ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം ഒന്നാം ഞായർ സെപ്റ്റംബർ 11, ഈശോയിലേക്ക് രൂപാന്തരപ്പെടുക

ബ്ര. ജിബിന്‍ താക്കോല്‍ക്കാരന്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് ഇന്ന് നമ്മുടെ വിചിന്തനത്തിനായി തന്നിരിക്കുന്നത്, വി. മര്‍ക്കോസിന്റെ സുവിശേഷം 9-ാം അധ്യായം 2 മുതല്‍ 13 വരെയുള്ള തിരുവചനഭാഗങ്ങളാണ്. യേശുവിന്റെ രൂപാന്തരീകരണത്തെയും അതു ദര്‍ശിച്ച ശിഷ്യസമൂഹത്തിന്റെ മനോഭാവത്തെയുമാണ് ഇന്നത്തെ സുവിശേഷം ചൂണ്ടിക്കാട്ടുന്നത്.

പഴയനിയമ വായനയായ പുറപ്പാടിന്റെ പുസ്തകം പറഞ്ഞുവയ്ക്കുക, നാല്‍പത് രാവും നാല്‍പത് പകലും ദൈവത്തിന്റെ ഒപ്പമായിരുന്ന് അവിടുത്തെ മഹത്വം ദര്‍ശിച്ച മോശയില്‍ വരുന്ന രൂപമാറ്റമാണ്. സീനായ് മലയില്‍ നിന്നും ഇറങ്ങിവരുന്ന മോശയുടെ മുമ്പില്‍ നിന്ന് ഇസ്രായേല്‍ ജനം ഭയപ്പെട്ട് മാറുന്നു.

രണ്ടാം വായനയായ ദിനവൃത്താന്ത പുസ്തകത്തില്‍ നാം കാണുന്നത്, ദൈവികതേജസ് ഒരു മേഘം പോലെ ദൈവാലയത്തിലേക്ക് ഇറങ്ങിവരുന്നതും ആ മഹത്വത്തിന്റെ പൂര്‍ണ്ണതയില്‍ ശുശ്രൂഷ പോലും ചെയ്യാന്‍ സാധിക്കാതെ മാറിനില്‍ക്കുന്ന പുരോഹിതരെയുമാണ്. ലേഖനത്തില്‍ നാം കാണുന്നത്, ദൈവികചൈതന്യമില്ലാത്ത നശ്വരതയെ വിട്ട് അനശ്വരമായതിനെ ലക്ഷ്യമാക്കി ജീവിക്കാന്‍ വി. പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയെ പ്രബോധിപ്പിക്കുന്ന ഭാഗമാണ്. ഈ വായനകളെല്ലാം സൂചിപ്പിക്കുന്നത് തേജോമുഖമായ ദൈവത്തിനു മുമ്പില്‍ മനുഷ്യന്‍ എത്രമാത്രം നൈര്‍മ്മല്യത്തോടും വിശുദ്ധിയോടും കൂടി നിലകൊള്ളണമെന്നാണ്.

യേശുവിന്റെ രൂപമാറ്റത്തെ വി. അംബ്രോസ് വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ‘സ്വഭാവത്തിന്റെ രൂപമാറ്റമല്ല, മഹത്വത്തിന്റെ രൂപമാറ്റമാണ് യേശുവിന് ഉണ്ടായത്.’ സഭയുടെ വിഖ്യാത ദൈവശാസ്ത്രജ്ഞനും വേദപാരംഗതനുമായ വി. തോമസ് അക്വീനാസ് പറയുന്നു. ‘ജോര്‍ദ്ദാനിലെ ജ്ഞാനസ്‌നാനത്തെ അനുസ്മരിപ്പിക്കുകയും സ്വര്‍ഗീയജീവിതത്തിന്റെ പൂര്‍ണ്ണത കാണിച്ചുതരികയും ചെയ്ത രൂപാന്തരീകരണ മനോഭാവമാണ് യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതം.’

