ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ ഒക്ടോബർ 16 ലൂക്കാ 20:25-38, അവസാന അവസരം – The Last Chance

ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് പറഞ്ഞു വയ്ക്കുന്നു: ‘Live each day as if it is your Last’ – ‘നിങ്ങളുടെ ആയുസിലെ ഒരോ ദിവസവും അവസാനത്തെ ദിനമെന്നതു പോലെ ജീവിക്കുക’ എന്ന്. പറയുമ്പോള്‍ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും ജീവിതത്തിലേക്കു വരുമ്പോള്‍ കുറച്ചല്ല, കുറച്ചധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണിത്. കാരണമെന്തെന്നു ചോദിച്ചാല്‍ ഒരു നല്ല വീട് വയ്ക്കണം, നല്ല ഒരു ജോലി ശരിയാക്കണം, കുറച്ച് കാശൊക്കെ ഉണ്ടാക്കണം… ഇങ്ങനെ ഒത്തിരിയൊത്തിരി ആഗ്രഹങ്ങളോടും പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി ജീവിക്കുന്ന വെറും പച്ചയായ മനുഷ്യരാണ് ഞാനും നിങ്ങളുമൊക്കെ. നാളെ മുതല്‍ നന്നായേക്കാം അല്ലെങ്കില്‍ അടുത്ത ധ്യാനം കഴിഞ്ഞോ, കുമ്പസാരത്തിനു ശേഷമോ നന്നായേക്കാം, ഒരു പുത്തന്‍ മനുഷ്യനായേക്കാം എന്നൊക്കെ കണക്കുകൂട്ടുന്നവരാണ് നമ്മളിലേറെയും. പക്ഷേ, യാഥാര്‍ത്ഥ്യമെന്നത് നമ്മുടെ വഴി തെരഞ്ഞെടുക്കാന്‍ ഇനിയൊരു ദിനം എന്റെ ജീവിതത്തില്‍ എനിക്ക് ലഭിക്കണമെന്നില്ല എന്നുള്ളതാണ്.

ഈ ഒരു ആശയത്തോട് ചേര്‍ന്നുനിന്ന് പോകുന്നതാണ് എലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായറാഴ്ചയിലെ സുവിശേഷഭാഗവും. ശരിക്കും ലൂക്കാ സുവിശേഷകന്റെ രണ്ടാം അധ്യായം 25 മുതല്‍ 38 വരെയുള്ള വാക്യങ്ങളൊന്നു വായിക്കുകയാണെങ്കില്‍, എന്താ ഈ കര്‍ത്താവ് പറഞ്ഞുവയ്ക്കുന്നത് എന്ന് സ്വാഭാവികമായും നമ്മള്‍ വിചാരിക്കും. കാരണം, ആകെ മൊത്തം ഒരു ഡാര്‍ക്ക് സീനാണ്. അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴും, തടവുകാരായി കൊണ്ടുപോകപ്പെടും, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം എന്നിങ്ങനെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് സുവിശേഷത്തിന്റെ ആദ്യഭാഗത്തില്‍ പറഞ്ഞുവയ്ക്കുക. ഇതിനോട് ചേര്‍ത്തുവച്ചാണ് മിശിഹായുടെ രണ്ടാം വരവില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ സുവിശേഷകന്‍ വിവരിക്കുക. കാരണം, ജറുസലേമിന്റെ നാശം പോലെ തന്നെയായിരിക്കും കര്‍ത്താവിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നവരുടെയും വേണ്ടത്ര ഒരുക്കമില്ലാത്ത, നന്മയില്ലാത്ത ജീവിതങ്ങളുടെയും അവസ്ഥ എന്ന് സുവിശേഷകന്‍ വളരെ കൃത്യമായി പറഞ്ഞുവയ്ക്കുകയാണ്.

കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിഞ്ഞ് ഭയന്ന് വിറങ്ങലിച്ചുപോകുന്നവരാകാതെ നല്ല വിശ്വാസത്തിന്റെ കെട്ടുറപ്പുള്ള നന്മയിലും സ്‌നേഹത്തിലുമൂന്നിയ ഒരു ജീവിതം നയിച്ച് ഒരുങ്ങിയിരിക്കുന്നവരാകണമെന്നുള്ള ഒരു താക്കീത് സുവിശേഷകന്‍ നമുക്ക് നല്‍കുന്നുണ്ട്. തമ്പുരാനാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ചില നന്മയുടെ, കാരുണ്യത്തിന്റെ പ്രവര്‍ത്തികള്‍ നമ്മുടെയുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ നമുക്ക് കഴിയണം. ലോത്ത് എന്ന ഒരു വ്യക്തിയെപ്പറ്റി ഇന്നത്തെ ആദ്യവായനയില്‍ നമ്മള്‍ കാണുന്നു. കര്‍ത്താവിനോട് വിശ്വസ്തനായിരുന്ന, നന്മ പ്രവര്‍ത്തിച്ച, സഹചരനോട് കാരുണ്യത്തോടെ വര്‍ത്തിച്ച ഒരു മനുഷ്യന്‍. അതുകൊണ്ടു തന്നെ തിന്മ പെരുകിയ സോദോം-ഗൊമോറ ദേശം തീയും ഗന്ധകവുമിട്ട് കര്‍ത്താവ് എരിയിച്ചു ചാമ്പലാക്കാനൊരുങ്ങുമ്പോള്‍ കര്‍ത്താവ് ലോത്തിനെയും കുടുംബത്തെയും തിരഞ്ഞെടുത്ത് സംരക്ഷിക്കുകയാണ്.

കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്നവര്‍ക്ക്, നന്മയില്‍ ജീവിക്കുന്നവര്‍ക്ക് അവിടുന്ന് നല്‍കുന്ന സംരക്ഷണം. വീണ്ടും തിരിഞ്ഞുനോക്കാതെ അടുത്തുള്ള പട്ടണത്തിലേക്ക് ഓടി രക്ഷപെട്ടുകൊള്ളുക എന്നുപറഞ്ഞ് കര്‍ത്താവ് അവരെ യാത്രയാക്കുന്നുണ്ട്. പക്ഷേ, ഭയം നിമിത്തം തിരിഞ്ഞുനോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറി എന്ന് വചനം. കര്‍ത്താവിലുള്ള വിശ്വാസം നമുക്ക് കുറഞ്ഞുപോകുമ്പോള്‍, ഒരു നന്മയുള്ള ജീവിതം കെട്ടിപ്പെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍, ജീവിതത്തിലെ ചില തിന്മയുടെ മേഖലകളിലേക്ക് തിരിഞ്ഞുനടക്കാനായി നാം ആഗ്രഹിക്കുമ്പോള്‍ ഓര്‍ക്കുക, ഉപ്പുതൂണായി മാറിയ ലോത്തിന്റെ ഭാര്യയുടെ അവസ്ഥ. ഇതുപോലെ ഞാനും നിങ്ങളുമൊക്കെ കര്‍ത്താവിനാല്‍ നീതിമാന്മാരായി പരിഗണിക്കപ്പെടണമെങ്കില്‍ നല്ല വിശ്വാസവും മറ്റുള്ളവരോട് കരുണ കാണിക്കാനുള്ള ഒരു നന്മയുള്ള ജീവിതം നയിക്കാനായി സാധിക്കണം. അങ്ങനെ സാധിക്കുന്നില്ലായെങ്കില്‍ ഉപ്പുതൂണു പോലെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന ഒരു നിര്‍ജ്ജീവ അവസ്ഥ. ഒന്നിലും സന്തോഷവും തൃപ്തിയുമില്ലാത്ത അവസ്ഥ നമ്മുടെയും ജീവിതങ്ങളിലുണ്ടാകും.

പ്രിയമുള്ളവരേ, കര്‍ത്താവിനാല്‍ നീതിമാന്മാരായി കരുതപ്പെടാനുള്ള ചില ഒരുക്കങ്ങള്‍ നമുക്ക് നമ്മുടെ ജീവിതത്തില്‍ നടത്താം. തന്റെ വിധിയുടെ ദിനത്തില്‍ എന്നെയും നിങ്ങളെയുമൊക്കെ നീതിമാന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഇന്ന്, ഇപ്പോള്‍ മുതല്‍ ചില നല്ല സമീപനങ്ങളും കരുണയുടെയും സ്‌നേഹത്തിന്റെയുമൊക്കെ നല്ല പ്രവര്‍ത്തികളും നാമും ശീലമാക്കി തുടങ്ങണം. അതിന് ആദ്യം ജീവിതത്തെ കുറച്ചുകൂടി പോസിറ്റീവ് ആയി നോക്കിക്കാണാനായിട്ട് പരി ശ്രമിക്കാം. ഒത്തിരി പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളുമൊക്കെ അനുഭവിക്കുന്നവരാണ് നാമൊക്കെ. ചിലപ്പോള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ഇങ്ങനെ പകച്ചുനില്‍ക്കേണ്ടി വരും. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ ദുരിതങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവന്നാലും എന്നെ സംരക്ഷിക്കുന്ന എന്റെ കര്‍ത്താവ് എന്റെ കരം പിടിച്ചിട്ടുണ്ട് എന്ന പോസിറ്റീവ് സമീപനം ജീവിതത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചാല്‍ പിന്നെ എല്ലാം കര്‍ത്താവ് നോക്കിക്കൊള്ളും.

