ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ, ഒക്ടോബർ 09, കരുണ വറ്റാത്ത വാതിലുകള്‍

മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

ലബനനില്‍ നിന്നുള്ള മിസ്റ്റിക് കവിയായ ഖലീല്‍ ജിബ്രാന്‍ ‘മരണത്തെക്കുറിച്ച്’ എന്ന തന്റെ കവിതയില്‍ കുറിച്ചിട്ടിരിക്കുന്ന ഏതാനും വരികള്‍ ഇപ്രകാരമാണ്:

‘മരണത്തിന്റെ രഹസ്യം നിങ്ങള്‍ക്കറിയണ്ടേ?
ജീവിതഹൃദയത്തില്‍ അന്വേഷിച്ചില്ലെങ്കില്‍ അതറിയുന്നതെങ്ങനെ?
മരണത്തിന്റെ ആത്മാവിനെ കാണാന്‍
ജീവിതശരീരത്തിലേക്ക് നിങ്ങളുടെ ഹൃദയം തുറക്കുക’

ബ്ര. നിധിന്‍ മറ്റത്തില്‍ MCBS

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അഞ്ചാമത്തെ ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ മത്തായി ശ്ലീഹായുടെ സുവിശേഷം 25-ാം അധ്യായം 31 മുതല്‍ 40 വരെയുള്ള വാക്യങ്ങള്‍, മരണത്തിനു ശേഷമുള്ള അന്ത്യവിധിയെക്കുറിച്ചും ആ അന്ത്യവിധിക്ക് വിധേയമാകുന്ന നമ്മുടെ പ്രവര്‍ത്തികളെക്കുറിച്ചുമാണ് വിചിന്തനം ചെയ്യുന്നത്. നമ്മുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണോ കുറിച്ചുവച്ചിരിക്കുന്നത് അപ്രകാരമായിരിക്കും നമ്മുടെ അന്ത്യവിധി നിശ്ചയിക്കപ്പെടുക.

തികഞ്ഞ യഹൂദ പശ്ചാത്തലത്തില്‍ വിരചിതമായ ഈ സുവിശേഷത്തില്‍ യഹൂദ സംസ്‌കാരത്തോടും അവരുടെ അനുദിന ജീവിതരീതികളോടും അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്ന പ്രതീകങ്ങളാണ് മത്തായി ശ്ലീഹാ തന്റെ സുവിശേഷത്തിലുടനീളവും പ്രത്യേകിച്ച് ഇന്നത്തെ സുവിശേഷഭാഗത്തും ഉപയോഗിച്ചിരിക്കുന്നത്. പകല്‍ മുഴുവന്‍ ആടുമേയിച്ച് അന്തിക്ക് ചെമ്മാരിയാടുകളെ കോലാടുകളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു പാവപ്പെട്ട ഇടയന്റെ ചിത്രം മനസിലില്ലാത്ത ഒരു യഹൂദന്‍ പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പാലസ്തീനായില്‍ കാണാറുള്ള ജീവിതബന്ധിയായ ഈ സാധാരണ കാഴ്ച, അന്ത്യവിധിയെക്കുറിച്ച് വിവരിക്കാനായി ഈശോ തെരഞ്ഞെടുത്തത്.

യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായം 11-ാം വാക്യത്തില്‍ ക്രിസ്തു ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്ക് നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളേണമേ.” ഈശോ ഒരിക്കലും മനുഷ്യരുടെ ഇടയില്‍ ഒരു തിരിവുണ്ടാകാനായി ആഗ്രഹിച്ചില്ല; മറിച്ച് ഒന്നായിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരുമയുള്ളിടത്ത് സ്വര്‍ഗവും ഒരുമയില്ലാത്തിടത്ത് നരകവും ഉണ്ടാകുന്നു. ഈ ലോകത്തിലുള്ളവരെ രണ്ടായി തിരിക്കാം, “ലോകത്തെ രണ്ടായി തിരിക്കുന്നവരെയും തിരിക്കാത്തവരെയും.” ലോകത്തെയും ലോകത്തിലുള്ളവരെയും രണ്ടായി തിരിക്കാതെ കണ്ടവരാണ് അന്ത്യവിധിയില്‍ ക്രിസ്തുവിന്റെ വലതുഭാഗത്ത് ഉപവിഷ്ടരായത്. ലോകത്തെയും ലോകത്തിലുള്ളവരെയും വേര്‍തിരിച്ച് കണ്ടവരാകട്ടെ അവിടുത്തെ ഇടതുവശത്ത് ഉപവിഷ്ടരാകേണ്ടിവന്നു.

