ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ ഒക്ടോബർ 02, കുരിശാണ് രക്ഷ; കുരിശിലാണ് രക്ഷ

കാല്‍വരിയില്‍ ഒരു മനുഷ്യന്‍ തന്റെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് കുരിശിന്റെ മാറില്‍ തലചായ്ച്ചു. ആ കുരിശില്‍ കിടന്നുകൊണ്ട് നല്ല കളളനായി അവന്‍ തുറന്നുകൊടുത്തതോ, പറുദീസയും.

ബ്ര. ജോര്‍ജ് വെള്ളക്കിഴങ്ങില്‍ MSJ

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ നാലാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ കുരിശിനപ്പുറം ഒരു ഉത്ഥാനമുണ്ടെന്നും ആ കുരിശുകളിലൂടെ നാം രക്ഷ നേടിയെടുക്കണമെന്നുമാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറഞ്ഞുവയ്ക്കുക. തന്റെ ജീവിതലക്ഷ്യം എന്താണെന്നും എന്തിനുവേണ്ടിയാണ് താന്‍ ഈ ഭൂമിയിലേക്ക് കടന്നുവന്ന തെന്നും വ്യക്തമായി അറിയാവുന്നവനായിരുന്നു ക്രിസ്തു. അതുകൊണ്ടാണ് വി. യോഹന്നാന്റെ സുവിശേഷം 12-ാം അധ്യായം 32-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നത്: “ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും.’ ഭൂമിയില്‍ പിറന്നുവീഴുന്ന ഏതൊരു വ്യക്തിയും സ്വര്‍ഗത്തിനായി ആശ്രയിക്കേണ്ടത് കുരിശിനെയാണ്. കാരണം കുരിശിലൂടെയാണ് ഏതൊരുവനും സ്വര്‍ഗത്തിലേത്ത് ഉയര്‍ത്തപ്പെടുക” എന്ന് ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മോടു പറയുന്നു.

ഒരു ബൈബിള്‍ ആനിമേഷന്‍ കഥ ഇപ്രകാരമാണ്. ഒരാള്‍ വലിയ ഒരു കുരിശും ചുമന്നുകൊണ്ട് മുമ്പോട്ടു നീങ്ങുകയാണ്. കുറേ ദൂരം നടന്നുകഴിഞ്ഞപ്പോള്‍ അയാള്‍ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുകയാണ്: ‘ദൈവമേ, ഈ കുരിശുമായി നീങ്ങാന്‍ എനിക്ക് ശക്തി പോരാ. ഇതിന് ഭാരം കൂടുതലാണ്. ഇതിന്റെ നീളം അല്‍പം കുറച്ചുതരണേ.’ ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ട് കുരിശിന്റെ നീളം കുറച്ചുകൊടുത്തു. വീണ്ടും അല്‍പദൂരം കൂടി നീങ്ങിക്കഴിഞ്ഞപ്പോള്‍ അയാള്‍ ഇതേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അയാളുടെ പ്രാര്‍ത്ഥന കേട്ട് ദൈവം വീണ്ടും കുരിശിന്റെ നീളം കുറച്ചു. പലയാവര്‍ത്തി അയാള്‍ ഇതേ കാര്യം പ്രാര്‍ത്ഥിച്ചു. അപ്പോഴെല്ലാം ദൈവം അയാളുടെ പ്രാര്‍ത്ഥന കേട്ട് കുരിശിന്റെ നീളം കുറച്ചുകൊടുത്തു. അവസാനം സ്വര്‍ഗകവാടത്തിന്റെ അടുത്തെത്തിയപ്പോള്‍ ഒരു വലിയ ഗര്‍ത്തം അയാള്‍ കണ്ടു. തന്നോടൊപ്പം കുരിശുമായി വന്നവരെല്ലാം അവരവരുടെ കുരിശ് ഈ ഗര്‍ത്തത്തിനു കുറുകെ വച്ച് സ്വര്‍ഗത്തിലേക്കു കടന്നു. പക്ഷേ, തന്റെ കുരിശിന് നീളം കുറവായതിനാല്‍ അയാള്‍ക്കു മാത്രം ആ ഗര്‍ത്തം കടക്കനായില്ല. അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു: ‘ദൈവമേ, എനിക്കും ഈ ഗര്‍ത്തം കടക്കണം.’ അപ്പോള്‍ ദൈവം അയാളോടു പറഞ്ഞു: ‘നിന്റെ ജീവിതത്തിലെ സഹനങ്ങളും കുരിശുകളും ഏറ്റെടുക്കാന്‍ നീ തയ്യാറായിരുന്നില്ല. ജീവിതത്തിലെ ഏതു ഗര്‍ത്തവും ഏതു സഹനവും മറികടക്കാനുള്ള കുരിശായിരുന്നു നിന്റെ കയ്യിലുണ്ടായിരുന്നത്. എന്നാല്‍ നീ അത് നിന്റെ സ്വാര്‍ത്ഥത കൊണ്ട് വെട്ടിക്കുറച്ചു. നീ പ്രാര്‍ത്ഥിച്ചത് നിന്റെ കുരിശ് താങ്ങാനുള്ള ശക്തിക്കു വേണ്ടിയല്ല. മറിച്ച് അത് കുറയ്ക്കാനാണ്.’

