ക് പടര്‍ന്നുകയറിയവരാണ് വിശുദ്ധര്‍.

  • ദൈവം നല്‍കിയ ദാരിദ്ര്യം എന്ന താലന്ത് മേലങ്കിയായി അണിഞ്ഞാണ് ഫ്രാന്‍സിസ്, അസ്സീസിയില്‍ നിന്നും സ്വര്‍ഗത്തിലേക്ക് നടന്നുനീങ്ങിയത്.
  • ലിസ്യൂവിലെ ചെറുപുഷ്പം വിരിഞ്ഞ് വസന്തമായത് ദൈവസ്‌നേഹമാകുന്ന താലന്തിനുള്ളില്‍ നിന്നാണ്.
  • കരുണ എന്ന താലന്താണ് അര്‍മേനിയക്കാരിയെ, കൊല്‍ ക്കത്തായിലെ തെരുവിലെ പാവങ്ങളുടെ അമ്മയാക്കി മാറ്റിയത്.
  • സഹനമെന്ന താലന്ത് ചേര്‍ത്തുപിടിച്ചപ്പോഴാണ് അന്നക്കുട്ടി എന്ന കുടമാളൂര്‍ക്കാരി ഭാരതത്തിലെ ആദ്യവിശുദ്ധയായി മാറുന്നത്.

ദൈവകൃപകളാകുന്ന താലന്തുകള്‍ നമ്മുടെ ജീവിതത്തിലും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ജീവിതം കൊണ്ട് ഈ താലന്ത് കണ്ടെത്താന്‍ കഴിഞ്ഞോ എന്നുള്ളതാണ് നാം വിചിന്തനവിഷയമാക്കേണ്ടത്.

ദൈവം നല്‍കിയ താലന്തുകള്‍ തിരിച്ചറിഞ്ഞവരെല്ലാം ജീവിതത്തില്‍ വിജയിച്ചവരാണ്. 65-ാം വയസു വരെ ജീവിതത്തില്‍ പരാജയം മാത്രം. വിവിധ ജോലികള്‍ ചെയ്തു; എല്ലായിടത്തും തോല്‍വി. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു; അവിടെയും പരാജയം. 1004 റെസ്റ്റോറന്റുകള്‍ കയറിയിറങ്ങി; തന്റെ ചിക്കന്‍ വില്‍ക്കാന്‍. അവരും നിരസിച്ചു. പക്ഷേ, ഇനിയും വിധിയെ പഴിച്ച് വിട്ടുകൊടുക്കാന്‍ ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല. ഇവിടെ നിന്നുമാണ് കേണൽ സാൻഡേർസ് എന്ന മനുഷ്യന്‍ ലോകത്തിലെ 2-ാമത്തെ ഭക്ഷ്യശൃംഖലയായ കെന്‍ഡകി ഫ്രൈഡ് ചിക്കന്‍ അഥവാ കെ.എഫ്.സി-യുടെ വിജയഗാഥ എഴുതിത്തുടങ്ങിയത്. ഇന്ന് 200 രാജ്യങ്ങളില്‍ 20000 ഔട്ട്‌ലെറ്റുകളില്‍ കെ.എഫ്.സി എത്തിനില്‍ക്കുന്നു. 65-ാം വയസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വ്യക്തി 88-ാം വയസില്‍ ലോകത്തിലെ കോടീശ്വരന്മാരുടെ നിരയിലെത്തുന്നു.

സ്‌നേഹമുള്ളവരേ, മറ്റാര്‍ക്കും കൊടുക്കാത്ത ഒരു താലന്ത് ദൈവം എന്റെയും നിന്റെയും ജീവിതത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. അത് കണ്ടെത്തുന്നിടത്ത് ദൈവകൃപയുടെ വഴി തുറക്കപ്പെടുകയാണ്. സ്വന്തം പരിമിതികളുടെ ഇടുങ്ങിയ കിണറുകളില്‍ ഒതുങ്ങിനില്‍ക്കാതെ ദൈവികതയുടെ അനന്തസമുദ്രസാധ്യതകളെ ജീവിതത്തില്‍ കണ്ടെത്താന്‍ നമുക്ക് ശ്രമിക്കാം. ഈ ദൈവകൃപയില്‍ നിന്നാണ് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം നിങ്ങള്‍ നിയമത്തിന്‍കീഴിലല്ല; കൃപക്കു കീഴിലാണ്.
ജീവിതത്തില്‍ ഇനിയും നിങ്ങള്‍ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല എന്ന തോന്നലുണ്ടെങ്കില്‍ ഒന്ന് പിന്തിരിഞ്ഞു നോക്കുക. ദൈവം നല്‍കിയ കൃപകളാകുന്ന താലന്ത് അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗിച്ചോ എന്ന്.