1975-ല്‍ വിംബിംള്‍ഡണില്‍ ഒന്നാം സ്ഥാനം നേടിയ ആര്‍തര്‍ ആഷേക്ക്, തന്റേതല്ലാത്ത കാരണത്താല്‍ എയ്ഡ്‌സ് എന്ന മാരകരോഗത്തിന്റെ പിടിയിലകപ്പെട്ടു. ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു: ദൈവത്തോട് ദേഷ്യം തോന്നിയിട്ടില്ലേ? ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഇങ്ങനെയൊരു രോഗം നല്‍കിയതിന് ദൈവത്തോട് ദേഷ്യം തോന്നിയിട്ടില്ലേ? അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഈ ലോകത്ത് 5 കോടി ആള്‍ക്കാര്‍ ടെന്നീസ് കളി പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ 50 ലക്ഷം പേര്‍ കളി അത്യാവശ്യം പഠിച്ചിട്ടുണ്ട്. അതില്‍ 50000 പേര്‍ കളികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ 5000 പേര്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. അതില്‍ 50 പേര്‍ വിമ്പിള്‍ഡണില്‍ എത്തുന്നു. അതില്‍ 4 പേര്‍ സെമി ഫൈനലിലും 2 പേര്‍ ഫൈനലിലും എത്തുന്നു. അതില്‍ ഞാന്‍ വിജയിച്ചപ്പോള്‍ ഞാന്‍ ദൈവത്തോടു ചോദിച്ചില്ല, ദൈവമേ എന്തുകൊണ്ടാണ് നീ വിജയം എനിക്കു തന്നത്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ചോദിക്കുകയില്ല.

ഇതുപോലെ എന്തിലും നന്മ കാണാനായി കഴിയുന്ന ഒരു മനസ് നമുക്കുണ്ടായാല്‍ മതി നമുക്ക് സന്തോഷത്തോടെ എന്തിനെയും നേരിടാന്‍ സാധിക്കും. ഇതോടൊപ്പം ചില നന്മയുടെ, കാരുണ്യത്തിന്റെ നല്ല പ്രവര്‍ത്തികള്‍ കൂടി നമ്മുടെ ഭാഗത്തു നിന്നുമുണ്ടാകണം. ഒരുപക്ഷേ, വലിയ കാര്യങ്ങളൊന്നും നമുക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പോലും നമ്മുടെ അയല്‍പ്പക്കങ്ങളിലുള്ളവരെ ഒന്ന് സഹായിക്കാന്‍, വിഷമിച്ചിരിക്കുന്നവരുടെ വിഷമങ്ങളെയൊന്നു കേള്‍ക്കാന്‍, കരയുന്നവരോടൊത്തിരുന്ന് ആത്മാര്‍ത്ഥമായി കരയാനും ചിരിക്കുന്നവരോടു ചേര്‍ന്ന് ചിരിക്കാനും രോഗികളായവരെ ചെന്നുകാണാനും പരിചരിക്കാനുമൊക്കെയുള്ള ഒരു ഹൃദയവിശാലത നമുക്കുണ്ടായാല്‍ ഞാനും നിങ്ങളുമൊക്കെ കര്‍ത്താവിനാല്‍ തിരഞ്ഞെടുക്കപ്പെടുന്ന നീതിമാന്മാരായി മാറും. അതുകൊണ്ട് പ്രിയമുള്ളവരേ, നന്മ ചെയ്യാനായി ഇനിയൊരു ദിവസം കൂടി എനിക്ക് ലഭിക്കില്ല എന്ന ചിന്തയോടെ കുറച്ചുകൂടെ വിശുദ്ധമായി ഒരു ജീവിതം നമുക്ക് ആരംഭിക്കാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. മനു അഞ്ചില്‍ച്ചിറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.