ഈ വലിയ അത്ഭുതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ തിരിച്ചറിയാന്‍ ഈശോയുടെ ശിഷ്യന്മാര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് പുത്രന്‍ പൂര്‍ത്തിയാക്കേണ്ട പിതാവിന്റെ ഹിതത്തെപ്പറ്റി വ്യക്തതയില്ലാതെ മൂന്ന് കൂടാരങ്ങള്‍ പണിയാം എന്ന് ശിഷ്യപ്രമുഖന്‍ പത്രോസ് വിളിച്ചുപറയുന്നത്. കാരണം അവരുടെ ചിന്ത നീങ്ങുന്നത് ബാഹ്യരീതിയിലാണ്. നശ്വരമായ കൂടാരങ്ങള്‍ യേശുവിനു വേണ്ടി മണ്ണില്‍ മെനയാന്‍ ആഗ്രഹിക്കുന്നു. ആറ് ദിവസങ്ങള്‍ക്കു മുമ്പേ കേസറിയ ഫിലിപ്പിയില്‍ വച്ച് ഗുരുവിന്റെ ചോദ്യത്തിനു മുന്നില്‍ ഉറച്ച സ്വരത്തില്‍ പത്രോസ് ഏറ്റുപറഞ്ഞതാണ് ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്’ (മര്‍ക്കോ. 8:29) എന്ന്. പക്ഷേ, ആറ് രാപ്പകലുകള്‍ക്കിപ്പുറം ലേകത്തിന്റെ ബാഹ്യമായ തലത്തിലേക്ക് യേശുവിനെ ചേര്‍ത്തുവച്ച് വാസസ്ഥലമൊരുക്കാനും കൂടാരം മെനയാനും തിടുക്കം കാട്ടുന്ന പത്രോസിനെയാണ് നാം കാണുന്നത്. യേശുവിന്റെ ഒപ്പം ഇത്രകാലം നടന്നിട്ടും അവന്റെ വചനങ്ങള്‍ ശ്രവിച്ചിട്ടും അത്ഭുതങ്ങള്‍ കണ്ടിട്ടും അവരുടെ പഴയകാല ജീവിതത്തില്‍ നിന്നും ദൈവത്തിങ്കലേക്ക് ഒരു രൂപാന്തരീകരണം നടത്താന്‍ ശിഷ്യന്മാര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാവണം കോഴികൂവലുകളും ഒറ്റുകാരന്റെ സ്‌നേഹചുംബനങ്ങളും ഏകാന്തതയുടെ അവസാന നിമിഷങ്ങളും യേശു സ്വപ്നം കണ്ടുതുടങ്ങിയത്.

ഒരു കഥ ഇപ്രകാരമാണ്: ഡാവിഞ്ചി വരയ്ക്കുന്ന സമയം ക്രിസ്തുവിന്റെ രൂപം വരയ്ക്കാനായി ഒരു മോഡലിനെ തേടി അയാള്‍ പ്രഭുമന്ദിരങ്ങളിലും രാജകൊട്ടാരങ്ങളിലും കയറിയിറങ്ങി. ഒടുവില്‍ ഒരു അഗതിമന്ദിരത്തിലെ ശുശ്രൂഷകനില്‍ തന്റെയുള്ളിലെ ക്രിസ്തുവിന്റെ രൂപവുമായി സാദൃശ്യമുള്ള ഒരുവനെ കണ്ടെത്തി. അയാളെ വച്ച് ഡാവിഞ്ചി ക്രിസ്തുവിന്റെ ചിത്രം മനോഹരമായി വരച്ചുതീര്‍ത്തു. നാളുകള്‍ പിന്നിട്ട് ശിഷ്യസമൂഹത്തില്‍ പതിനൊന്നു പേരെയും വരച്ചുകഴിഞ്ഞു. ഇനിയുള്ളത് യൂദാസാണ്. ഡാവിഞ്ചി വീണ്ടും തിരയാന്‍ തുടങ്ങി. അവസാനം ഇറ്റലിയിലെ ഇരുട്ടറയ്ക്കുള്ളില്‍ ഡാവിഞ്ചി തന്റെ യൂദാസിനെ കണ്ടുമുട്ടി. അയാളെ വച്ച് ഡാവിഞ്ചി യൂദാസിനെ വരയ്ക്കുകയാണ്. താന്‍ ഇയാളെ ഇതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു തോന്നല്‍. ഡാവിഞ്ചി ചോദിച്ചു: ഇതിനു മുമ്പ് നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഒരിക്കല്‍ നിങ്ങള്‍ എന്നെ അന്വേഷിച്ചു വന്നിരുന്നു. അന്ന് പക്ഷേ ഈ ചിത്രത്തിലെ ക്രിസ്തുവിനെ വരയ്ക്കാനായിരുന്നു. അയാളുടെ മറുപടിയില്‍ നിശബ്ദനായ ഡാവിഞ്ചിയുടെ കയ്യില്‍ നിന്ന് പെയിന്റ് നിറച്ച പാത്രം താഴെ വീണ് കഷണങ്ങളായി ചിതറി.