വി. ലൂക്കായുടെ സുവിശേഷം 9-ാം അധ്യായം 51-ാം വാക്യം: “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.” 30 വര്‍ഷത്തെ ജീവിതത്തിലൂടെ മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനായി ഒരുങ്ങിയ ക്രിസ്തുവിനെ കാത്തിരുന്നത് ജെറുസലേം വീഥിയിലെ ഓശാനഗീതികള്‍ മാത്രമല്ല, മറിച്ച് അവഗണനകളും അപമാനങ്ങളും അവസാനം പീലാത്തോസിന്റെ അരമന മുതല്‍ ഗാഗുല്‍ത്താ വരെ നീണ്ടുനിന്ന കൊടുംപീഡകളുമായിരുന്നു. എങ്കിലും ഈ സഹനങ്ങളുടെ കുരിശിനപ്പുറം ഒരു ഉത്ഥാനമുണ്ടെന്ന് മനസിലാക്കുന്ന ക്രിസ്തു നമുക്കു വേണ്ടി കുരിശില്‍ സ്വയം വിട്ടുകൊടുക്കുകയാണ്.

പഴയനിയമ വായനയില്‍ ഉല്‍പത്തി പുസ്തകം 41-ാം അധ്യായം 37 മുതലുള്ള വാക്യങ്ങളില്‍ നാം കാണുന്നത്, ഈജിപ്തിനു മുഴുവന്‍ അധിപനായി ഫറവോ ജോസഫിനെ നിയമിക്കുന്നതാണ്. ഉല്‍പത്തി പുസ്തകം 37-ാം അധ്യായം മുതല്‍ നാം കാണുന്ന വ്യക്തിയാണ് പൂര്‍വ്വപിതാവായ ജോസഫ്. സഹനത്തിന്റെ ഒരു നീണ്ട നിര തന്നെ ജോസഫിന്റെ ജീവിതത്തില്‍ നമുക്ക് കാണാനാകും. ഇവന്റെ സ്വപ്നം ഇവനെ എവിടെ എത്തിക്കുമെന്ന് നമുക്ക് നോക്കാം എന്നുപറഞ്ഞ് സ്വന്തം സഹോദരങ്ങളാല്‍ അവഗണിക്കപ്പെട്ട് പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കപ്പെടുന്ന ജോസഫ് പിന്നീട് അടിമയായി വില്‍ക്കപ്പെടുന്നതും തുടര്‍ന്ന് പൊത്തിഫറിന്റെ വീട്ടില്‍ നിന്നും കാരാഗൃഹത്തിലേക്ക് തഴയപ്പെടുന്നതും നാം കാണുന്നുണ്ട്. ഇങ്ങനെ ഒന്നിനു പിറകെ മറ്റൊന്നായി സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവനാണ് ജോസഫ്. എങ്കിലും ദൈവം അവനോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവന്‍ എവിടെയൊക്കെ വസിച്ചോ, അവിടമൊക്കെ അനുഗ്രഹത്തിന്റെയും സൗഭാഗ്യത്തിന്റെയും പറുദീസയാക്കി ദൈവം മാറ്റി. ദൈവത്തോട് വിശ്വസ്തനായിരുന്ന ഒരുവനെ ഒരു നാടിന്റെ അധിപതിയാക്കിക്കൊണ്ട് ഫറവോ പറയുന്നത് ഇങ്ങനെയാണ്: “ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പോലെ വേറൊരു മനുഷ്യനെ കണ്ടെത്താന്‍ നമുക്ക് കഴിയുമോ?” ഇപ്രകാരം ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവരുടെ ജീവിതത്തിലും സഹനങ്ങളും വേദനകളും ദുഃഖങ്ങളുമുണ്ടായേക്കാം. പക്ഷേ, ദൈവം അവരെ കൈവെടിയുന്നില്ല എന്ന് വിശുദ്ധ ഗ്രന്ഥം നമ്മോടു പറയുന്നു. പ്രഭാഷകന്റെ പുസ്തകം 2-ാം അധ്യായം 4, 5 വാക്യങ്ങളില്‍ നാം വായിക്കുന്നു: “വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത കൈവെടിയരുത്. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയിലൂടെ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും.”

