ഞായർ പ്രസംഗം, പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ ഒക്ടോബർ 30, ജീവിതമാകുന്ന വിളക്കിലെ എണ്ണ വറ്റാത്തവരാകാം

“മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്തായി 5:16).

ബ്ര. ക്രിസ്റ്റിന്‍ കണ്ണെഴാത്ത് MCBS

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന സഹോദരരേ,

ആരാധനാക്രമവത്സരത്തിലെ അവസാനത്തെ കാലമായ  പള്ളിക്കൂദാശാക്കാലത്തിലേക്കാണ് നാമിന്ന് പ്രവേശിച്ചിരിക്കുന്നത്. ഈശോ തന്റെ മണവാട്ടിയായ തിരുസഭയെ പിതാവിന് സമര്‍പ്പിക്കുന്നതിനെ പ്രത്യേകമായി ഈ കാലത്തില്‍ നാം അനുസ്മരിക്കുന്നു. നിത്യതയെക്കുറിച്ചുള്ള ചിന്ത സഭാതനയരായ നമ്മില്‍ ആഴപ്പെടാനും അങ്ങനെ സ്വര്‍ഗീയമഹത്വം ലക്ഷ്യമാക്കി ജീവിക്കാനും പള്ളിക്കൂദാശാക്കാലത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ തിരുസഭാമാതാവ് വിചിന്തനത്തിനായി തന്നിരിക്കുന്ന വചനഭാഗം വി. മത്തായിയുടെ സുവിശേഷം 25-ാം അധ്യായം 1 മുതല്‍ 15 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സദാ ജാഗരൂകരായിരിക്കണമെന്നാണ് സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ഇന്നത്തെ വായനകളിലുടനീളം യുഗാന്ത്യോന്മുഖമായ കാഴ്ചപ്പാട് നമുക്ക് കാണാന്‍ സാധിക്കും. ഒന്നാം വായനയായ പുറപ്പാടിന്റെ പുസ്തകത്തില്‍, ദൈവഹിതം തിരിച്ചറിയാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്ന മോശയോട് ദൈവം സ്‌നേഹിതനോടെന്ന പോലെയാണ് സംസാരിക്കുന്നത് (പുറ. 33:11).

മനുഷ്യന്റെ ജീവിതം നിരന്തരമായ ഒരു യാത്രയാണ്. അവന്റെ യാത്ര സ്വര്‍ഗീയകൂടാരം ലക്ഷ്യമാക്കിയുള്ളതാണ്. ഈ യാത്രക്കിടയില്‍ ബുദ്ധിമുട്ടുകളുണ്ടായേക്കാം, തിക്താനുഭവങ്ങളുണ്ടായേക്കാം, സന്തോഷമുണ്ടായേക്കാം, ദുഃഖങ്ങളുണ്ടായേക്കാം, ഒറ്റപ്പെടലുകളുണ്ടായേക്കാം. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകനെപ്പോലെ ചിറകടിച്ചുയരും. അവന്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയില്ലെന്നാണ് (ഏശയ്യാ 40:31) രണ്ടാം വായനയിലൂടെ ഏശയ്യാ പ്രവാചകന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

വിശ്വസ്തതയുടെ കുറവ് മൂലം അടയ്ക്കപ്പെട്ട പറുദീസായുടെ വാതില്‍ ക്രിസ്തു തുറന്നുതന്നു. തിരുസഭയിലൂടെ ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗീയകൂടാരത്തിലേക്കുള്ള യാത്രയില്‍ ക്രിസ്തുവിനെ സഹചാരിയായി കൂടെ നിര്‍ത്തണമെന്നാണ് ഹെബ്രായ ലേഖകന്‍ ആവശ്യപ്പെടുന്നത്.

ക്രിസ്തുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കേണ്ട മനുഷ്യന്‍ എത്രമാത്രം തീക്ഷ്ണതയോടും ജാഗരൂകതയോടും കൂടെ ആയിരിക്കണമെന്ന് പത്തു കന്യകമാരുടെ ഉപമ വ്യക്തമാക്കിത്തരുന്നു. യുഗാന്ത്യത്തില്‍ വരുന്ന മിശിഹായാണ് പത്തു കന്യകമാരുടെ ഉപമയിലെ മണവാളന്‍. സഭയില്‍, വിശ്വാസികളാകുന്ന നാം ഓരോരുത്തരുമാണ് പത്തു കന്യകമാരെ പ്രതിനിധാനം ചെയ്യുന്നത്. സഭയില്‍ വിശ്വാസിയാണ് എന്ന് പറയുന്നതുകൊണ്ടു മാത്രം സ്വര്‍ഗീയജീവിതത്തില്‍ എത്തുകയില്ല എന്ന സത്യമാണ് അവിവേകികളായ കന്യകമാര്‍ നല്‍കുന്ന പാഠം.

