ഞായർ പ്രസംഗം, കൈത്താക്കാലം നാലാം ഞായർ ആഗസ്റ്റ് 14, നിധി സ്വന്തമാക്കാന്‍

ബ്ര. ജോഷി തുപ്പലഞ്ഞിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

മിശിഹായില്‍ സ്ഥാപിതമായ തിരുസഭയുടെ വളര്‍ച്ചയുടെയും ഫലംചൂടലിന്റെയും ചിന്തകള്‍ ധ്യാനവിഷയമാക്കുന്ന കൈത്താക്കാലത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ വി. മത്തായിയുടെ സുവിശേഷം 13-ാം അധ്യായം 44 മുതല്‍ 52 വരെയുള്ള തിരുവചനങ്ങളാണ് വചനവിചിന്തനത്തിനായി സ ഭാമാതാവ് നമുക്ക് നല്‍കിയിരിക്കുന്നത്.

ശ്ലീഹന്മാരാകുന്ന തൂണുകളില്‍ പണിയപ്പെട്ട സഭയെക്കുറിച്ചും മിശിഹായോടു ചേര്‍ന്ന് ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും സഭയിലെ വിവിധ ശുശ്രൂഷകളെക്കുറിച്ചും കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി നാം ധ്യാനിക്കുകയുണ്ടായി. ഇത്തരത്തില്‍ ഫലം ചൂടിനില്‍ക്കുന്ന സഭയുടെ ശ്രേഷ്ഠഫലമായ ദൈവരാജ്യം എന്ന മഹാനിധിയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിലെ വളരെ ലളിതമായ മൂന്ന് ഉപമകളിലൂടെ ഈശോ നമുക്ക് പറഞ്ഞുതരുന്നത്.

ട്രെഷര്‍ ഹണ്ട് എന്ന രസകരമായ മത്സരം നമ്മില്‍ പലര്‍ക്കും സുപരിചിതമാണ്. സൂചനകള്‍ തിരിച്ചറിഞ്ഞ് മറഞ്ഞിരിക്കുന്ന നിധി – ട്രെഷര്‍ – കണ്ടെത്തുന്നയാള്‍ മത്സരത്തില്‍ വിജയിക്കും. തന്നിരിക്കുന്ന സൂചനകളെ കൃത്യമായും വേഗത്തിലും മനസിലാക്കുക എന്നതിലാണ് മത്സരത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. മത്തായിയുടെ സുവിശേഷം 13-ാം അധ്യായവും ഇത്തരത്തിലൊരു ട്രെഷര്‍ ഹണ്ട് മത്സരത്തിന്റെ സൂചനകള്‍ നിറഞ്ഞതാണ്. സ്വര്‍ഗരാജ്യം എന്ന നിധി കണ്ടെത്താനുള്ള സൂചനകള്‍ വളരെ ലളിതമായി ഈശോ അവതരിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനഘടകമായ ദൈവരാജ്യം എപ്രകാരം സ്വന്തമാക്കണം, അതിന് നാം നല്‍കേണ്ട വില എന്ത് എന്നുള്ള സൂചനകളാണ് ഇന്നത്തെ തിരുവചനവായനകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