ഈജിപ്തിന്റെ സഹനങ്ങളില്‍ നിന്ന് കാനാന്‍ ദേശം ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഇസ്രായേല്‍ ജനത്തെ നമുക്ക് പുറപ്പാടിന്റെ പുസ്തകത്തില്‍ കണ്ടെത്താനാകും. പിന്നില്‍ ഫറവോയുടെ സൈന്യവും മുമ്പില്‍ ചെങ്കടലും അവര്‍ക്ക് പ്രതിസന്ധിയും സഹനങ്ങളുമായി നിന്നപ്പോള്‍ ഇന്നോളം ചരിത്രത്തില്‍ ഒരുവനും ചെയ്യാത്തത് മോശ ചെയ്തു. പ്രതിസന്ധിയാണ്, തടസമാണ്, സഹനമാണ് മുമ്പിലെന്ന് ജനം പറഞ്ഞപ്പോഴും ചെങ്കടലിനു നേരെ മോശ ദൈവഹിതപ്രകാരം തന്റെ വടി നീട്ടിയപ്പോള്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ പ്രതിസന്ധികളുടെയും സഹനങ്ങളുടെയും ന ടുവില്‍ മോശയെപ്പോലെ ദൈവസന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കാനും വിശ്വാസമാകുന്ന വടി നീട്ടാനും സാധിച്ചാല്‍, പ്രശ്‌നങ്ങള്‍ നീക്കിക്കളയുന്ന ഒരു ദൈവം നമ്മുടെ കൂടെയുണ്ടാകും. വീണ്ടും സംഖ്യയുടെ പുസ്തകം 21-ാം അധ്യായത്തില്‍, ഇത്രമേല്‍ പരിപാലിച്ച് ദൈവം നയിച്ച ഒരു ജനത ആദ്യം തേന്‍ പോലെ മധുരിക്കുന്ന അപ്പം എന്നു വിശേഷിപ്പിച്ച മന്നയെ വിലകെട്ട അപ്പമാക്കിത്തീര്‍ക്കുന്ന ഒരു രംഗം നമുക്ക് കാണാം. അന്ന് അവിടെ സര്‍പ്പങ്ങളെ അയച്ച് ജനത്തെ ശിക്ഷിക്കുമ്പോള്‍ മോശയുടെ അപേക്ഷപ്രകാരം ദൈവം ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി ഉയര്‍ത്തിനിര്‍ത്താന്‍ കല്‍പിക്കുന്നുണ്ട്. അന്ന് ആ പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ ജീവനിലേക്ക് തിരിച്ചുവന്നതുപോലെ ഇന്ന് നമ്മുടെ സഹനങ്ങളുടെയും പ്രതിസന്ധികളുടെയും ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും നടുവില്‍ കര്‍ത്താവിന്റെ കുരിശിലേക്ക് നോക്കാന്‍ നമുക്ക് സാധിച്ചാല്‍ നാം രക്ഷ പ്രാപിക്കും.

സഹനത്തിലൂടെ ദൈവാനുഗ്രഹം നേടാമെന്നത് അസാധ്യമാണെന്നു കരുതുന്ന നമുക്കിടയില്‍ തന്നെ സഹനങ്ങളെ അനുഗ്രഹമാക്കി മാറ്റിയവര്‍ ഏറെയുണ്ട്. ഈ അടുത്ത കാലത്ത് കേരളസഭയിലെ വിശ്വാസികള്‍ നെഞ്ചേറ്റിയ ഒരു വിശുദ്ധജന്മമാണ് അജ്‌ന ജോര്‍ജ് എന്ന പെണ്‍കുട്ടി. കാന്‍സര്‍ മൂലം മുഖത്തെ മാംസപേശികളും നാവുമൊക്കെ അഴുകി നീരുവച്ച് തീവ്രമായ സഹനത്തിലൂടെ കടന്നുപോയിട്ടും നിരാശയുടെയോ, ദുഃഖത്തിന്റെയോ ചെറുകണിക പോലും അവളുടെ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നില്ല. കാരണം തന്റെ ഈ സഹനങ്ങളുടെയും ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും നടുവില്‍ കര്‍ത്താവിന്റെ കുരിശിലേക്ക് നോക്കാന്‍ അവള്‍ക്കു സാധിച്ചു. ആ കുരിശിനപ്പുറം ദൈവം തനിക്കായി കരുതിയിരിക്കുന്ന ഒരിടമുണ്ടെന്ന് അവള്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്തു. പ്രിയമുള്ളവരേ. നമ്മുടെ സഹനങ്ങളില്‍ നമ്മെ ആശ്വസിപ്പിക്കാന്‍ കുരിശില്‍ നമുക്കായി ഒരു ക്രിസ്തുവുണ്ട് എന്ന വിശ്വാസത്തോടെ ഓരോ ദിവ്യബലിയിലും നമുക്ക് പങ്കെടുക്കാം. പീഡകള്‍ സഹിച്ച് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട മിശിഹാ നമ്മെയും അവിടുത്തെ സന്നിധിയിലേക്ക് ഉയര്‍ത്തുമാറാകട്ടെ. ആമ്മേന്‍.

സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോര്‍ജ് വെള്ളക്കിഴങ്ങില്‍ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.