ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ സെപ്റ്റംബർ 25, തിരഞ്ഞെടുപ്പിനായി ഒരുങ്ങിയിരിക്കുക

‘ദൈവിക അടയാളങ്ങള്‍ കണ്ടു മറന്നവരല്ല; ഒരുങ്ങിയവരാണ് കൃപ സ്വീകരിച്ചത്’

ബ്ര. സഖറിയ മാലിയില്‍ MCBS

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ദൈവത്തോടും സഭയോടും ചേര്‍ന്നുനിന്നു കൊണ്ട് ഫലം പുറപ്പെടുവിക്കാന്‍ നമ്മെ ആഹ്വാനം ചെയ്ത കൈത്താക്കാലത്തില്‍ നിന്നും, മിശിഹായുടെ രണ്ടാം ആഗമനത്തെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്ന് വചനവിചിന്തനത്തിനായി തിരുസഭ നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വി. മത്തായി 24:29-36 വരെയുള്ള തിരുവചനങ്ങളാണ്. കര്‍ത്താവിന്റെ രണ്ടാം ആഗമനത്തോട് ചേര്‍ന്ന് സംഭവിക്കാനിരിക്കുന്ന അടയാളങ്ങളുടെ വിവരണത്തിലൂടെയും അത്തിമരത്തിന്റെ ഉപമയിലൂടെയും നാം സ്വീകരിക്കേണ്ട സന്ദേശം, ദൈവിക അടയാളങ്ങളെ സ്വീകരിച്ചുകൊണ്ട് ജാഗരൂകതയോടെ കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുക. ഈ കാത്തിരിപ്പ് പൂര്‍ണ്ണമാകുന്നത് ഈ കാലയളവിലെ നമ്മുടെ ഒരുക്കത്തെ ആശ്രയിച്ചാണ്.

1992 ഒക്‌ടോബര്‍ 28-ാം തീയതി ‘മിഷന്‍ ഫോര്‍ ദി കമിംഗ് ഡെയിസ് ചര്‍ച്ച്’ എന്ന കൊറിയന്‍ പെന്തക്കുസ്താ സഭാവിഭാഗം, ലോകാവസാനത്തിനും യേശുവിന്റെ രണ്ടാം വരവിനും മുഹൂര്‍ത്തം കുറിച്ച് കാത്തിരുന്ന ദിവസമായിരുന്നു. അനേകായിരങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് അടച്ചിട്ട മുറികളില്‍ വെള്ളവസ്ത്രങ്ങളണിഞ്ഞ് പാട്ടും പ്രാര്‍ത്ഥനയുമായി ക്രിസ്തുവിനെ സ്വീകരിക്കാന്‍ കാത്തുനിന്നു. പരാജയപ്പെട്ട ലോകാവസാന പ്രവചനങ്ങളുടെ പട്ടികയിലേക്ക് ആ ദിവസവും ചേര്‍ക്കപ്പെട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. സഭയുടെ ആരംഭകാലം മുതല്‍ ഇപ്രകാരമുള്ള പല പ്രവചനങ്ങള്‍ പലരും നടത്തുകയും വിശ്വാസികളെ തെറ്റിധരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നും ഇവയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്നത്തെ സുവിശേഷത്തെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ആഘോഷമായ വിരുന്നുകളും അത്ഭുതപ്രവര്‍ത്തികളും മാത്രം കണ്ടുശീലിച്ച ഈശോയുടെ ശിഷ്യന്മാര്‍, ഗുരുവിനോടൊത്ത് എവിടെ നടന്നാലും ആദരവും ബഹുമാനവും വിരുന്നുകളില്‍ വിശിഷ്ടസ്ഥാനങ്ങളും. സന്തോഷത്തിന്റെ ദിനങ്ങളെയും സ്വാദേറിയ വിഭവങ്ങളെയും മാത്രം ഓര്‍ത്തിരിക്കാന്‍ ആഗ്രഹിച്ച ശിഷ്യഗണത്തോടാണ് ജറുസലേം ദൈവാലയ തകര്‍ച്ചയെക്കുറിച്ചും മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചും ഈശോ പ്രവചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശിഷ്യരുടെ സംശയങ്ങള്‍ക്കുള്ള ഈശോയുടെ മറുപടിയാണ് ഇന്ന് നാം ശ്രവിച്ച വചനഭാഗം. അതിനാല്‍ തന്നെ ഇന്നത്തെ സുവിശേഷം നമുക്കു നല്‍കുന്ന സന്ദേശമെന്നത്, മനുഷ്യപുത്രന്റെ ആഗമനത്തെ വരവേല്‍ക്കാനും അവിടുന്നിനാല്‍ തിരഞ്ഞെടുക്കപ്പെടാനും നാം സദാ ഒരുങ്ങിയിരിക്കണം. നമ്മുടെ ഒരുക്കമാണ് ദൈവവിധിയുടെ മാനദണ്ഡം.

അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ഒത്തിരിയേറെ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത ആത്മീയചലച്ചിത്രമാണ് ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്.’ ഒരിക്കല്‍ ഈ ചിത്രത്തിന്റെ സംവിധായകനായ മെല്‍ ഗിബ്‌സണോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു: “ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമെന്താണ്?” അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “12 വര്‍ഷത്തെ ഒരുക്കമാണ് ഈ ചിത്രത്തിന്റെ വിജയം. 12 വര്‍ഷം ഞാന്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ആത്മീയമായി ഒരുങ്ങുകയും ചെയ്തതിന് ദൈവം നല്‍കിയ സമ്മാനമാണ് ഈ വിജയം.” ഓരോ വിജയത്തിനു പിന്നിലും ഒരുക്കത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

പ്രിയമുള്ളവരേ, ഒരുങ്ങുമ്പോള്‍ ലഭിക്കുന്ന വിജയങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. ഒരു പ്രളയത്തെ അതിജീവിക്കാന്‍, വേണ്ടതിലധികം ഒരുക്കം നടത്തണമെന്ന് നോഹയോടും, വലിയ ക്ഷാമകാലത്തെ നേരിടാന്‍ ഒരുങ്ങണമെന്ന് പൂര്‍വ്വ ജോസഫിനോടും, നിനവേക്കാരോട് ദൈവസന്ദേശം പറയാനായി ഒരുങ്ങണമെന്ന് യോനായോടും ദൈവം കല്‍പിക്കുമ്പോഴെല്ലാം ഈ ഒരുക്കത്തിന്റെ പ്രാധാന്യം അത്രയും വലുതാണെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. വള്ളവും വലയും ഉപേക്ഷിച്ച് തന്നെ അനുഗമിക്കാന്‍ ആദ്യ ശിഷ്യരോടും പഴയ ജീവിതം മറന്ന് ഒരു പുതിയ ജീവിതത്തിനായി ഒരുങ്ങാന്‍ സക്കേവൂസിനോടും പാപിനിയായ സ്ത്രീയോടും ഈശോ പറയുമ്പോള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ആത്മീയവും ഭൗതികവുമായ ഒരുക്കം നാം നടത്തേണ്ടിയിരിക്കുന്നു എന്ന് വളരെ വ്യക്തമാണ്.

മനുഷ്യപുത്രന്റെ ആഗമനത്തിനും തിരഞ്ഞെടുപ്പിനും വേണ്ടി കാര്യമായ ഒരുക്കം നാം നടത്തണമെന്ന് ഇ ന്നത്തെ തിരുവചനം ആഹ്വാനം ചെയ്യുമ്പോള്‍ എപ്രകാരമാകണം നമ്മുടെ യഥാര്‍ത്ഥമായ ഒരുക്കം എന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നമുക്ക് കാണാനാകും. നമ്മുടെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമാകുന്നതിന്റെ പ്രധാന ഘടകമെന്നത് ദൈവിക അടയാളങ്ങളെയും മുന്നറിയിപ്പുകളെയും തിരിച്ചറിഞ്ഞ് ജീവിക്കുന്നതിലാണ്. സമുദ്രദൂരത്തിന്റെ പച്ചകെടാത്ത ഓര്‍മ്മയായ ടൈറ്റാനിക് എന്ന ആഡംബരക്കപ്പലിന്റെ തകര്‍ച്ചയ്ക്കു കാരണം, നല്‍കപ്പെട്ട മുന്നറിയിപ്പുകളെ സ്വീകരിക്കാന്‍ സാധിച്ചില്ല എന്നാണ് പറയപ്പെടുക. ഉല്‍പത്തി പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായനയില്‍ നാം ഇന്ന് വായിച്ചുകേട്ടത്, ദൈവിക മുന്നറിയിപ്പുകളെ തിരിച്ചറിഞ്ഞ് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട നോഹയെക്കുറിച്ചാണ്. ദൈവം നല്‍കിയ അടയാളങ്ങളെ സ്വീകരിച്ചുകൊണ്ട് അനുഗ്രഹം പ്രാപിച്ച നോഹ ഒരു വശത്തും, ദൈവത്തെ മാനിക്കാതെ ദൈവിക മുന്നറിയിപ്പുകളെ അവഗണിച്ച് ദൈവശിക്ഷ അനുഭവിക്കേണ്ടിവന്ന ജനം മറുവശത്തും നമുക്ക് മുമ്പില്‍ രണ്ട് സാധ്യതകളായി നില്‍ക്കുമ്പോള്‍ ഇനി ഞാനും നിങ്ങളുമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ദൈവത്തിന്റെ അനുഗ്രഹവും ശിക്ഷയും എപ്രകാരം നാം ദൈവത്തോടും അവിടുത്തെ അടയാളങ്ങളോടും പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപ്പാകുക. ദൈവകൃപ സ്വീകരിച്ചുകൊണ്ട് നമുക്കും നോഹയുടെ മാതൃക സ്വീകരിക്കാം.

സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിനു യോഗ്യമായ ഒരുക്കം നാം നടത്താറുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. ദാനിയേലിന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായനയില്‍ മനുഷ്യപുത്രന്റെ ആഗമനം എത് അപ്രതീക്ഷിത നിമിഷത്തില്‍ സംഭവിച്ചാലും അവിടുന്നാല്‍ തിരഞ്ഞെടുക്കപ്പെടാന്‍ നാം ഒരുങ്ങിയിരിക്കണമെന്ന സന്ദേശമാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. നമ്മുടെ ഒരുക്കത്തിന് ഒരു എളുപ്പവഴി കര്‍ത്താവ് പറഞ്ഞുതരുന്നുമുണ്ട്. വി. മത്തായി 25:31-40 വരെയുള്ള വചനഭാഗമാണ് നമുക്കുള്ള കുറുക്കുവഴി. നാം ചെയ്യേണ്ടത് ഇത്രമാത്രം, വിശക്കുന്നവന് ഭക്ഷണം നല്‍കുക, രോഗികളെയും അനാഥരെയും സന്ദര്‍ശിക്കുക തുടങ്ങിയ നിസ്സാര നന്മപ്രവര്‍ത്തികള്‍ക്കാണ് ദൈവം വില കല്‍പിക്കുന്നത്. എന്തിനേറെ, നമ്മുടെ മുമ്പില്‍ നിരാശയോടും നൊമ്പരങ്ങളോടും കൂടി നില്‍ക്കുന്നവരുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കുന്നതോ, ഒരു ആശ്വാസവാക്ക് പറയുന്നതോ വഴിയുമാകാം നാം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. നമ്മുടെ സമയവും സമ്പത്തുമെല്ലാം മറ്റുള്ളവരുടെ ആവശ്യാനുസരണം കൈയ്യയച്ചു കൊടുക്കുന്നതില്‍ വിജയിച്ചാല്‍ നാം അറിയാതെ തന്നെ സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുമെന്ന് തീര്‍ച്ചയാണ്. മറിച്ചാണെങ്കിലോ? നാം വേറെന്തു നന്മ ചെയ്താലും നമ്മുടെ എളിയ സഹോദരരോട് കാരുണ്യം കാണിക്കുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യം നമുക്ക് അപ്രാപ്യമായിരിക്കും.

ദൈവം വിധി നടപ്പാക്കുക, നമ്മുടെ സാമ്പത്തികസ്ഥിതിയോ, നാം വഹിച്ച സ്ഥാനമാനങ്ങളോ, പ്രശസ്തിയോ നോക്കിയല്ല എന്ന് നമുക്ക് മറക്കാതിരിക്കാം. അതിനാല്‍ ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥമായ ഒരുക്കം നടത്തി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായി നമുക്കും ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.

പ്രിയമുള്ളവരേ, ബാഹ്യമായ ഒരുക്കങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ ആത്മീയമായ ഒരുക്കം നടത്തി കര്‍ത്താവിനെ നമുക്ക് സ്വീകരിക്കാം. ഒന്നോര്‍ക്കണം, ദൈവത്തിന്റെ വിധി, മനുഷ്യരുടെ ഒരുക്കങ്ങളെ മാനിച്ചാണ് നടപ്പാകുക. നമ്മുടെ ഒരുക്കങ്ങള്‍ യഥാവിധം പൂര്‍ത്തിയാക്കാനുള്ള കൃപക്കായി നമുക്കാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ദൈവിക അടയാളങ്ങള്‍ കണ്ട് മറന്നവരല്ല, ഒരുങ്ങിയവരാണ് കൃപ സ്വീകരിക്കുന്നത്. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. സഖറിയാ മാലിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.