സ്‌നേഹമുള്ളവരേ, ഒരു രൂപാന്തരീകരണത്തിന് അധികം സമയമൊന്നും വേണ്ട. വി. അഗസ്തീനോസ് പറയുന്നു: ‘Every Saint ha a past & Every Sinner has a Future’ – എല്ലാ വിശുദ്ധനും ഒരു ഭൂതകാലമുണ്ട്; എല്ലാ പാപിക്കും ഒരു ഭാവികാലവുമുണ്ട്. ആകയാല്‍ കുറവുകളും ബലഹീനതകളും വീഴ്ചകളും എല്ലാമുള്ള നമ്മുടെ ജീവിതത്തെ ദൈവത്തിന് സമര്‍പ്പിക്കാം.

ഏലിയാ സ്ലീവാ മൂശാക്കാലം ഒന്നാം ഞായറാഴ്ച, തിരുസഭാ മാതാവ് നമ്മോട് ആവശ്യപ്പെടുന്നത് ദൈവത്തിങ്കലേക്കുള്ള മനസിന്റെ രൂപാന്തരീകരണമാണ്. ഈ രൂപാന്തരീകരണമെന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയാണ്. ശിഷ്യന്മാരുടെ ജീവിതത്തില്‍ ദൈവാത്മാവ് വന്നുനിറയുമ്പോഴാണ് യേശുവിനെ പ്രഘോഷിക്കാനും ലോകം മുഴുവന്‍ അവന്റെ സുവിശേഷം എത്തിക്കാനും അവരുടെ ഹൃദയവും മനസും പാകപ്പെട്ടത്.

സ്‌നേഹമുള്ളവരേ, ശിഷ്യന്മാരുടെ ജീവിതത്തില്‍ സംഭവിച്ചതുപോലെ മനസിന്റെ രൂപാന്തരീകരണത്തിനായി നമുക്ക് പരിശുദ്ധാത്മാവിന്റെ ഒരു നല്ല ഇടപെടലിനായി പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം. തിരുസഭയില്‍ നമ്മള്‍ സ്വീകരിക്കുന്ന ഓരോ കൂദാശകളിലൂടെയും നമ്മള്‍ രൂപാന്തരീകരണം പ്രാപിക്കുകയാണ്. മാമ്മോദീസായിലൂടെ നമുക്ക് ലഭിച്ച ചൈതന്യം പിന്നീടുള്ള ഓരോ കൂദാശകളിലൂടെയും നവീകരിക്കപ്പെടുകയും ക്രിസ്തു നമ്മില്‍ രൂപം പ്രാപിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലേക്കുള്ള രൂപാന്തരീകരണം നമ്മില്‍ അനുദിനം നടത്തേണ്ടതാണ്. ഇതിന് തിന്മയോട് ‘നോ’ പറയാനും നന്മയോട് ‘യെസ്’ പറയാനും നമുക്ക് സാധിക്കണം. ഇത്തരത്തില്‍ സ്വന്തം ജീവിതത്തില്‍ രൂപാന്തരീകരണം പ്രാപിച്ച അനേകം മാതൃകകള്‍ നമുക്ക് മുമ്പിലുണ്ട്.

അപരനില്‍ ക്രിസ്തുവിനെ കണ്ട് വാരിപ്പുണര്‍ന്ന ഫ്രാന്‍സിസ് അസീസിയും, കൊല്‍ക്കത്തയിലെ ചേരികളില്‍ ഈശോയെ കണ്ടെത്തിയ മദര്‍ തെരേസയും, ആരാരുമില്ലാത്ത കുഷ്ഠരോഗികളുടെ ജീവിതത്തില്‍ രൂപാന്തരീകരണം കൊണ്ടുവന്ന മൊളോക്കോയിലെ ഫാ. ഡാമിയാനും നമുക്ക് കാണിച്ചുതരുന്ന മാതൃക, എന്നിലെ ക്രിസ്തുവിനെ രൂപപ്പെടുത്താനുള്ള അവസരങ്ങളാണെന്ന് തിരിച്ചറിയാം. ആത്മാവിന്റെ നിറവില്‍ നിന്ന് മറ്റുള്ളവരില്‍ ക്രിസ്തുവിനെ കണ്ട് നന്മ ചെയ്യാന്‍ നമുക്ക് കഴിയട്ടെ. അങ്ങനെ ഇന്നിന്റെ ലോകത്ത് സാന്നിധ്യം കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമുക്ക് യേശുവിന്റെ നല്ല ശിഷ്യരായി മാറാം.
സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിബിന്‍ താക്കോല്‍ക്കാരന്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.