  • നിങ്ങള്‍ ഒരു ഗായകനാണോ? എങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച ഗാനം ഇനിയും നിങ്ങള്‍ ആലപിച്ചിട്ടില്ല.
  • നിങ്ങള്‍ ഒരു കര്‍ഷകനാണോ? എങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച വിത്ത് ഇനിയും നിങ്ങള്‍ വിതച്ചിട്ടില്ല.
  • നിങ്ങള്‍ ഒരു ചിത്രകാരനാണോ? എങ്കില്‍ ഇതുവരെ നിങ്ങള്‍ നിങ്ങളുടെ മാസ്റ്റര്‍പീസ് വരച്ചിട്ടില്ല.
  • നിങ്ങള്‍ ഒരു എഴുത്തുകാരനാണോ? എങ്കില്‍ ഇതുവരെ നിങ്ങളുടെ ഏറ്റവും മികച്ച എഴുത്ത് പിറന്നിട്ടില്ല.

ആയിരിക്കുന്ന മേഖലകളില്‍ ഉയരങ്ങളിലെത്തിക്കുന്ന ദൈവികതാലന്തിനെ തിരിച്ചറിയാന്‍ നമുക്ക് കഴിയട്ടെ.

പഴയ സാധനങ്ങള്‍ ലേലം ചെയ്യുന്ന കടയില്‍ ഒടുവില്‍ അവശേഷിച്ചത് ഒരു ഫിഡിലാണ്. തന്ത്രികള്‍ പൊട്ടിവീണ ഒരു ഫിഡില്‍. ഒരാള്‍ പ്ലാറ്റ്‌ഫോമിലെത്തി അത് മീട്ടിത്തുടങ്ങി. എന്നിട്ട് വിളിച്ചുപറഞ്ഞു: അഞ്ച് പൗണ്ട്. ജനക്കൂട്ടം ആര്‍ത്തിവിളിച്ചു പത്ത് പൗണ്ട്. ലേലത്തുക ഉയര്‍ന്നുപൊങ്ങി. ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവിന് എങ്ങനെയാണ് ഇത്ര മൂല്യം വര്‍ദ്ധിച്ചത്. The Master’s touch has made the difference. നമ്മുടെയൊക്കെ ജീവിതത്തില്‍ താലന്താകുന്ന ഒരു ഫിഡില്‍ ഒളിഞ്ഞുകിടപ്പുണ്ട്. അത് ചിലപ്പോള്‍ നമ്മുടെ കഴിവുകളാകാം, കുടുംബജീവിതമാകാം, വ്യക്തിബന്ധങ്ങളാവാം, കര്‍മ്മമേഖലകളാവാം. എന്നിലൂടെയും നിന്നിലൂടെയും മാത്രം മൂല്യം വര്‍ദ്ധിക്കുന്ന ജീവിതത്തിലെ ദൈവകൃപയാകുന്ന ആ താലന്തിനെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയട്ടെ.

ദൈവത്തില്‍ തുടങ്ങി, ദൈവത്തില്‍ തുടര്‍ന്ന്, ദൈവത്തില്‍ അവസാനിക്കേണ്ട നമ്മുടെ ഈ ജീവിതത്തില്‍ ദൈവം നല്‍കിയ കൃപകളാകുന്ന താലന്തുകളെ മറച്ചുവയ്ക്കാതെ അവിടുത്തോട് വിശ്വസ്തത കാട്ടി ഭൂമിയില്‍ അവിടുന്ന് നല്‍കിയ ദൗത്യത്തെ തിരിച്ചറിഞ്ഞ് ആ ദൂത് പൂര്‍ത്തിയാക്കാനുള്ള അനുഗ്രഹത്തിനായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര. അജോ കൊച്ചുറുമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.