കര്‍ത്താവ് നമുക്കായി ഒരു സമയം വിഭാവനം ചെയ്തിട്ടുണ്ട്. ആ സമയം കടന്നുവരുന്നതു വരെ നാം കാത്തിരിക്കണം. അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നമ്മുടെ എളിയ ജീവിതം കൊണ്ട് വിഭാവനം ചെയ്യണം. മണവാളനായ മിശിഹായുടെ വരവിനായി കാത്തിരിക്കുന്ന കന്യകമാരുടെ കൈകളില്‍ ഉണ്ടായിരിക്കേണ്ടത് വിളക്കും അതില്‍ ഉപയോഗിക്കാന്‍ വേണ്ട എണ്ണയുമാണ്. വിളക്ക് നമ്മുടെ ജീവിതത്തിന്റെ പ്രതീകമാണ്. നമ്മുടെ ജീവിതമാകുന്ന വിളക്കിലെ എണ്ണ സത്പ്രവര്‍ത്തികളാല്‍ നിറഞ്ഞ പരിശുദ്ധാത്മാവിലുളള ജീവിതമാണ്.
പരിശുദ്ധാത്മാവിലുളള ജീവിതം എന്താണെന്ന് വി. പൗലോസ് ശ്ലീഹാ, ഗലാത്തിയായിലെ സഭക്കെഴുതിയ ലേഖനത്തിന്റെ അഞ്ചാം അധ്യായം 22, 23 വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. ‘എന്നാല്‍ ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, ക്ഷമ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ്.’

സ്‌നേഹമുള്ള സഹോദരങ്ങളേ, എങ്ങനെ നമ്മുടെ ജീവിതമാകുന്ന വിളക്കുകളില്‍ പരിശുദ്ധാത്മാവിന്റെ നിറവുകളാകുന്ന എണ്ണ വറ്റിപ്പോകാതെ കാത്തുസൂക്ഷിക്കാന്‍ സാധിക്കും? ക്രിസ്തുവിനെ തന്റെ കൊച്ചുജീവിതത്തിലൂടെ സ്വന്തമാക്കിയവളായിരുന്നു വി. മരിയ ഗൊരേത്തി. ജീവിതവിശുദ്ധിയാകുന്ന എണ്ണ നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചതുകൊണ്ടാണ് ക്രിസ്തുവിനെ എതിരേല്‍ക്കാനും ക്രിസ്തുവിനോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കാനും അവള്‍ക്ക് സാധിച്ചത്. ആ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ നന്മയാണ് അവളെ കൊലപ്പെടുത്തിയ അലക്സാണ്ടര്‍ പോലും മാനസാന്തരപ്പെട്ട് ക്രിസ്തുവിന്റെ പിന്നാലെ പോകാന്‍ കാരണമായതും. വി. മരിയ ഗൊരേത്തിയെപ്പോലെ ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ക്രിസ്തുവിനെ എതിരേല്‍ക്കാന്‍ തക്ക സത്പ്രവര്‍ത്തികളുടെ എണ്ണ വറ്റാത്തവരായി ജീവിക്കാനുള്ള വിളിയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

യാത്രക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നുപോയാല്‍ വീണ്ടും ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്ക് ഉപയോഗിക്കാറുണ്ട്. നമ്മുടെ ആത്മീയജീവിതത്തിന്റെ പവര്‍ ബാങ്ക് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലുള്ള ജീവിതമാണ്. നമ്മുടെ ജീവിതമാകുന്ന വിളക്കുകളില്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങളാകുന്ന എണ്ണ വറ്റിപ്പോയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്താം. കാരണം, മിശിഹായുടെ ആഗമനത്തില്‍ എന്റെ ജീവിതമാകുന്ന വിളക്ക് പ്രകാശിച്ചിരിപ്പുണ്ടോ എന്നാണ് അവിടുന്ന് പരിശോധിക്കുന്നത്.

ഒരിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുകയുണ്ടായി, “Every christian can witness to God in the workplace, not only with words, but above all with an honest life.” നമ്മുടെ വിശ്വസ്തത നിറഞ്ഞ എളിയ ജീവിതം വഴി മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്ന വഴിവിളക്കുകളായി മാറാം. ജീവിതമാകുന്ന വിളക്കില്‍ ആത്മീയദാനങ്ങളാകുന്ന എണ്ണ വറ്റിപ്പോകാതെ അവയെ പരിപോഷിപ്പിക്കാന്‍ വേണ്ട കൃപാവരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ക്രിസ്റ്റിന്‍ കണ്ണെഴാത്ത് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.