പഴയനിയമത്തിലെ ദൈവരാജ്യപ്രതീകമായ കാനാന്‍ ദേശത്ത് പ്രവേശിച്ചുകഴിയുമ്പോള്‍ ഇസ്രായേല്‍ സമൂഹം പാലിക്കേണ്ട സുപ്രധാനമായ കല്‍പനകളെക്കുറിച്ചാണ് നിയമാവര്‍ത്തന പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍ നാം വായിച്ചുകേട്ടത്. ഏകദൈവ വിശ്വാസം ജീവിക്കുക, പ്രഘോഷിക്കുക, കൈമാറ്റം ചെയ്യുക എന്നതൊക്കെ ദൈവജനത്തിന്റെ കടമയാണെന്നും അതുവഴി ദൈവം നല്‍കുന്ന കാനാന്‍ ദേശത്ത് അനുഗ്രഹപ്രദമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്നും ഈ വായന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വലിയ പ്രവാചകന്മാരില്‍ ഒരുവനായ എസെക്കിയേലിന്റെ പ്രവാചകദൗത്യത്തെക്കുറിച്ചാണ് രണ്ടാം വായനയില്‍ നാം ശ്രവിച്ചത്. ദൈവഹിതത്തെ അറിയുകയും അത് മറ്റുള്ളവരെ അറിയിക്കുകയും അങ്ങനെ ദൈവരാജ്യത്തിലേക്ക് ജനത്തെ നയിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥമായ പ്രവാചകദൗത്യം. ഇപ്രകാരം മറ്റുള്ളവരുടെ കാവല്‍ക്കാരായി ഏവരെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കാനുള്ളവരാണ് ഓരോ ക്രിസ്ത്യാനിയും എന്ന് എസെക്കിയേല്‍ പ്രവാചകന്റെ മാതൃക നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തില്‍ മറ്റുള്ളവരെ കരുതുകയും പരസ്പരം സ്‌നേഹത്തിലും വിശ്വാസത്തിലും വളര്‍ന്നുവരികയും ചെയ്യുന്ന തെസലോനിക്കയിലെ സഭയെ അഭിനന്ദിക്കുകയുമാണ് വി. പൗലോസ് ശ്ലീഹാ ലേഖനഭാഗത്ത്. വിശുദ്ധിയും യഥാര്‍ത്ഥ വിശ്വാസവും പാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും വഴി ദൈവരാജ്യം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പ്രശസ്ത ഫ്രഞ്ച് തത്വചിന്തകന്‍ പോള്‍ വിക്ക്വര്‍ ഇന്നത്തെ വചനഭാഗത്തെ വ്യാഖ്യാനിക്കുക ഇപ്രകാരമാണ്: ‘He Finds, He Looses and He Chooeses’ – അന്വേഷിച്ച് കണ്ടെത്തുക, നിലവിലുള്ളത് നഷ്ടമാക്കുക, ശ്രേഷ്ഠമായത് തിരഞ്ഞെടുക്കുക. സ്വര്‍ഗരാജ്യം എന്ന നിധിക്കു വേണ്ടി ഒരാള്‍ പരിശ്രമിക്കേണ്ട മൂന്ന് ദൂരങ്ങളാണിവ. ശ്രദ്ധിക്കേണ്ട മൂന്ന് സൂചനകളാണിവ.

പുരാതനകാലത്ത് നിരന്തരമായ യുദ്ധങ്ങളും കലാപങ്ങളും അലട്ടിയിരുന്നപ്പോള്‍ ആളുകള്‍ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൃഷിയിടങ്ങളില്‍ കുഴിച്ചിടുക പതിവായിരുന്നു. ഇപ്രകാരം സമ്പത്ത് സൂക്ഷിച്ചുവച്ച വ്യക്തി മരണപ്പെടുകയോ, അവിടെ നിന്ന് പോകേണ്ട സാഹചര്യമോ ഉണ്ടായാല്‍ കുഴിച്ചിട്ട സമ്പത്ത് കണ്ടെത്തുന്ന ആര്‍ക്കും കരസ്ഥമാക്കാന്‍ സാധിക്കുന്ന നിധിയായി മാറുന്നു. ഈയൊരു പശ്ചാത്തലത്തിലാകാം ദൈവരാജ്യം എന്നത് വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിയായി ഈശോ അവതരിപ്പിക്കുന്നത്. നല്ല രത്‌നം അന്വേഷിച്ചു കണ്ടെത്തുന്ന വ്യാപാരിയും മറ്റെല്ലാം വിട്ട് അത് സ്വന്തമാക്കാന്‍ ശ്രമിക്കും. നിധിക്കു വേണ്ടിയും രത്‌നത്തിനു വേണ്ടിയുമുള്ള അന്വേഷണവും കണ്ടെത്തലുമാണ് ദൈവരാജ്യം സ്വന്തമാക്കാന്‍ ഒരാള്‍ സഞ്ചരിക്കേണ്ട ആദ്യ ദൂരം. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തുമെന്ന യേശുവിന്റെ പ്രഖ്യാപനത്തിലും ഈ സൂചന നിഴലിക്കുന്നുണ്ട്. ജെറമിയാ പ്രവാചകന്റെ പുസ്തകം 29-ാം അധ്യായം 13-ാം വാക്യം: “നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്ന് കര്‍ത്താവ് അരുള്‍ചെയ്യുന്നു.”