വി. ഫ്രാന്‍സിസ് അസ്സീസ് ഇപ്രകാരം പറയുന്നു: “എല്ലാ സൃഷ്ടികളും ഒരേ പിതാവിന്റെ മക്കളാണ്; അതുകൊണ്ട് സഹോദരരുമാണ്.” ചുറ്റുമുള്ളവര്‍ തന്റെ സഹോദരന്മാരാണെന്ന ബോധ്യമുണ്ടായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ഇടതുവശത്ത് നില്‍ക്കാന്‍, അവിടുത്തേക്ക് അന്ത്യവിധിയില്‍ വേര്‍തിരിക്കാന്‍ കോലാടുകളുമുണ്ടായിരുന്നില്ല. ചുറ്റുമുള്ളവര്‍ തന്റെ സഹോദരന്മാരാണ് അന്യരല്ല എന്ന ബോധ്യമുണ്ടാകണമെങ്കില്‍ സ്‌നേഹമെന്ന പുണ്യം ജീവിതത്തില്‍ അഭ്യസിച്ചെടുക്കണം. അതുകൊണ്ടാണ് പത്തു കല്‍പനകളുടെ സാരാംശമായി നാം ദൈവസ്‌നേഹവും സഹോദരസ്‌നേഹവും കാണുന്നത്. ഈ സ്‌നേഹം കാരുണ്യപ്രവര്‍ത്തികളിലേക്ക് ഒരുവനെ നയിക്കുന്നു. അങ്ങനെയാണ് സ്‌നേഹത്തിന്റ മൂര്‍ദ്ധന്യാവസ്ഥയില്‍ മറ്റുള്ളവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച മദര്‍ തെരേസ ഇവിടെ അനുസ്മരിപ്പിക്കപ്പെടുന്നത്.

ഒരിക്കല്‍ മദര്‍ തെരേസയെപ്പോലും അത്ഭുതപ്പെടുത്തിയ ഒരു സംഭവം മദര്‍ കുറിക്കുന്നത് ഇപ്രകാരമാണ്: ഒരു ദിവസം വൈകുന്നേരം മദര്‍ അറിയുന്നു, അവിടെയടുത്ത് എട്ട് കുട്ടികളുള്ള ഒരു ഹൈന്ദവകുടുംബം പട്ടിണി കിടക്കുകയാണെന്ന്. ഉടന്‍ തന്നെ കുറച്ച് അരിയുമായി മദര്‍ ആ വീട്ടിലേക്കു പോയി. കുടുംബനാഥ സന്തോഷത്തോടു കൂടി അത് സ്വീകരിച്ചു. ഉടനെ അതില്‍ പകുതിയെടുത്ത് ആ സ്ത്രീ പുറത്തേക്കു പോയി. തിരിച്ചുവന്നപ്പോള്‍ അവള്‍ പറഞ്ഞു: എന്നെപ്പോലെ എട്ടു കുട്ടികളുള്ള ഒരു മുസ്ലീം കുടുംബം അടുത്തുണ്ട്. അവരും പട്ടിണി കിടക്കുന്നു. കിട്ടിയതില്‍ പകുതി അവര്‍ക്ക് കൊടുക്കാന്‍ പോയതാണ്.

ലൂക്കായുടെ സുവിശേഷത്തിലുള്ള നല്ല സമരിയാക്കാരന്റെ ഉപമയിലേക്ക് നാം കടന്നുചെല്ലുമ്പോള്‍ നല്ല സമരിയാക്കാരനിലും വഴിയില്‍ മുറിവേറ്റുകിടന്ന ആ മനുഷ്യനിലും ക്രിസ്തുവിനെ കണ്ടെത്താന്‍ ഒരു സത്യക്രിസ്ത്യാനിക്കു കഴിയണം. നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നതെന്നും ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഈശോ പഠിപ്പിക്കുന്നു. സ്‌നേഹമാകുന്ന വെള്ളവും കാരുണ്യപ്രവര്‍ത്തികളാകുന്ന വളവും നല്‍കി നമ്മുടെ വിശ്വാസത്തെ ഫലം ചൂടിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.

പഴയനിയമ വായനകളില്‍ ഭയാനകവും ഭീതിജനകവുമായി കര്‍ത്താവിന്റെ ദിനം കടന്നുവരുമ്പോള്‍ പുതിയനിയമ വായനകളില്‍ കര്‍ത്താവിന്റെ ദിനം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാവഭേദങ്ങളാല്‍ നിറഞ്ഞുതുളുമ്പുന്നതായി കാണാന്‍ സാധിക്കും. ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുകയും നിന്റെ അയല്‍ക്കാരനായ ഒരു സഹോദരനെപ്പോലും സഹായിക്കാന്‍ മനസ് കാണിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസവഞ്ചകരാകാതെ ഈ ലോകത്തെ വേര്‍തിരിക്കുന്ന ഓരോ മതിലുകളെയും ബന്ധങ്ങളെയും മാറ്റി സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ കരുണ വറ്റാത്ത വാതിലുകളാകുന്ന നല്ല അയല്‍ക്കാരനാകാന്‍ ഓരോ വിശുദ്ധ ബലിയിലും നമുക്ക് പ്രാര്‍ത്ഥിക്കാം.

വി. ഇഗ്നേഷ്യസ് ലയോളയെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം. ‘നാഥാ, എന്നെ ഉദാരകമനസ്‌കനാക്കുക. അങ്ങ് സ്‌നേഹിക്കുന്നതുപോലെ അങ്ങയെ സ്‌നേഹിക്കാനും, വില നോക്കാതെ കൊടുക്കാനും, മുറിവുകള്‍ ഗൗനിക്കാതെ പൊരുതാനും, വിശ്രമം തേടാതെ പ്രയത്‌നിക്കാനും, പ്രതിഫലം ചോദിക്കാതെ അദ്ധ്വാനിക്കാനും എനിക്ക് കരുത്തു തരിക. എന്തെന്നാല്‍ നീ മാത്രമാണ് എന്റെ ശരണം. നിന്റെ തിരുവിഷ്ടമാണ് ഞാന്‍ നിറവേറ്റുന്നതെന്നു മാത്രമേ എ നിക്ക് അറിയേണ്ടതുള്ളൂ.’

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. നിധിന്‍ മറ്റത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.