പ്രസംഗം: സെപ്റ്റംബർ 14, കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

ബ്ര. മാത്യു കുരിശുമ്മൂട്ടില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

രക്ഷയുടെ അടയാളമായ സ്ലീവായുടെ രഹസ്യം ധ്യാനിക്കാനും ആ കുരിശിന്റെ മറുപുറം നിന്നുകൊണ്ട് സ്വര്‍ഗം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ധ്യാനിക്കാനുമായി തിരുസഭ നല്‍കുന്ന അവസരം.

സഭാപിതാവായ വി. ജെറോം സാക്ഷ്യപ്പെടുത്തുക ഇപ്രകാരമാണ്: കാല്‍വരിയിലെ കുരിശ് നാട്ടിയ സ്ഥലവും ഈശോയെ സംസ്‌ക്കരിച്ച സ്ഥലവും ആദ്യനൂറ്റാണ്ടില്‍ തന്നെ ഭരണാധികാരികള്‍ കല്ലും മണ്ണും മാലിന്യങ്ങളും നിറച്ച് മറച്ചിരുന്നു. കാരണം ക്രിസ്തുവിന്റെ മരണസ്ഥലം ഒരു ആരാധനാകേന്ദ്രമായിത്തീരുമെന്ന് റോമന്‍ അധികാരികളും യഹൂദരും ഭയന്നിരുന്നു. കാലങ്ങള്‍ കടന്നുപോയി. അവിടെ വീനസ് ദേവതയുടെയും ജൂപ്പിറ്റര്‍ ദേവന്റെയും ക്ഷേത്രങ്ങള്‍ പണിയപ്പെട്ടു. ഇതോടെ ഈശോയുടെ മരണസ്ഥലവും തിരുക്കല്ലറയും ക്രിസ്ത്യാനികള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ഒരിടമായി മാറി. ഒടുവില്‍ എ.ഡി. 326-ല്‍ ഹെലേന രാജ്ഞി ജെറുസലേമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കി 15 മീറ്ററോളം മണ്ണു മാറ്റി പരിശോധിച്ചപ്പോള്‍ തിരുക്കല്ലറയും കാല്‍വരിമലയും പല കുരിശുകളും ശീര്‍ഷകഫലകവും കണ്ടെത്തി. ശീര്‍ഷകഫലകം വേര്‍പെട്ട നിലയിലായിരുന്നതിനാല്‍ ഈശോയെ തറച്ച കുരിശ് കണ്ടുപിടിക്കാന്‍ മാര്‍ഗ്ഗം നല്‍കിയത് മെത്രനായ വി. മക്കാരിയൂസാണ്. ആസന്നമരണയും മാറാരോഗിയുമായ ഒരുവളെ കൊണ്ടുവന്ന് കുരിശുകളില്‍ മുട്ടിച്ച് പ്രാര്‍ത്ഥിക്കുകയും ഈശോയുടെ കുരിശ് തൊട്ടപ്പോള്‍ അവര്‍ സുഖപ്പെട്ട് ചാടിയെണീറ്റുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

യോഹന്നാന്റെ സുവിശേഷം 3-ാം അധ്യായം 16-ാം വാക്യം, ദൈവം മനുഷ്യനെ അത്രമാത്രം സ്‌നേഹിച്ചതിനാല്‍ തന്റെ ഏകജാതനെ നല്‍കി. പറുദീസായില്‍ നഷ്ടപ്പെട്ടുപോയ മനുഷ്യമക്കളെ സ്വന്തമാക്കാന്‍ തന്റെ ഏകജാതനെ കാല്‍വരിയുടെ മാറില്‍ മൂന്നാണികളില്‍ വിട്ടുകൊടുത്തപ്പോള്‍ പിതാവായ ദൈവത്തിന് ഒരു സ്വപ്നമുണ്ടായിരുന്നു – മനുഷ്യമക്കളെ സ്വര്‍ഗം ഉറ്റുനോക്കാന്‍ പഠിപ്പിക്കുക. സഹനത്തിലും തകര്‍ച്ചയിലും വിതയ്ക്കപ്പെടുന്ന കുരിശ് എന്ന രഹസ്യം വളര്‍ന്ന് പന്തലിക്കുക മഹത്വത്തിലേക്കാണ്.

