ഞായർ പ്രസംഗം, പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ നവംബർ 06, മത്തായി 19: 23-30 ധനവും സ്വര്‍ഗരാജ്യവും

ബ്ര. ആല്‍ബിന്‍ ചെറുപ്ലാവില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

മിശിഹായുടെ രണ്ടാം ആഗമനത്തെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കിയിരിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തില്‍ നിന്നും സ്വര്‍ഗത്തില്‍ വിജയകിരീടം ചൂടുന്ന സഭയെയാണ് ഈ പള്ളിക്കൂദാശാക്കാലഘട്ടത്തില്‍ നാം അനുസ്മരിക്കുന്നത്. ഇന്ന് വചനവിചിന്തനത്തിനായി തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം മത്തായി 19:23-20 വരെയുള്ള തിരുവചനങ്ങളാണ്. വരാനിരിക്കുന്ന മോക്ഷഭാഗ്യത്തെ സ്വന്തമാക്കാന്‍ ഈ ലോകത്തിലെ താത്ക്കാലിക സുരക്ഷിതത്വങ്ങളെയും സന്തോഷങ്ങളെയും പരിത്യജിക്കണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

തന്റെ ഭാരിച്ച സമ്പത്തിനെപ്രതി നിത്യജീവന്‍ നഷ്ടപ്പെടുത്തിയ ധനികനായ യുവാവിന്റെ കാര്യം പറഞ്ഞുകൊണ്ടാണ് ഈ സുവിശേഷഭാഗം ആരംഭിക്കുന്നത്. ഈശോ നമുക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗീയാനുഭവത്തിലേക്ക്, നിത്യജീവനിലേക്ക് നാം കടന്നുവരണമെങ്കില്‍ ഉപേക്ഷയുടെ, വിട്ടുകൊടുക്കലിന്റെ ഒരു മനോഭാവത്തിലേക്ക് നാം വളരണം. ഇങ്ങനെ ഉപേക്ഷയുടെ തലത്തിലേക്ക് ആ യുവാവിന് വളരാന്‍ സാധിക്കാതെ പോയതുകൊണ്ടാണ് ഈശോ പറയുന്നത്: ‘വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.’

ഈശോ പലപ്പോഴും ഉപമകള്‍ വഴിയാണ് ജനത്തോട് സംസാരിച്ചിരുന്നത്. ഈ ഉപമകളെല്ലാം തന്നെ അന്നത്തെ ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ്. ഈശോയുടെ കാലഘട്ടത്തില്‍ ഒരു മനുഷ്യന് ജറുസലേം നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ നഗരത്തിനു ചുറ്റും കെട്ടി ഉയര്‍ത്തിയ കോട്ടമതിലിന്റെ കവാടങ്ങളിലൂടെ മാത്രമേ സാധിക്കൂ. ഇങ്ങനെയുള്ള 12 കവാടങ്ങളില്‍ ഒരെണ്ണം വളരെ ഇടുങ്ങിയതും ചെറുതുമായിരുന്നു. ഈ കവാടത്തിലൂടെ ഒട്ടകങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധ്യമായിരുന്നില്ല. കാരണം നഗരത്തിലേക്ക് ചരക്കുസാധനങ്ങള്‍ ചുമക്കുന്നതിനായിട്ടാണ് ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ഭാരമുള്ള ചുമടുമായി വരുന്ന ഒട്ടകത്തിന് ഒരിക്കലും ആ കവാടത്തിലൂടെ അകത്തു കടക്കാന്‍ സാധിക്കുകയില്ല. ഇനി അകത്ത് പ്രവേശിക്കണമെങ്കില്‍ തന്നെ ചുമലിലുള്ള കെട്ടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണം. പ്രിയമുള്ളവരേ, സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കി യാത്ര തിരിച്ചവരാണ് നാമെല്ലാവരും. ചിലപ്പോഴെങ്കിലും നമ്മുടെ ഈ യാത്രയില്‍ ഒട്ടകത്തെപ്പോലെ അനാവശ്യ ചുമടുകള്‍ വഹിക്കുന്നവരാണ് നമ്മള്‍. ഇത് നമ്മുടെ സ്വര്‍ഗലക്ഷ്യയാത്രക്ക് തടസം സൃഷ്ടിക്കും. ഇവിടെയാണ് ഉപേക്ഷയുടെ, വിട്ടുകൊടുക്കലിന്റെ, പങ്കുവയ്പ്പിന്റെ മനോഭാവത്തിലേക്ക് നാം വളരേണ്ടത്.