അന്വേഷിച്ചു കണ്ടെത്തിയ ദൈവരാജ്യം എന്ന നിധിയിലേക്കുള്ള അടുത്ത ദൂരം നിസ്സാരങ്ങളായവയെ ഉപേക്ഷിക്കുക എന്നതാണ്. വില കുറഞ്ഞ രത്‌നങ്ങളെ വിറ്റ് വിലയേറിയതിനെ സ്വന്തമാക്കാന്‍ നാം ശ്രമിച്ചില്ലെങ്കില്‍ വലിയ നഷ്ടമാകും സംഭവിക്കുക. ഉപേക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കെല്ലാം അറിയാം. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; പിന്നെ വന്ന് എന്നെ അനുഗമിക്കുക എന്ന് ധനികനായ ലുവാസിനോടു പറഞ്ഞ ഈശോ, ഈ ദൂരം താണ്ടാനാണ് അവന് സൂചന നല്‍കുന്നത്. എന്നാല്‍ യഥാര്‍ത്ഥ നിധിയെ മനസിലാക്കാതെ അവന്‍ ആ രത്‌നത്തെ നഷ്ടമാക്കുന്നു. വലയും വഞ്ചിയും ചുങ്കപ്പണവും ഉപേക്ഷിക്കാന്‍ തയ്യാറായതുകൊണ്ടാണ് സഭയുടെ അടിസ്ഥാനങ്ങളായി പ്രശോഭിക്കാന്‍ ശ്ലീഹന്മാര്‍ക്ക് സാധിച്ചത്. അവനെപ്രതി ഞാന്‍ സകലതും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ് എന്ന് വി. പൗലോസ് ശ്ലീഹായുടെ പ്രഖ്യാപനവും ഉപേക്ഷിക്കുക എന്ന രണ്ടാമത്തെ സൂചനയുടെ നിഴലിലാണ്. സക്കേവൂസിനെപ്പോലെ ദൈവരാജ്യം എന്ന നിധിക്കു വേണ്ടി ചില പണസഞ്ചികള്‍ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ഇപ്രകാരം എല്ലാം ഉപേക്ഷിച്ച നാം പിന്നിടേണ്ട അടുത്ത ദൂരം ശ്രേഷ്ഠമായതിനെ തെരഞ്ഞെടുക്കുക എന്നതാണ്. അന്വേഷിച്ചു കണ്ടെത്തി നിലവിലുള്ളത് നഷ്ടമാക്കി എത്തുമ്പോള്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. വിശപ്പുള്ളപ്പോള്‍ ഏതു പഴവും മധുരമായി തോന്നാം എന്നതിലെ ചതി നമുക്കും സംഭവിക്കാം. കടലില്‍ എറിയപ്പെട്ട വലയിലെ ഉപമയിലൂടെ യുഗാന്ത്യത്തിലെ തെരഞ്ഞെടുപ്പ് അവതരിപ്പിക്കുന്ന ക്രിസ്തു യഥാര്‍ത്ഥ തിരഞ്ഞെടുപ്പിന്റെ ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇതാ ഇവിടെ, അതാ അവിടെ എന്നുപറഞ്ഞ് സാത്താന്‍ വരെ സ്വര്‍ഗരാജ്യം അവതരിപ്പിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ശ്രേഷ്ഠമായതിനെ തിരഞ്ഞെടുക്കുക എന്നത് ഏറെ സങ്കീര്‍ണ്ണവും ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ടതുമാണ്.

വചനത്തിലുള്ള ആഴമായ പഠനവും മിശിഹായെ തിരിച്ചറിയാനുള്ള ജ്ഞാനവും ഉണ്ടായിട്ടും ക്രിസ്തുവിനെ അവിശ്വസിച്ച് സ്വര്‍ഗരാജ്യം എന്ന നിധി നഷ്ടമാക്കിയ നിയമജ്ഞനെക്കുറിച്ചുമുള്ള ഭാഗമാണ് ഇന്നത്തെ വായനക്കു ശേഷം വരുന്നത്. ഈശോ തരുന്ന സൂചനകളെ മനസിലാക്കി സ്വര്‍ഗരാജ്യം സ്വന്തമാക്കുന്നതിലാണ് യഥാര്‍ത്ഥ സന്തോഷം അടങ്ങിയിരിക്കുന്നത്. പത്രോസ് ശ്ലീഹാ എഴുതിയ രണ്ടാം ലേഖനം 1-ാം അധ്യായം 10-ാം വാക്യത്തിലൂടെ ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: “ആകയാല്‍, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.”

യഥാര്‍ത്ഥ സൂചനകളെ തിരിച്ചറിഞ്ഞ് ഈ മൂന്ന് ദൂരങ്ങള്‍ താണ്ടാവുന്ന ശിഷ്യന് ദൈവരാജ്യം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഈശോ ഉറപ്പു നല്‍കുന്നു. അതിനാല്‍ ഈശോ അവതരിപ്പിക്കുന്ന നിധിയും രത്‌നവും സ്വന്തമാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ പാലിച്ച് മഹത്തായ ദൈവരാജ്യം നമുക്ക് സ്വന്തമാക്കാം. ദൈവരാജ്യം എന്ന ശ്രേഷ്ഠനിധിയിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് കരുത്തേകുന്ന വിശുദ്ധ കുര്‍ബാനമധ്യേ നാം ആയിരിക്കുമ്പോള്‍ യഥാര്‍ത്ഥ നിധിയായ ഈശോയെ സ്വന്തമാക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

അന്വേഷിച്ചു കണ്ടെത്തി നിലവിലുള്ളത് നഷ്ടമാക്കി ശ്രേഷ്ഠമായ തിരഞ്ഞെടുപ്പ് നടത്താന്‍ ദിവ്യകാരുണ്യനാഥന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോഷി തുപ്പലഞ്ഞിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.