ഒന്നാമതായി, സുവിശേഷത്തില്‍ വായിച്ചുകേട്ടതു പോലെ, ജെറുസലേമില്‍ നിന്നും എമ്മാവൂസിലേക്ക് യാത്ര ചെയ്യുന്ന ശിഷ്യന്മാരോട് സംഭാഷണമധ്യേ ക്രിസ്തു വെളിപ്പെടുത്തിയത് ഈ കുരിശിന്റെ രഹസ്യമായിരുന്നു. “ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ.” മരണത്തിന്റെ താഴ്‌വാരമായ ജെറുസലേമില്‍ നിന്നും എമ്മാവൂസിലേക്ക് സംരക്ഷണം തേടിപ്പോയതാണ് തന്റെ ശിഷ്യന്മാര്‍. തങ്ങളുടെ ജീവിതങ്ങളില്‍ നഷ്ടപ്പെട്ടുപോയ ഏതാനും വര്‍ഷത്തിന്റെ നഷ്ടബോധം അവരുടെ വാക്കിലും നടപ്പിലും പ്രതിഫലിക്കുന്നുണ്ട്.

മനുഷ്യമക്കളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അവര്‍ മഹത്വത്തിലേക്ക് പ്രവേശിക്കണമെന്നതാണ്. എന്നാല്‍ അതിന്റെ വഴിയാകട്ടെ, സഹനത്തിന്റേതും. എന്നാല്‍ സഹനങ്ങളും കണ്ണുനീരുകളും കടന്നുവരുമ്പോള്‍ അവ ഒഴിവായിക്കിട്ടാനായി നോമ്പെടുത്ത് പ്രാര്‍ത്ഥിക്കാനും തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മനുഷ്യര്‍ മടി കാണിക്കാറില്ല. കുരിശിലേക്കു നോക്കി സമാധാനത്തിനും സന്തോഷത്തിനും വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പിറകില്‍ ക്രിസ്തു കടന്നുപോയ അസമാധാനത്തിന്റെയും കണ്ണുനീരിന്റെയും വേദനയുടെയും മണിക്കൂറുകള്‍ നാം മറക്കരുത്.

കുരിശിലൂടെ ക്രിസ്തു പഠിപ്പിക്കുക, എന്തിന് സഹിക്കണം എന്നല്ല, മറിച്ച് എങ്ങനെ സഹിക്കണം എന്നാണ്. ഗത്സമേന്‍ തോട്ടത്തില്‍, പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എടുത്തുമാറ്റുക എന്ന് പ്രാര്‍ത്ഥിച്ചുവെങ്കിലും അന്ത്യവേളയില്‍ ദൈവത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് ക്രിസ്തു മിഴി പൂട്ടി. ‘പിതാവേ, അങ്ങേ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു’ എന്നു പറയുമ്പോള്‍ നമ്മുടെ ജീവിതങ്ങളില്‍ ഉണ്ടാവുന്ന സഹനങ്ങള്‍ക്കു പിന്നില്‍ ദൈവത്തിന്റെ തിരുവിഷ്ടം ഉണ്ടെന്നുള്ള തിരിച്ചറിവാണ് കുരിശ് നമുക്ക് നല്‍കുക. ഒരു സഹനവും കുരിശില്‍ അവസാനിക്കില്ല. മറിച്ച് അത് ഉത്ഥാനത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. ദൈവത്തിന്റെ വിജ്ഞാനവും അപരിമേയവും കുരിശ് ഉള്‍ക്കൊള്ളുന്നുണ്ട്. അത് മാറ്റമില്ലാത്തതും മാറ്റിക്കളയാന്‍ കഴിയാത്തതുമാണ്. സ്വീകരിക്കുകയാണ് കരണീയം. ക്രിസ്തു പഠിപ്പിച്ചതും നമ്മള്‍ ചെയ്യേണ്ടതും അതാണ്. സഹനങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാണ് എന്നറിഞ്ഞ് അത് സ്വീകരിക്കുക. ലേഖനത്തില്‍ വായിച്ചുകേട്ടതു പോലെ, കുരിശും ക്രൂശിതനും യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്വവുമാണെങ്കിലും രക്ഷയിലൂടെ ചരിക്കുന്നവര്‍ക്ക് അത് ദൈവത്തിന്റെ ശക്തിയാണ്.