ഇന്നത്തെ പഴയനിയമ വായനകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും ഇതു തന്നെയാണ്. ദൈവമായ കര്‍ത്താവല്ലാതെ മറ്റു പലതിലും, പലരിലും രക്ഷ തേടുകയും അനാവശ്യമായ ചുമടുകള്‍ വഹിക്കുകയും ചെയ്തതിനാല്‍ വലിയ വീഴ്ചകളാണ് ആ ജനത്തെ കാത്തിരുന്നത്. ഉപേക്ഷയുടെ മനോഭാവത്തിലേക്ക് വളരാന്‍ അവര്‍ക്ക് സാധിച്ചില്ല. പങ്കുവയ്പ്പിന്റെ അനുഭവത്തിലൂടെ ദൈവത്തില്‍ അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനശ്വരമായ അവകാശത്തെക്കുറിച്ചാണ് ഇന്നത്തെ ലേഖനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് യോജ്യമായ ചില ഒരുക്കങ്ങള്‍ നടത്താറുണ്ടോ എന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഒന്നാമതായി, ഉപേക്ഷയുടെ മനോഭാവത്തില്‍ വളരാന്‍ നമുക്ക് സാധിക്കണം. ഈയൊരു മനോഭാവത്തില്‍ വളര്‍ന്നവരാണ് ഓരോ വിശുദ്ധരും. ലോകം വച്ചുനീട്ടിയ സുഖങ്ങള്‍ക്കും സമ്പത്തിനും മുമ്പില്‍ ഉപേക്ഷയുടെ മനോഭാവം ജീവിതത്തില്‍ സ്വീകരിക്കാന്‍ സാധിച്ചതുകൊണ്ടാണ് സ്വര്‍ഗത്തില്‍ മഹത്വത്തിന്റെ കിരീടം ചൂടാന്‍ അവര്‍ക്ക് സാധിച്ചത്. നമുക്കു മുമ്പില്‍ ജീവിതസാക്ഷ്യം നല്‍കുന്ന ഈ വിശുദ്ധരെപ്പോലെ സ്വര്‍ഗരാജ്യത്തിന് ചേരാത്തതായി നമ്മിലുള്ളതിനെയെല്ലാം ഉപേക്ഷിക്കാന്‍, ആ ഒരു മനോഭാവത്തിലേക്ക് വളരാന്‍ നമുക്കും സാധിക്കട്ടെ. ഒരുപക്ഷേ, ധനത്തോടുള്ള, പദവികളോടുള്ള, സ്ഥാനമാനങ്ങളോടുള്ള ആഗ്രഹങ്ങളാവാം. ഇതുപോലുള്ള ചുമടുകള്‍ ഒഴിവാക്കാന്‍ നമുക്ക് പരിശ്രമിക്കാം.

രണ്ടാമതായി, ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ നാം പ്രാപ്തരാകണം. പങ്കുവയ്പ്പിന്റെ മനോഭാവത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ സ്വര്‍ഗത്തിലേക്കുള്ള ഇടനാഴിയിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. തനിക്കുള്ളതെല്ലാം പങ്കുവച്ച് അവസാനം തന്റെ ജീവന്‍ തന്നെ പകുത്തുനല്‍കി മാതൃകയായവനാണ് ഈശോ. നമ്മുടെ സമയവും സമ്പത്തും മറ്റുള്ളവര്‍ക്കായി പകുത്തുനല്‍കാന്‍ സാധിച്ചാല്‍ സ്വര്‍ഗത്തിന്റെ ഇടനാഴിയിലൂടെ നമുക്ക് നടന്നുനീങ്ങാന്‍ സാധിക്കും.

ഒരിക്കല്‍ ഒരു ധനികസ്ത്രീ മനഃസമാധാനം കിട്ടാന്‍ വേണ്ടി സന്യാസിയുടെ അടുക്കല്‍ ചെന്നു. അവരുടെ ഒപ്പം കൊച്ചുമകളും ഉണ്ടായിരുന്നു. സന്യാസിയെ ആചാരം ചെയ്ത് തന്റെ വരവിന്റെ ഉദ്ദേശം അവള്‍ സന്യാസിയെ അറിയിച്ചു. സ്വാമീ, എനിക്ക് സമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരണം. സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം ഒരു ആപ്പിള്‍ എടുത്ത് കുട്ടിയുടെ കയ്യില്‍ കൊടുത്തു. കുട്ടിക്ക് വലിയ സന്തോഷമായി. സന്യാസി മറ്റൊരു ആപ്പിള്‍ കൂടിയെടുത്ത് കുട്ടിക്ക് കൊടുത്തു. അപ്പോള്‍ അവളുടെ സന്തോഷം ഇരട്ടിച്ചു. സന്യാസി മറ്റൊന്നു കൂടി കൊടുത്തു. എന്നാല്‍ രണ്ടു കയ്യിലും ഒതുങ്ങാതെ മൂന്നെണ്ണവും നിലത്തുവീണു. പെട്ടെന്ന് അവള്‍ കരയാന്‍ തുടങ്ങി. സന്യാസി സ്ത്രീയോടു പറഞ്ഞു: കുട്ടിയുടെ രണ്ടു കയ്യിലും ഒതുങ്ങാത്ത മൂന്ന് ആപ്പിള്‍ അവളെ ദുഃഖിതയാക്കി. അതുപോലെ നിങ്ങളുടെ അമിതമായ സ്വത്ത് നിങ്ങളെ ദുഃഖിതയാക്കുന്നു. ഉപേക്ഷയുടെ, പങ്കുവയ്പ്പിന്റെ മനോഭാവത്തില്‍ വളര്‍ന്നെങ്കില്‍ മാത്രമേ സ്വര്‍ഗീയ സമാധാനം നമുക്കും അനുഭവിക്കാന്‍ സാധിക്കൂ.

പ്രിയമുള്ളവരേ, സ്വര്‍ഗീയമന്ന നമുക്ക് നല്‍കിയ നാഥന്റെ ദിവ്യബലിയില്‍ നാം പങ്കെടുക്കുമ്പോള്‍ സ്വര്‍ഗരാജ്യം ലക്ഷ്യമാക്കി യാത്ര തിരിച്ചവരാണ് നാം എന്ന ബോധ്യം നമ്മില്‍ ആഴപ്പെടട്ടെ. നമ്മുടെ ഈ യാത്രയിലെ തടസങ്ങളെ ഉപേക്ഷിക്കാനും സഹോദരങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന പങ്കുവയ്പ്പിന്റെ മനോഭാവത്തിലേക്ക് വളരാനും കര്‍ത്താവേ, ഞങ്ങളെ പ്രാപ്തരാക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ആല്‍ബിന്‍ ചെറുപ്ലാവില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.