രണ്ടാമതായി, കുരിശിന്റെ രഹസ്യം നമ്മോട് ഉപേക്ഷകള്‍ ആവശ്യപ്പെടുന്നുണ്ട്. കുരിശിന്റെ മാര്‍ഗ്ഗത്തിലേക്ക് നമ്മുടെ ജീവിതങ്ങളെ തിരിച്ചുവിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് പലതും ഉപേക്ഷിക്കേണ്ടി വരും. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍, സുരക്ഷിത സുഖമാര്‍ഗ്ഗങ്ങള്‍, ഭാവിസ്വപ്നങ്ങള്‍ അങ്ങനെ പലതും. അതുകൊണ്ടു തന്നെ പലരും കുരിശിനെ സമീപിക്കുക സക്കേവൂസിനെപ്പോലെയാണ്. അവന്‍ ശാരീരികമായി പൊക്കക്കുറവ് ഉള്ളവനായിരുന്നു. ആത്മീയമായും അങ്ങനെ തന്നെ. അവനറിയാമായിരുന്നു ക്രിസ്തുവിന്റെ അടുത്തു വന്നാല്‍ സകലതും ഉപേക്ഷിക്കേണ്ടി വരുമെന്ന്. കാരണം, മുന്‍സംഭവങ്ങള്‍ അവനെ പഠിപ്പിച്ചത് അപ്രകാരമാണ്. പത്രോസിന് വഞ്ചിയും വലയും ഉപേക്ഷിക്കേണ്ടി വന്നു, പാപിനിയായ സ്ത്രീക്ക് സുഗന്ധതൈലം ഒഴുക്കിക്കളയേണ്ടി വന്നു. തനിക്കും അങ്ങനെ തന്നെ സംഭവിക്കുമെന്ന് ഭയന്ന് സ്വാര്‍ത്ഥതയുടെ സിക്കമൂര്‍ മരത്തില്‍ ഒളിച്ചിരുന്ന് ക്രിസ്തുവിനെ കണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ അവന്‍ ആഗ്രഹിച്ചു. നമ്മുടെ ജീവിതപോരായ്മകളുടെയും കുറവുകളുടെയും നദീതീരത്ത് നട്ടുവളര്‍ത്തിയ സിക്കമൂര്‍ മരത്തിന്റെ പിറകില്‍ നിന്ന് കുരിശിനെ ഉറ്റുനോക്കി പഴയകാലങ്ങളിലേക്ക് തിരികെപ്പോകാന്‍ നാം തിടുക്കം കൂട്ടുന്നു. കാരണം, കുരിശിന്റെ ദര്‍ശനമേറ്റാല്‍ അത് ആവശ്യപ്പെടുന്ന സഹനങ്ങളും ഉപേക്ഷകളും സ്വീകരിക്കുവാന്‍ നാം തയ്യാറല്ല.

ഒരിക്കല്‍ ഞാന്‍ അമ്മയോട് ചോദിച്ചു: “അമ്മേ, എന്തുകൊണ്ടാണ് അമ്മ കുരിശിന്റെ മുമ്പില്‍ നിന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്?” അമ്മയുടെ മറുപടി ഇപ്രകാരമായിരുന്നു: “ഈ കുരിശിന്റെ മുമ്പില്‍ നിന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ കാലം മുതല്‍ എനിക്ക് സങ്കടവും കണ്ണുനീരും നഷ്ടപ്പെടലും മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്കിലും ഞാന്‍ നില്‍ക്കും.” ഈ ‘എങ്കില്‍’ ഒരു മകന്‍ ഇനിയും യാത്ര ചെയ്തുതീര്‍ക്കേണ്ട ദൈര്‍ഘ്യമാണ് എന്നാണ് ഞാന്‍ മനസിലാക്കുക.

ക്രിസ്തുവിന്റെ സഹനത്തിന്റെ ഉത്തരമായ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുമ്പോള്‍ സ ഹനങ്ങളെ നമ്മുടെ ജീവിതങ്ങളിലേക്ക് സ്വീകരിക്കാനായിട്ടുള്ള കൃപയ്ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. നമുക്കു വേണ്ടി സകലതും ഉപേക്ഷിച്ച ക്രിസ്തുവിനെപ്പോലെ അവിടുത്തെ മഹത്വത്തിലേക്ക് എത്തിച്ചേരാനുള്ള കൃപ ദൈവം നമുക്ക് നല്‍കട്ടെ. ആമ്മേന്‍.

ബ്ര. മാത്യു കുരിശുമ്മൂട്ടില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.